എന്തുകൊണ്ട് സാദിയോ മാനേ; എന്താണ് സോക്രട്ടീസ് പുരസ്കാരം

ഇത്രയും നേട്ടങ്ങൾ മൈതാനത്ത് നിന്ന് കൊയ്തെടുത്ത മാനെ അതിന്‍റെ ഗുണഭോക്താക്കളായി സ്വന്തം നാടിനെയും നാട്ടാരെയും ഒപ്പം കൂട്ടി എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വേറിട്ട വ്യക്തിത്വമാക്കുന്നത്. നാടിന്റെ വികസനത്തിൽ കാണിക്കുന്ന ഉത്തരവാദിത്തവും പങ്കാളിത്തവും മാനെയെ സവിശേഷ പൗരനാക്കുന്നു. മാനെ ജനിച്ച ബാംബാലി ഗ്രാമം ഇന്ന് ഒരു പട്ടണമായി മാറിയിരിക്കുന്നു.

 

Here is Why Sadio Mane wins Socrates Award
Author
First Published Oct 19, 2022, 10:15 PM IST

ക്കൊല്ലത്തെ ബാലൻ ഡി ഓ‌ർ പുരസ്കാരവേദിയിൽ മൈതാനത്തിലെ മികവിനും പ്രതിഭക്കും മാത്രമായിരുന്നില്ല ആദരം. ഇതാദ്യമായി കാൽപന്തുകളിയിലെ കേമൻമാർ സമൂഹത്തിന് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളും ആദരിക്കപ്പെട്ടു. പുരസ്കാരത്തിന് ഇട്ട പേര് ബ്രസീൽ ഫുട്ബോളിലെ ഇതിഹാസതാരങ്ങളിൽ ഒരാളായ സോക്രട്ടീസിന്‍റെ പേര്. സൈനിക ഭരണകൂടത്തിന് എതിരെ പോരാടാൻ ജനാധിപത്യ (കൊറിന്ത്യൻസ് ഡെമോക്രസി) പ്രസ്ഥാനത്തിന് രൂപം നൽകിയ താരത്തിന്‍റെ പേര് പോലെ ഉചിതമായ പര്യാപ്തമായ മറ്റേത് പേരാണ് ആ പുരസ്കാരത്തിന് നൽകുക? ആദ്യത്തെ പുരസ്കാരം ഏറ്റുവാങ്ങിയ ആളിന്‍റെ കാര്യത്തിലും രണ്ടാമതൊരു അഭിപ്രായം ഉണ്ടാകില്ല. സാദിയോ മാനെ.

ലിവ‌ർപൂളിന് വേണ്ടി കാഴ്ച വെച്ച മത്സരവീര്യത്തിന് ബാലൻ ഡി ഓർ പുരസ്കാരത്തിന് മത്സരിക്കുകയും ജേതാവായ കരീം ബെൻസമക്ക് തൊട്ടുപിന്നിൽ രണ്ടാമത് എത്തുകയും ചെയ്ത സാദിയോ മാനേ കളിക്കളത്തിൽ കാട്ടിയിട്ടുള്ള വിസ്മയങ്ങളുടെ കണക്ക് ചെറുതല്ല. ആദ്യം കളിച്ച മെത്‍സ്, റെഡ്ബുൾ  സാത്‍സ്‍ബർഗ്,സതാംപ്ടൺ എന്നിവക്കൊപ്പമെല്ലാം ഗംഭീരമായി കളിച്ചും നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും ആണ് മാനെ ലിവർപൂളിലെത്തിയത്. 2018ലും 19ലും യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ക്ലബിനെ എത്തിക്കാനും 19ലെ കിരീടനേട്ടത്തിലും മാനെക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

