2004ലെ സിഡ്‍നി; മാസ്റ്റർ ബ്ലാസ്റ്ററുടെ മാസ്റ്റർ ക്ലാസ് ഇന്നിംഗ്‍സ്

സച്ചിൻ ടെന്‍ഡുല്‍ക്കർ അക്ഷരാർത്ഥത്തിൽ ഒരു റോൾ മോഡലാണ്, വളർന്നു വരുന്ന യുവ ക്രിക്കറ്റർമാർക്കും ജീവിതത്തിൽ വിജയം വെട്ടിപ്പിടിക്കാൻ മുന്നേറുന്നവർക്കും

Happy Birthday Sachin Tendulkar Which is Master Blaster best Innings in Test and ODI analysis by Sangeeth Sekhar jje
Author
First Published Apr 24, 2023, 11:15 AM IST

ക്രിക്കറ്റ് എന്നല്ല ഏതൊരു ഗെയിമിന്‍റെയും വളര്‍ച്ചക്ക് അത്യാവശ്യമായ ഘടകമാണ് ഒരു പ്രതിഭാസത്തിന്‍റെ സാന്നിധ്യം. മികച്ചവര്‍ക്കിടയില്‍ ഒരല്‍പം തല ഉയര്‍ത്തി നില്‍ക്കുന്നൊരു സൂപ്പര്‍താരം. ഗെയിമിനെ പ്രതിനിധീകരിക്കുന്ന രീതിയില്‍ വളര്‍ന്ന് പോകുന്നൊരു ഐക്കണ്‍. ഇന്ത്യന്‍ ജനത 1983ലെ ലോകകപ്പ് വിജയത്തില്‍ ആകൃഷ്ടരായി തന്നെയാണ് ഈ ഗെയിമിനെ മാറോടു ചേര്‍ത്തത്. ഡോണ്‍ ബ്രാഡ്മാന്‍ കളിക്കുന്നത് അവര്‍ കണ്ടിട്ടില്ലായിരുന്നു. സുനില്‍ ഗവാസ്കര്‍ വിരമിക്കുമ്പോള്‍ അവരുടെ സിരകളില്‍ ക്രിക്കറ്റ് ഒരു ലഹരിയായി നുരഞ്ഞ് തുടങ്ങിയിട്ടില്ലായിരുന്നു. വിവിയന്‍ റിച്ചാര്‍ഡ്സിന്‍റെ വീരഗാഥകളെപ്പറ്റി കേട്ട് പരിചയം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ആ തലമുറക്ക് വേണമായിരുന്നു ഒരു കളിക്കാരനെ. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‍മാനും കിംഗ് വിവിയന്‍ റിച്ചാര്‍ഡ്സിനും ഒപ്പം നിര്‍ത്താന്‍, ആരാധിക്കാന്‍. അവർക്കധികം കാത്തിരിക്കേണ്ടിവന്നില്ല.    

