ഇന്ത്യന്‍ വിപണിയെ ഭരിച്ച സച്ചിനെന്ന ബ്രാന്‍റ്.!

കളിയുടെ കാര്യത്തില്‍ സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ എങ്ങനെ സ്വാധീനിച്ചു, ഒരു തലമുറയെ എങ്ങനെ  ഉണര്‍ത്തി എന്നതൊക്കെ ക്രിക്കറ്റ് പണ്ഡിറ്റുകള്‍ മാറി മാറി ദശകങ്ങളായി വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ സച്ചിന്‍ എന്ന ഒരു ബ്രാന്‍ഡിനെ ഇന്ത്യ എങ്ങനെ കണ്ടു എന്നതും രസകരമാണ്. 

how sachin tendulkar brand inspired indian market vvk
Author
First Published Apr 23, 2023, 4:08 PM IST

മ്പത് വയസ് തികയുന്ന ഒരു മനുഷ്യന്‍റെ 25 വര്‍ഷത്തിലേറെ ചെലവഴിച്ചത് കളിക്കളത്തിലാണ്. ഇപ്പോഴും ബൌണ്ടറി ലൈനിന് തൊട്ടരികില്‍ തന്നെ ഉപദേഷ്ടാവായും മെന്‍ററായുമെല്ലാം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ആ മനുഷ്യനെ കാണാം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 50 വയസ് എന്നത് ഒരു സംഖ്യക്ക് അപ്പുറം ഇന്ത്യയില്‍ ഒരു ബ്രാന്‍ഡ് 50 വര്‍ഷം പിന്നിടുന്നു എന്നത് കൂടിയാണ്. അതേ സച്ചിന്‍ എന്ന ബ്രാന്‍ഡിനും 50 തികയുകയാണ്.

ക്രിക്കറ്റ് എന്നത് ഇന്ത്യന്‍ ജനതയുടെ ജീനില്‍ ലഭിച്ച ഒരു ഭ്രമവും, കായിക ആസ്വദനവുമാണ്. അടുത്തിടെ ഒരു സ്റ്റാന്‍ഡ് അപ് കോമേഡിയന്‍റെ റീല്‍സ് കണ്ടു. അയാള്‍ പറയുന്ന ഒരു കാര്യമുണ്ട്. 90 കളിലെ അല്ലെങ്കില്‍ 2000ത്തില്‍ ജനിച്ച പലരും ഇപ്പോഴും ആളൊഴിഞ്ഞ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ബൗളിംഗ് ആക്ഷനോ, ബാറ്റിംഗ് ആക്ഷനോ അനുകരിക്കാറുണ്ട്. വളരെ വിചിത്രമാണ്, പക്ഷെ ഇന്ത്യയില്‍ സാധാരണമാണ്. ഇത്തരം ഒരു ജനിതക ക്രിക്കറ്റ് ബന്ധം ഇന്ത്യക്കാരനില്‍ ഉണ്ടാക്കിയതില്‍ സച്ചിന്‍ എന്ന വ്യക്തിക്ക് ഏറെ പങ്കുണ്ട്.

കളിയുടെ കാര്യത്തില്‍ സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ എങ്ങനെ സ്വാധീനിച്ചു, ഒരു തലമുറയെ എങ്ങനെ  ഉണര്‍ത്തി എന്നതൊക്കെ ക്രിക്കറ്റ് പണ്ഡിറ്റുകള്‍ മാറി മാറി ദശകങ്ങളായി വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ സച്ചിന്‍ എന്ന ഒരു ബ്രാന്‍ഡിനെ ഇന്ത്യ എങ്ങനെ കണ്ടു എന്നതും രസകരമാണ്. ക്രിക്കറ്റിനോടുള്ള ഇന്ത്യയുടെ ഭ്രമം ശരിക്കും ചൂട് പിടിക്കുന്നത് 1983ലെ ലോകകപ്പ് വിജയത്തിന് ശേഷമാണ്. തുടര്‍ന്ന് ടിവിയുടെ പ്രചാരവും, ക്രിക്കറ്റിന്‍റെ ജനപ്രിയത കുത്തനെ ഉയര്‍ത്തി. അത്തരം ഒരു സുവര്‍ണ്ണയുഗം ആരംഭിക്കുന്ന കാലത്താണ് ഒരു ഡ്രീം ബോയി ആയി സച്ചിന്‍ അവതരിക്കുന്നത്.

