സെർബിയൻ നടിയുമായി വിവാഹനിശ്ചയം; ഹാർദിക് പാണ്ഡ്യക്കെതിരെ വംശീയാധിക്ഷേപം, പ്രതിഷേധം
വലിയ രീതിയിലുള്ള വംശീയാധിക്ഷേപമാണ് ട്രോളികളിലൂടെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ നടത്തിയത്. നിറത്തിന്റെ അടിസ്ഥാനത്തിൽ ഹാർദിക്കിനെയും നടാഷയെയും താരതമ്യം ചെയ്തായിരുന്നു മിക്ക ട്രോളുകളും.
മുംബൈ: പുതുവർഷദിനത്തിലായിരുന്നു സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചുമായി താൻ പ്രണയത്തിലാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നടാഷയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്തയും ഹാർദിക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. പുതുവർഷത്തിൽ വൻ സർപ്രൈസുമായെത്തിയ ഹാർദിക് പാണ്ഡ്യക്കും നടാഷയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി അടക്കം നിരവധി ക്രിക്കറ്റ് താരങ്ങൾ ആശംസകൾ നേർന്നിരുന്നു. എന്നാൽ, ഹാർദിക്കിന്റെ പ്രണയവും വിവാഹനിശ്ചയവുമെല്ലാം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായതിന് പിന്നാലെ വൻ ട്രോളുകളാണ് താരത്തിനെതിരെ ഉയർന്നത്.
വലിയ രീതിയിലുള്ള വംശീയാധിക്ഷേപമാണ് ട്രോളികളിലൂടെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ നടത്തിയത്. നിറത്തിന്റെ അടിസ്ഥാനത്തിൽ ഹാർദിക്കിനെയും നടാഷയെയും താരതമ്യം ചെയ്തായിരുന്നു മിക്ക ട്രോളുകളും. ഹാർദിക്കിനെതിരെയുള്ള ട്രോളുകൾക്കെതിരെ രൂക്ഷവിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ശക്തമാകുന്നുണ്ട്. ഹാർദിക്കിന്റെ ആരാധകരുൾപ്പടെ പലരും ട്രോളുകൾക്കെതിരെ രംഗത്തെത്തി.
''ഞാൻ ഹാർദിക് പാണ്ഡ്യയുടെ ആരാധികയല്ല. പക്ഷെ അദ്ദേഹത്തിന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ വലിയ വെറുപ്പുളവാക്കുന്നവയാണ്. ഇത് 2020 ആണ്. നിറത്തെ ചൊല്ലിയുള്ള ഉപദ്രവം അവസാനിപ്പിക്കാൻ ഇന്ത്യക്കാർ എപ്പോഴാണ് പദ്ധതിയിടുന്നത്?'', സോഹിനി എന്ന ട്വീറ്റ് ഉപയോക്താവ് കുറിച്ചു.
''ഒരുപാട് ഇന്ത്യക്കാർക്കിടയിൽ ഇന്നും വംശീയമായ യാഥാസ്ഥിതികത്വം നിലനിൽക്കുന്നുണ്ട്. വെളുത്ത നിറമുള്ള യുവതിയുമായി പ്രണയത്തിലാണെന്ന കാരണത്താൻ കഴിവും സാമർത്ഥ്യവുമുള്ള എ ഗ്രേഡ് ഇന്ത്യൻ ക്രിക്കറ്റ് താരം ഇവിടെ ട്രോൾ ചെയ്യപ്പെടുകയാണ്. നിങ്ങൾക്കെന്താണ് പറ്റിയത് യുവാക്കളെ. സൈബീരിയയിൽ നിന്നുള്ള പെൺകുട്ടി സുന്ദരിയാണെന്നതിനപ്പുറം പാണ്ഡ്യയെ കുറച്ച് കാണിക്കാൻ പാകത്തിൽ അവർ എന്താണ് നേടിയത്?'', മറ്റൊരു ട്വിറ്റർ ഉപയോക്താവ് വിമർശിച്ചു.
ദുബായിൽവച്ചായിരുന്നു ഹാർദിക്കിന്റെയും നടാഷയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. കടലിൽ വച്ച് അലങ്കരിച്ച ബോട്ടിനുള്ളിൽ ഇരുവരും തമ്മിലുള്ള പ്രണയാർദ്രമായ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഹാർദിക് പുറത്തുവിട്ടത്.
Read More: പ്രണയത്തിന് പിന്നാലെ വിവാഹനിശ്ചയം; പുതുവർഷത്തിൽ വൻ സർപ്രൈസുമായി ഹാർദിക് പാണ്ഡ്യ