Happy Birthday Sachin Tendulkar Which is Master Blaster best Innings in Test and ODI analysis by Sangeeth Sekhar jje സിയാല്‍കൊട്ടിലെ ഒരു ഗ്രീന്‍ ട്രാക്കില്‍ ഇന്ത്യ-പാക് ടെസ്റ്റ്‌ മത്സരം നടക്കുന്നു. വഖാറിന്‍റെ ഒരു അതിവേഗ ബൗണ്‍സര്‍ മൂക്കിലിടിച്ചു ചോര പൊടിയുന്ന ഒരു 16 വയസ്സുകാരന്‍ പയ്യന്‍. രംഗത്തേക്ക് സഹ ബാറ്റ്സ്മാന്‍ നവ്ജോത് സിംഗ് സിദ്ധുവും ഫിസിയോ അലി ഇറാനിയും കടന്നുവരികയാണ്. പയ്യന്‍റെ വിഷമത മനസിലായ ഇറാനി റിട്ടയേഡ് ഹര്‍ട്ട് ആയാല്‍ വഖാറിന്‍റെയും വസീമിന്‍റേയും ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാം എന്നൊരു ഓപ്ഷന്‍ മുന്നോട്ടുവെക്കുന്നുണ്ട് . "അരെ തുജെ തോ അഭി ഹോസ്പിറ്റല്‍ ജാനാ പടെഗാ, തേരാ നാക് ടൂട്ട് ഗയാ ഹേ"- ജാവേദ് മിയാന്‍ ദാദ് മുറിവില്‍ ഉപ്പ് പുരട്ടുകയാണ്. പയ്യന്‍ പതിയെ മുഖമുയര്‍ത്തി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു "മേ ഖേലെഗാ"- സ്ലെഡ്‍ജ് ചെയ്യുന്ന ഫാസ്റ്റ് ബൗളറെ തെംസ് നദിയിലേക്ക് പറത്തി പന്തെടുത്ത് കൊണ്ടുവരാന്‍ പറയുന്ന വിവിയന്‍ റിച്ചാര്‍ഡ്സല്ല അയാള്‍ എന്നത് കണക്കിലെടുക്കുമ്പോള്‍ ധീരമായ ഒരു സ്റ്റേറ്റ്മെന്‍റ് തന്നെയായിരുന്നു അത്. 

ആഭ്യന്തര മത്സരങ്ങളിലെ മിന്നുന്ന പ്രകടനത്തിന്‍റെ ബലത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കാലെടുത്തു വച്ച പയ്യനെ സ്വീകരിച്ചത് ഇമ്രാന്‍ ഖാനും വസീം അക്രവും വഖാര്‍ യൂനിസുമായിരുന്നു. വഖാര്‍ എന്ന 18 കാരന്‍ അന്നൊരു Raw ഫാസ്റ്റ് ബൗളര്‍ ആയിരുന്നു എന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ മാത്രമാണു അയാള്‍ അന്ന് നേരിട്ട ആക്രമണത്തിന്‍റെ തീക്ഷ്‍ണത മനസ്സിലാകുക. വസീം അക്രം തുടര്‍ച്ചയായി പയ്യനെ ബൗന്‍സ് ചെയ്തു പുറത്താക്കാന്‍, അല്ലെങ്കില്‍ പരിക്കേല്‍പിച്ച് മടക്കി അയക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവസാനം അംപയര്‍ക്ക് ഇടപെടേണ്ടി വന്നു. ബാപ്ടിസം ബൈ ഫയര്‍ എന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പിന്നീട് വിശേഷിപ്പിച്ച അയാളുടെ അരങ്ങേറ്റ പരമ്പര. എല്ലാ അര്‍ത്ഥത്തിലും അതങ്ങനെ തന്നെയായിരുന്നു താനും. ഇന്നത്തെ ടിപ്പിക്കല്‍ ഫാസ്റ്റ് ബൗളിംഗ് നിരകളുടെ ഓപ്പണിംഗ് സ്പെല്‍ കഴിഞ്ഞാല്‍ പിന്നെ ബാറ്റിംഗ് കുറെ കൂടെ അനായാസമായേക്കാം എന്ന ധാരണകള്‍ക്ക് വിരുദ്ധമായി പഴയ വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് നിരകളെ പോലെ നിര്‍ത്താതെ പെയ്യുന്ന ലോകോത്തര ഫാസ്റ്റ് ബൗര്‍മാരുടെ സംഘം. ഇമ്രാന്‍, വസീം, വഖാര്‍. പന്ത് പഴകി കഴിയുമ്പോള്‍ ആശ്വസിക്കാം എന്ന് കരുതിയാല്‍ തെറ്റാണ്. പഴകിയ പന്തില്‍ റിവേഴ്സ് സ്വിംഗ് കണ്ടെത്തുന്നതില്‍ ഇവരെ വെല്ലാന്‍ വേറെയാരും അതിനു ശേഷം ജനിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ ഫ്ലാറ്റ്/സ്പിന്‍ ട്രാക്കുകളില്‍ ശരാശരി ബൗളര്‍മാരെ നേരിട്ട് വളര്‍ന്ന പയ്യന് അക്ഷരാര്‍ത്ഥത്തില്‍ ഇത് തീക്കളിയായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ അവനിൽ ക്രിയേറ്റ് ചെയ്യപ്പെട്ട ഹൈപ്പും പ്രതീക്ഷകളും വളരെ വലുതായിരുന്നു. ആ പരമ്പരയില്‍ ഇന്ത്യയുടെ ആ യുവ ബാറ്റ്സ്മാന്‍ നിലവാരമുള്ള പേസ് ബൗളിംഗിനെ നേരിട്ട രീതി ശ്രദ്ധേയമായിരുന്നു. സാങ്കേതിക തികവുള്ള ബാക്ക് ഫുട്ട് ടെക്നിക്, ശരീരത്തെ പന്തിന്‍റെയും പുറകില്‍ കൊണ്ട് വന്ന ശേഷം മാത്രം സ്ട്രോക്കുകള്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ എവിടം വരെയെത്തും എന്നൂഹിക്കാന്‍ അത്രയും മതിയായിരുന്നു.  