Here is Why Sadio Mane wins Socrates Award

2018-19  സീസണിൽ ടോപ് സ്കോറർമാരിൽ ഒരാളായി പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടി. 30 വർഷത്തെ ഇടവേളക്ക് ശേഷം 2019-20 ൽ പ്രീമിയർ ലീഗ് കിരിടീം ലിവർപൂൾ ക്യാമ്പിൽ എത്തിയതിലും മാനെയുടെ കാൽവേഗതയും കൃത്യതയും പങ്കുവഹിച്ചു. പ്രീമിയർ ലീഗിൽ നൂറു ഗോൾ തികച്ച മൂന്നാമത്തെ ആഫ്രിക്കക്കാരനായി. 2019ൽ ബാലൻ ഡി ഓർ മത്സരത്തിൽ നാലാമത് എത്തി. ഇക്കുറി രണ്ടാമതും. ഇനി ഇപ്പോൾ കളിക്കുന്ന ബയേൺ മ്യൂണിക്കിന് വേണ്ടിയുള്ള നേട്ടങ്ങളുടെ പട്ടിക വരാനിരിക്കുന്നു.  സെനഗൽ എന്ന ദേശീയ ടീമിന് വേണ്ടി കളിച്ചപ്പോഴും മാനേ തിളങ്ങി.

ഫുട്ബോള്‍ ലോകകപ്പ്: ഫ്രാന്‍സിന്‍റെ 'എ‍ഞ്ചിന്‍' പണിമുടക്കി, ലോകകപ്പിനില്ല; പോര്‍ച്ചുഗലിനും പ്രഹരം

രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരങ്ങളുടെ പട്ടികയിലെ മുൻനിരക്കാരനാണ് മാനെ. രണ്ട് തവണ ആഫ്രിക്കൻ ഫുട്ബോൾ പ്ലെയർ. പണവും പ്രശസ്തിയും വാനോളം ഉയരുന്ന ക്ലബ് മത്സരങ്ങളുടെ പേരിൽ നാടിന്റെ ജഴ്സി അണിയാനുള്ള ഒരു അവസരം പോലും മാനെ പാഴാക്കിയിട്ടില്ല. വേണ്ടെന്ന് വെച്ചിട്ടില്ല. പരിക്കിന് പോലും മാനെയെ അക്കാര്യത്തിൽ രണ്ടാമതൊരു ആലോചനക്ക് പ്രേരിപ്പിച്ചിട്ടില്ല.

ഇത്രയും നേട്ടങ്ങൾ മൈതാനത്ത് നിന്ന് കൊയ്തെടുത്ത മാനെ അതിന്‍റെ ഗുണഭോക്താക്കളായി സ്വന്തം നാടിനെയും നാട്ടാരെയും ഒപ്പം കൂട്ടി എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വേറിട്ട വ്യക്തിത്വമാക്കുന്നത്. നാടിന്റെ വികസനത്തിൽ കാണിക്കുന്ന ഉത്തരവാദിത്തവും പങ്കാളിത്തവും മാനെയെ സവിശേഷ പൗരനാക്കുന്നു. മാനെ ജനിച്ച ബാംബാലി ഗ്രാമം ഇന്ന് ഒരു പട്ടണമായി മാറിയിരിക്കുന്നു. സ്വന്തം സമ്പാദ്യവുമായി മാനെ എത്തുംവരെ ഗ്രാമത്തിൽ കാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഇപ്പോൾ സെക്കൻഡറി തലം വരെ സൗജന്യവിദ്യാഭ്യാസം നൽകുന്ന സ്കൂളുണ്ട്.

നന്നായി പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ് കിട്ടും. ഫുട്ബോൾ കളിക്കാൻ മൈതാനമുണ്ട്. പെട്രോൾ പമ്പുണ്ട്. 4ജി ഇന്‍റർനെറ്റ് സൗകര്യമുണ്ട്. പോസ്റ്റ് ഓഫീസിന്റെ പണി നടക്കുന്നു. പ്രസവത്തിനും ശിശുസംരക്ഷണത്തിനുമുള്ള പ്രത്യേക വിഭാഗം ഉൾപെടുന്ന വലിയ ആശുപത്രിയുണ്ട്.  ( പ്രസവസമയത്തെ മരണനിരക്ക് വളരെ കൂടുതലുള്ള രാജ്യമാണ് സെനഗൽ എന്നത് ചേർത്തുവായിക്കണം, അപ്പോഴാണ് അതെത്ര വലിയ സഹായവും അനുഗ്രഹവും ആവുന്നത് എന്ന് വ്യക്തമാവുക).