ക്രിക്കറ്റിന്‍റെ ഈ ജനപ്രിയത തങ്ങളുടെ മാര്‍ക്കറ്റിംഗിനായി ഇന്ത്യന്‍ വിപണിയും ഉപയോഗിക്കാന്‍ തുടങ്ങിയ കാലമായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യന്‍ പരസ്യമേഖലയുടെ പോസ്റ്റര്‍ ബോയി എന്ന നിലയിലേക്ക് സ്വഭാവികമായി കളത്തിലെ സൂപ്പര്‍താരം എന്ന നിലയില്‍ സച്ചിന്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. സാമ്പത്തിക സാമൂഹ്യ രംഗത്തും വലിയ മാറ്റം വന്ന കാലമായിരുന്നു തൊണ്ണൂറുകളുടെ ആദ്യം. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ വിപണിയില്‍ വന്‍ ഊര്‍ജ്ജം നിറച്ചു. പരസ്യങ്ങളുടെയും ബ്രാന്‍റുകളുടെയും കുത്തൊഴുക്കില്‍. ആളുകള്‍ സച്ചിന്‍റെ മുഖമുള്ള ബ്രാന്‍റുകളെ ശ്രദ്ധിക്കാന്‍ തുടങ്ങി.

സച്ചിന്‍ വിരമിക്കുന്ന കാലത്തോളം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട ബൂസ്റ്റിന്‍റെ കാര്യം തന്നെ എടുത്താല്‍. സച്ചിന് മുന്‍പ് കപില്‍ദേവായിരുന്നു അതിന്‍റെ ബ്രാന്‍റ് അംബാസിഡര്‍ അതിലേക്ക് അതിഥിയായി എത്തിയ സച്ചിന്‍ പിന്നെ വിരമിക്കുന്ന കാലത്തോളം ബൂസ്റ്റിന്‍റെ മോഡലായിരുന്നു. സച്ചിന്‍ മോഡലായി വന്ന് പറഞ്ഞ 'ബൂസ്റ്റ് ഈസ് സീക്രട്ട് ഓഫ് മൈ എനര്‍ജി' എന്ന വാചകം വെറുതെ പോലും പറയാത്ത കുട്ടികള്‍ അന്നില്ല. ഇത് പോലെ തന്നെയാണ് എംആര്‍എഫ് എന്ന ബ്രാന്‍റും സച്ചിന്‍ പതിറ്റാണ്ടുകളോളം എംആര്‍എഫ് ബാറ്റുമായാണ് കളിച്ചത്. അതിനാല്‍ തന്നെ അന്നത്തെ കുട്ടികള്‍ തടികൊണ്ട് വെട്ടി ബാറ്റുണ്ടാക്കിയാലും, അതില്‍ കരിക്കട്ടകൊണ്ട് എംആര്‍എഫ് എന്ന് എഴുതിയത് ആ ബ്രാന്‍റിനൊപ്പം സച്ചിന്‍ എന്ന ബ്രാന്‍റിന്‍റെ കൂടി വിശ്വസ്തതയാണ്.