Happy Birthday Sachin Tendulkar Which is Master Blaster best Innings in Test and ODI analysis by Sangeeth Sekhar jje സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ എന്ന തന്‍റെ പേര് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഒരിക്കലും മായാന്‍ കഴിയാത്ത രീതിയില്‍ രേഖപ്പെടുത്തി വച്ച ശേഷം മാത്രമാണാ പയ്യന്‍ കളിയവസാനിപ്പിച്ചത്. പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാതെ മറഞ്ഞുപോയ വിനോദ് കാംബ്ലിയെ പോലുള്ളവരുടെ കൂട്ടത്തിലേക്ക്, പ്രതിഭയെ ധൂര്‍ത്തടിച്ചു കളഞ്ഞ അസറിനെ പോലുള്ളവരുടെ കൂട്ടത്തിലേക്ക് തന്‍റെ പേര് കൂടെ ചേര്‍ത്ത് വക്കാതെ സച്ചിന്‍ ടെന്‍ഡുല്‍ക്കർ തന്‍റെ പേരില്‍ ഉയര്‍ത്തിവിട്ട ഹൈപ്പിന്‍റെ ഓരോ അംശത്തിനെയും സാധൂകരിക്കുന്ന രീതിയില്‍ ഒരു കരിയറാണ് ബാക്കിയാക്കിയത്. പുതിയൊരു ലോകോത്തര ബാറ്റ്സ്മാന്‍ ഉദയമെടുക്കുമ്പോള്‍, അയാള്‍ സച്ചിനുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍ അയാളെ സ്നേഹിക്കുന്നവരെന്നും എതിര്‍വാദങ്ങളുമായി ഓടിയെത്തും. അവര്‍ക്കെന്നും ക്രിക്കറ്റ് എന്ന ഗെയിമിലേക്ക് അവരെ ചേര്‍ത്ത് പിടിച്ച മനുഷ്യന്‍ കഴിഞ്ഞേയുള്ളൂ ഏതൊരു ലോകോത്തര ക്രിക്കറ്ററും. കാലമേറെ കഴിഞ്ഞപ്പോള്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ നിന്നും ആ ചെറുപ്പക്കാരന്‍ ഒരു കുടുംബാംഗത്തെ പോലെ അവരുടെ മനസില്‍ ഇടം പിടിച്ചു. സ്വന്തം ഉള്ളംകയ്യിലെ രേഖകള്‍ പോലെ അവന്‍റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും അവര്‍ക്ക് കാണാപാഠമായി. ഇന്ത്യയിലെ കോടാനുകോടി ക്രിക്കറ്റ് പ്രേമികള്‍ സ്വീകരണ മുറിയിലെ ടെലിവിഷന്‍ സെറ്റുകളില്‍ നിന്നും തങ്ങളുടെ ഹൃദയങ്ങളിലേക്ക് പ്രതിഷ്ഠിച്ച ചാമ്പ്യന്‍ പ്ലെയര്‍. വിമര്‍ശനങ്ങള്‍ക്കെല്ലാം അപ്പുറം ഒരു കളിക്കാരന്‍ താന്‍ കളിക്കുന്ന കളിക്കുമപ്പുറത്തെക്ക് വളര്‍ന്ന കാഴ്ച വിസ്മയാവഹം തന്നെയാണ്. 