ഇതെല്ലാം മാനെ കൊണ്ടുവന്നതാണ്. മാനെയാണ് ലക്ഷക്കണക്കിന് ഡോളർ ചെലവാക്കി തന്റെ ഗ്രാമത്തിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നത്. ഇതിനെല്ലാം പുറമെ എല്ലാ കുടുംബത്തിനും മാസം തോറും എഴുപത് ഡോളറും മാനെ നൽകുന്നു. നിത്യനിദാന ചെലവുകൾ തട്ടുകേടില്ലാതെ മുന്നോട്ടു പോവുന്നു എന്നുറപ്പാക്കാൻ വേണ്ടിയാണിത്. അന്നാട്ടുകാർക്ക് മാനെ അന്താരാഷ്ട്ര പ്രശസ്തിയുള്ള ഫുട്ബോൾ കളിക്കാരനല്ല, ദൈവം തന്നെയാണ്.

ബ്യൂട്ടിഫുള്‍ ബെന്‍സേമ; ബഹിഷ്‌കൃതനില്‍ നിന്ന് ഇതിഹാസത്തിലേക്കുള്ള ഉയർത്തെഴുന്നേല്‍പ്പ്

Here is Why Sadio Mane wins Socrates Award

കളിക്കളത്തിലും പുറത്തും മാന്യതയുടെയും വിനയത്തിന്‍റെയും പര്യായമാണ് മാനെ. വെള്ളക്കുപ്പികൾ എടുത്ത് വെക്കാൻ കഷ്ടപ്പെടുന്ന അറ്റൻഡറെ സഹായിക്കുന്ന, ബോൾ ബോയ്കളോട് കുശലം പറയുന്ന, പന്തെടുത്ത് കൊടുക്കുന്ന, കാത്ത് കാത്തിരിക്കുന്ന ആരാധകരോട് കുഞ്ഞ് ചിരിയോടെ വർത്തമാനം പറയാൻ ക്ഷമ കാണിക്കുന്ന, കളിക്കിടെ ഉണ്ടാവുന്ന തട്ടലും മുട്ടലും കാരണം പരിക്ക് പറ്റുന്ന സഹകളിക്കാരെ വിളിച്ച് ആരോഗ്യവിവരം മറക്കാതെ തിരക്കുന്ന, തന്നേക്കാളും ടീമിന്‍റെ നേട്ടം ആഘോഷിക്കുന്ന....മാനെയുടെ വിനയത്തിന്റെയും എളിമയുടെയും ഉദാഹരണങ്ങൾ ഓരോ മത്സരവേദിക്കും പറയാനുണ്ടാകും. വന്ന വഴി മറക്കാത്ത മാനെ ഫുട്ബോളിൽ പുതിയ സ്വപ്നങ്ങളുമായി എത്തുന്ന ഏതൊരു പുതിയ കളിക്കാരനും വഴികാട്ടിയാണ്.

ഫുട്ബോളിൽ മാത്രമല്ല, ഏതൊരു മേഖലയിലും താരമാകുന്ന ആർക്കും വലിയ മാതൃകയും. അതുകൊണ്ടാണ് തുടക്കത്തിൽ പറഞ്ഞത് പ്രഥമ സോക്രട്ടീസ് പുരസ്കാരത്തിന് എന്തു കൊണ്ടും യോഗ്യൻ ആണ് മാനെ എന്ന്.   പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മാനെ പറഞ്ഞ വാക്കുകളോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം. എന്തുകൊണ്ടാണ് നല്ല കളിക്കാരൻ എന്നതിലും ഉപരി സാദിയോ മാനെ ഉത്തമപൗരനും മഹാനായ മനുഷ്യനും ആവുന്നതെന്ന് ഈ വാക്കുകൾ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തും.

‘എല്ലാവർക്കും നല്ല വൈകുന്നേരം ആശംസിക്കുന്നു. നിങ്ങൾ എല്ലാവരുടെയും കൂടെ കൂടാൻ കഴിഞ്ഞതിൽ നല്ല സന്തോഷം. ഞാൻ ചെയ്യുന്ന കാര്യങ്ങളെ പറ്റി പറയാൻ എനിക്ക് മടിയാണ്. പക്ഷേ എന്റെ നാട്ടാർക്ക് വേണ്ടി, സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി എന്നെ കൊണ്ട് കഴിയുന്നത് ചെയ്യുന്നത് എനിക്ക് എത്രയും ആഹ്ളാദകരമാണ്…’

Follow Us:
Download App:
  • android
  • ios