പ്രണയത്തിന് പിന്നാലെ വിവാഹനിശ്ചയം; പുതുവർഷത്തിൽ വൻ സർപ്രൈസുമായി ഹാർദിക് പാണ്ഡ്യ
കടലിൽ വച്ച് അലങ്കരിച്ച ബോട്ടിനുള്ളിൽ ഇരുവരും തമ്മിലുള്ള പ്രണയാർദ്രമായ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഹാർദിക് പുറത്തുവിട്ടത്.
മുംബൈ: പുതുവർഷത്തിൽ ആരാധകർക്ക് വൻ സർപ്രൈസുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. കഴിഞ്ഞ ദിവസം താൻ പ്രണയത്തിലാണെന്ന വിവരം താരം വെളിപ്പെടുത്തിയിരുന്നു. സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ച് ആണ് പാണ്ഡ്യയുടെ പ്രണയിനി. നടാഷയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു തങ്ങൾ പ്രണയത്തിലാണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ഹാർദിക് വെളിപ്പെടുത്തിയത്.
'എന്റെ വെടിക്കെട്ടോടെ ഈ പുതുവർഷം ആരംഭിക്കുന്നു’ എന്ന അടിക്കുറിപ്പോടെ നടാഷയ്ക്കൊപ്പം കൈപ്പിടിച്ച് നിൽക്കുന്ന ചിത്രമാണ് ഹർദിക് പങ്കുവച്ചത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളുമടക്കം നിരവധിയാളുകളാണ് ഹാർദിക്-നടാഷ ജോടികൾക്ക് ആശംസയർപ്പിച്ചത്. ഇതിന് പിന്നാലെ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാർദിക്.
പുതുവത്സരദിനത്തിൽ ദുബായിൽ വച്ചാണ് വിവാഹനിശ്ചയം കഴിഞ്ഞത്. കടലിൽ വച്ച് അലങ്കരിച്ച ബോട്ടിനുള്ളിൽ ഇരുവരും തമ്മിലുള്ള പ്രണയാർദ്രമായ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഹാർദിക് പുറത്തുവിട്ടത്. ഇരുവരുടെയും സുഹൃത്തുക്കൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
'ഞാൻ നിന്റേയും, നീ എന്റെയും പ്രാണനാണ്' എന്ന അടിക്കുറിപ്പോടെയായിരുന്നു വിവാഹനിശ്ചയത്തിന്റെ വീഡിയോ ചിത്രങ്ങളും ഹാർദിക് പങ്കുവച്ചത്. ബോളിവുഡ് ഗാനത്തിനൊപ്പം ഹാർദിക്കും നടാഷയും ചുവടുവയ്ക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത ഏറെ ആകാംഷയോടെയാണ് ക്രിക്കറ്റ് താരങ്ങളടക്കം ഏറ്റെടുത്തത്. വിരാട് കോലി അടക്കം നിരവധി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഹാർദിക്കിനും നടാഷയ്ക്കും ആശംസകൾ നേർന്നു.