ഭാരമേറിയ ബാറ്റുമായി, അതിലേറെ പ്രതീക്ഷകളുടെ ഭാരം ചുമലുകളില്‍ വഹിച്ചുകൊണ്ട് ക്രീസില്‍ നിന്നിരുന്ന മനുഷ്യന്‍ കളിച്ചിട്ടുള്ള അസ്ത്രത്തിന്‍റെ കണിശതയുള്ള സ്ട്രെയിറ്റ് ഡ്രൈവുകളുടെ ഭംഗി കോപ്പി ബുക്കില്‍ വിവരിക്കപ്പെട്ടതിനും മേലെയായിരുന്നു. അദ്ദേഹത്തെ  നിര്‍വചിക്കുന്നത് ഈ ഗെയിമിനെ നിര്‍വചിക്കുന്നതിന് തുല്യമാണ് എന്നതിനപ്പുറം വാക്കുകള്‍ കൊണ്ട്  അമ്മാനമാടെണ്ട കാര്യമില്ല. ഒരു ഫുള്‍ ടോസ് ബൗണ്ടറി കടത്തുന്നതിന് ഒരു പക്ഷേ ഒരു ഇഷാന്ത് ശര്‍മ്മയുടെ ബാറ്റിംഗ് മികവ് മാത്രമേ ആവശ്യമായി വരുകയുള്ളൂ എന്നിരിക്കെ ഒരു ബൗളര്‍ എങ്ങനെ എറിഞ്ഞാലും പന്ത് ബൗണ്ടറി കടത്താന്‍ കഴിവുണ്ടായിരുന്ന ഒരു മനുഷ്യന്‍ നമ്മളെ വിസ്മയിപ്പിച്ചു കൊണ്ട് ഇവിടെയുണ്ടായിരുന്നു. അയാൾക്ക്  വേണ്ടിയാണ് ഇവിടെ ചരിത്രം എഴുതപ്പെട്ടത്. എഴുതപ്പെട്ട ചരിത്രത്തില്‍  കൂടെ നിന്നവരുടെ കഥകളെഴുതിയ വരികള്‍ക്ക് തെളിച്ചം കുറഞ്ഞുപോയത് സച്ചിന്‍റെ തെറ്റായിരുന്നോ അതോ എഴുതിയവരുടെ സ്വാര്‍ത്ഥതയായിരുന്നോ എന്ന ചിന്ത പലരെയും അലട്ടുന്നുണ്ട്. റെക്കോര്‍ഡുകള്‍ക്ക് വേണ്ടി കളിക്കുന്നവന്‍ എന്നദ്ദേഹത്തെ  കുറ്റപ്പെടുത്തുന്നവര്‍ക്ക് നേരെ താനങ്ങനെയല്ല, റെക്കോര്‍ഡുകള്‍ തന്‍റെ കളിയുടെ കൂടെ വരുന്നതാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും സച്ചിൻ  നിശബ്ദനായിരുന്നു. അയാള്‍ക്ക് വേണ്ടി ആ ജോലി ചെയ്യാന്‍ ലക്ഷങ്ങള്‍ സന്തോഷത്തോടെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഒരു ലോകകപ്പിൽ ഫൈനൽ വരെ അറുന്നൂറിലധികം റൺസടിച്ച മനുഷ്യനെ ഫൈനലിലെ പരാജയത്തിന്‍റെ പേരിൽ സമ്മർദ്ദം താങ്ങാൻ കഴിയാത്തവനെന്ന വിമർശനം ഉന്നയിക്കുന്നവർ സച്ചിനൊരു മനുഷ്യനാണെന്നത് മറക്കുമ്പോൾ ചരിത്രം അദ്ദേഹത്തെ മുന്നേയും ഒപ്പവും ശേഷവും ഓടിയവരുടെ കാതങ്ങൾ മുന്നിലായി തന്നെയാണ്  പ്രതിഷ്‌ഠിക്കുന്നത്.   