2000ത്തിന്‍റെ തുടക്കത്തില്‍ കോഴ വിവാദം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയപ്പോള്‍. പല ബ്രാന്‍ഡുകളും ക്രിക്കറ്റ് താരങ്ങളെ തങ്ങളുടെ പരസ്യങ്ങളില്‍ നിന്നും ഒഴിവാക്കിയ സമയത്തും സച്ചിന്‍ എന്ന ബ്രാന്‍ഡിന് ഒരു കുലുക്കവും സംഭവിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനൊപ്പം തന്നെ പോളിയോ, ആരോഗ്യ സംരക്ഷണം, വനിതശിശു ക്ഷേമം, വിവിധ ക്ഷേമ പദ്ധതികള്‍ അടക്കം പല സര്‍ക്കാര്‍ ക്യാംപെയിനുകളുടെയും മുഖമായി സച്ചിന്‍ എത്തിയിട്ടുണ്ട്. ഇതും സച്ചിന്‍ എന്ന ഒരു കാലത്തെ വിശ്വസ്തതയായിരുന്നു.

പതിറ്റാണ്ടോളം, ചിലപ്പോള്‍ ധോണി അടക്കം പുതിയ തലമുറ ചുവടുറപ്പിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ പരസ്യ രംഗത്ത് ഏറ്റവും കൂടിയ പ്രതിഫലം പറ്റുന്ന താരം സച്ചിനായിരുന്നു. സച്ചിന്‍ വിരമിച്ചപ്പോള്‍ നൌക്കരി.കോം സ്ഥാപിച്ച ഒരു പരസ്യം പോലും സച്ചിനെന്ന ബ്രാന്‍ഡിന്‍റെ വിശ്വസ്തയാണ് തെളിയിച്ചത്. സച്ചിന്‍റെ ഫാന്‍ബോയിയായി എന്നും കളത്തില്‍ വരാറുള്ള സുധീർ കുമാർ ചൗധരി എന്ന മനുഷ്യന്‍ ഇനിയൊരു പുതിയ ജോലി കണ്ടെത്തണം എന്ന് പറഞ്ഞാണ്. ഇതിലും നിലനില്‍ക്കുന്നത് സച്ചിന്‍ എന്ന ബ്രാന്‍ഡിന്‍റെ പ്രസക്തിയാണ്.

വിരമിക്കലിന് ശേഷവും വിവിധ പരസ്യചിത്രങ്ങളിലും സച്ചിന്‍ എന്ന ബ്രാന്‍ഡ് സജീവമാണ്. ഇപ്പോള്‍ ശ്രദ്ധിച്ചാല്‍ അറിയാം മുന്‍പ് കണ്‍സ്യൂമര്‍ ഗുഡ്സ്, അതായത് ശീതള പാനീയങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മറ്റ് ലൈഫ് പ്രൊഡക്ട് എന്നീ പരസ്യങ്ങളില്‍ നിന്നും മാറി കുറച്ചുകൂടി അഡ്വൈസ് ആവശ്യമായ മേഖലകളിലാണ് സച്ചിന്‍ പരസ്യം ചെയ്യുന്നത്. മ്യൂച്ചല്‍ ഫണ്ട്, ഇന്‍ഷൂറന്‍സ്, ടൂറിസം, സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി ഇങ്ങനെ നീളുന്നു. അതായത് സച്ചിന്‍ എന്ന കളിക്കാരനില്‍ നിന്നും അദ്ദേഹം ഉപദേശകന്‍ എന്ന നിലയിലേക്ക് പരിണമിക്കുമ്പോള്‍ സച്ചിനെന്ന ബ്രാന്‍ഡിലും മാറ്റങ്ങള്‍ സംഭവിക്കുകയാണ്.

മൈറ്റി ഓസീസിനെതിരെ 117*; സിഡ്‍നിയിലെ സച്ചിനിസം എക്കാലത്തെയും മികച്ച സെഞ്ചുറികളിലൊന്ന്

സച്ചിനെ ശകാരിച്ച അച്ഛരേക്കര്‍; പിന്നാലെ ഒരു ഉപദേശം സച്ചിനെ ആകെ മാറ്റിമറിച്ചു

Follow Us:
Download App:
  • android
  • ios