Happy Birthday Sachin Tendulkar Which is Master Blaster best Innings in Test and ODI analysis by Sangeeth Sekhar jje

മാസ്റ്റര്‍ കളിച്ച ഏറ്റവും മികച്ച ഇന്നിംഗ്സ് ഏതാണെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്‍റെ ഏറ്റവും അണ്ടര്‍ റേറ്റഡായൊരു ഇന്നിംഗ്സാണ് ഞാന്‍ തിരഞ്ഞെടുക്കുക. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരുപാട് ഇന്നിംഗ്സുകള്‍ കളിച്ചിട്ടുള്ള ഇതിഹാസത്തിന്‍റെ 98ല്‍ ഷാര്‍ജയില്‍ ഓസ്ട്രേലിയന്‍ ആക്രമണത്തെ നിഷ്പ്രഭമാക്കിയ ഡിസര്‍ട്ട് സ്റ്റോം, 92ല്‍ പെര്‍ത്തിലെ ലോകത്തെ ഏറ്റവും വേഗതയാര്‍ന്ന വിക്കറ്റുകളില്‍ ഒന്നില്‍ മെര്‍വ് ഹ്യുസും ക്രെയിഗ് മക്ഡര്‍മോട്ടും അടങ്ങിയ ഓസീസ് പേസ് ആക്രമണത്തെ നേരിട്ട് നേടിയ ടെസ്റ്റ്‌ സെഞ്ചുറി, 2010 ല്‍ ദക്ഷാണാഫ്രിക്കക്കെതിരെ നേടിയ ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ചുറി, എന്നിവക്കെല്ലാം അപ്പുറത്ത് 2004ലെ സിഡ്നി മായാതെ നില്‍ക്കുകയാണ്. തന്നിലെ സ്ട്രോക്ക് പ്ലെയറെ ഒരു യോഗിയുടെ ശാന്തതയോടെ അടക്കി നിര്‍ത്തിയ മാസ്റ്റര്‍, തന്‍റെ ഫ്രീ ഫ്ലോയിംഗ് സ്ട്രോക്ക് പ്ലേയുടെ മാസ്മരിക ദ്ര്യശ്യങ്ങള്‍ ഒരുപാട് തവണ കണ്ടിരുന്നവരുടെ മുന്നില്‍ അവതരിപ്പിച്ച എപ്പിക് ടെസ്റ്റ്‌ ഇന്നിംഗ്സ്. തൻ്റെ സ്വാഭാവികമായ ഗെയിമിനെ തന്നിലേക്ക് അടക്കി നിർത്തി, ആ സീരീസിൽ തന്‍റെ പതനത്തിനു കാരണമായ കവർ ഡ്രൈവുകൾ പാടെ ഒഴിവാക്കി ഓണ്‍ സൈഡില്‍ കൂടെ പണി തീര്‍ത്തെടുത്ത ഷിയര്‍ ക്ലാസിന്‍റെ എക്സിബിഷന്‍. മാസ്റ്ററുടെ എപ്പിക്കുകള്‍ പലതു കണ്ടവര്‍ക്ക് സ്വയം നിയന്ത്രിച്ചുകൊണ്ട് ഒരു യോഗിയുടെ ശാന്തതയോടെ സച്ചിൻ പ്രലോഭനങ്ങളെ മറികടക്കുന്ന അപൂര്‍വ കാഴ്ച ഒരനുഭവമായിരുന്നു. സച്ചിന്‍റെ ഏകദിന ഇന്നിംഗ്‌സുകളിൽ പെട്ടെന്നോർമയിൽ വരുന്നൊരെണ്ണം ഷാർജയിലെ ഡെസർട്ട് സ്റ്റോം തന്നെയാണ്. 1998 ഏപ്രിൽ 22ന് ഷാർജയിൽ ശക്തമായ രണ്ടു കാറ്റുകളാണ് വീശിയടിച്ചത്. ഷാർജയിൽ ആദ്യം വീശിയടിച്ച മണൽക്കാറ്റ് അടങ്ങിയപ്പോൾ ടെന്‍ഡുല്‍ക്കർ ക്രീസിൽ നിന്നും സ്റ്റെപ് ഔട്ട് ചെയ്തു ഷെയ്ൻ വോണിനെ സൈറ്റ് സ്ക്രീനിനു മുകളിലൂടെ പറത്തിക്കൊണ്ട് തുടക്കമിട്ട കൊടുങ്കാറ്റ് ഏകദിന വിദഗ്ദ്ധരായ മഗ്രാത്തും ഷെയ്ൻ വോണും ഡാമിയൻ ഫ്ലെമിംഗും അടങ്ങിയൊരു ഓസ്‌ട്രേലിയൻ ബൗളിങ് നിരയെ ചിത്രത്തിൽ നിന്നും പറഞ്ഞയച്ചിരുന്നു. സച്ചിൻ ടെന്‍ഡുല്‍ക്കറുടെ ഏകദിന കരിയറിലെ ഒരു നാഴികക്കല്ലായിരുന്നു ആ ഇന്നിംഗ്സ് .

അസ്ഹര്‍ എന്ന സിനിമയില്‍ പറയുന്നുണ്ട് ഇന്ത്യന്‍ ടീമിന്‍റെ ഏതൊരു മത്സരവും ഫിക്സ് ചെയ്യുമ്പോള്‍ ഒരേയൊരു ബാറ്റ്സ്മാന്‍റെ വിക്കറ്റ് വീണ് കഴിഞ്ഞിട്ടേ അത് സാധിക്കൂ എന്ന കാര്യം. സച്ചിന്‍ ടെന്‍ഡുല്‍ക്കർ ബാറ്റ് ചെയ്യുന്നത് എതിരാളികള്‍ മാത്രമല്ല ബുക്കികളും ആശങ്കയോടെ മാത്രമാണ് നോക്കി നിന്നിരുന്നത്. ഏതൊരു പ്ലാനിനെയും അട്ടിമറിച്ചു ഒരു മത്സരം ഒറ്റക്ക് നിയന്ത്രിക്കാന്‍ കഴിവുണ്ടായിരുന്ന മനുഷ്യന്‍. വിമർശകര്‍ക്ക് പോലും ബഹുമാനം തോന്നാം അയാളോട്. കോഴക്കളി എന്ന ചീത്ത പേരുമായി നാശത്തിലേക്ക് വീണ് പോകുമായിരുന്ന ഒരു ഗെയിമിനെ വീണ്ടും ആരാധകരിലേക്ക് അടുപ്പിച്ചു നിര്‍ത്തിയതിനു ഒരു പരിധി വരെ നമ്മളാ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു എന്നതൊരു സത്യമല്ലേ?

Happy Birthday Sachin Tendulkar Which is Master Blaster best Innings in Test and ODI analysis by Sangeeth Sekhar jje

ടെന്‍ഡുല്‍ക്കർ എന്ന ജീനിയസിന്‍റെ വളർച്ചയും അയാളുടെ പൂർണതയിലേക്കുള്ള യാത്രയും കണ്ടിരിക്കാൻ ഭാഗ്യം സിദ്ധിച്ചവരെന്ന നിലയിൽ ശരിക്കും ഭാഗ്യം ചെയ്തവരല്ലേ നമ്മളെല്ലാം? അഭിപ്രായ വ്യത്യാസങ്ങൾ പലതുണ്ടെങ്കിലും നമിച്ചു പോകുന്നത് ക്രിക്കറ്റെന്ന ഗെയിമിൽ അത്രയും നാൾ സ്ഥിരതയോടെ ടോപ് ലെവലിൽ തുടരാനയാൾക്ക് സാധിച്ചെന്നത് കൊണ്ടുകൂടിയാണ്. ഒരു കാലത്ത് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ഭാരം മുഴുവൻ ഒറ്റക്ക് ചുമക്കുമ്പോഴും പിന്നീട് ലോകോത്തര ബാറ്റ്‌സ്മാൻമാരുടെ ഒരു കൂട്ടമെത്തി ആ ഭാരം പങ്കിട്ടപ്പോഴും ടെന്‍ഡുല്‍ക്കർ വേറൊരു തലത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അമ്പാട്ടി റായിഡു ഉൾപ്പെടെയുള്ള പല താരങ്ങളും മാധ്യമശ്രദ്ധയിലേക്ക് വരുന്നത് തന്നെ അടുത്ത സച്ചിനെന്ന വിശേഷണവും പേറിയാണ്. ബാറ്റിംഗ് ശൈലിയിലോ ചില സ്ട്രോക്കുകളിലോ ചെറിയൊരു സാമ്യം തോന്നിയാൽ പോലും വിശേഷണങ്ങൾ കൽപിച്ചു നൽകാൻ തയ്യാറായിരിക്കുന്ന ടാബ്ലോയിഡുകൾക്കും കളിയെഴുത്തുകാർക്കും ടെന്‍ഡുല്‍ക്കർ എന്ന മഹാമേരു ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല എന്ന് തിരിച്ചറിയാൻ കഴിയാഞ്ഞിട്ടല്ല. പ്രതിഭയോടൊപ്പം ക്ഷമയും ആത്മവിശ്വാസവും ആത്മസമർപ്പണവും കഠിനാദ്ധ്വാനവും പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചു മുന്നേറാനുള്ള കഴിവും കൂടിച്ചേർന്ന പാതയിലൂടെ തളരാതെ സഞ്ചരിച്ചാണ് സച്ചിൻ ടെന്‍ഡുല്‍ക്കർ ഉയരങ്ങളിലെത്തിയതും അവിടെ തന്നെ തുടർന്നതും. സച്ചിൻ ടെന്‍ഡുല്‍ക്കർ അക്ഷരാർത്ഥത്തിൽ ഒരു റോൾ മോഡലാണ്, വളർന്നു വരുന്ന യുവ ക്രിക്കറ്റർമാർക്കും ജീവിതത്തിൽ വിജയം വെട്ടിപ്പിടിക്കാൻ മുന്നേറുന്നവർക്കും.  

2013 നവംബര്‍ 16ന് സച്ചിന്‍ ടെന്‍ഡുല്‍ക്കർ നിറഞ്ഞ കണ്ണുകളോടെ തന്‍റെ സ്വന്തം കാണികളുടെ മുന്നില്‍ അവസാനമായി ആ പിച്ചില്‍ സ്പര്‍ശിച്ച നിമിഷം ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം അവസാനിച്ചിരുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരവസാനമുണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു തന്നെ അത് കണ്ടിരുന്ന പലര്‍ക്കും ഇന്നും വേദനിപ്പിക്കുന്ന ഓരോര്‍മയാണത്. പ്രതിഭയുടെ ധാരാളിത്തവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കർ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് മൈതാനങ്ങളില്‍ തന്‍റെ കയ്യൊപ്പ് അവശേഷിപ്പിച്ചു കടന്നു പോയി. സച്ചിൻ വിടപറയുമ്പോള്‍ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്നില്‍ ചടഞ്ഞിരുന്നവരുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീണ നീർമണികള്‍ സ്വപ്നതുല്യമായ ആ കരിയറിനോടുള്ള ആദരവായിരുന്നു. ജീനിയസായിരുന്നു ആ മനുഷ്യൻ. ഒരു പുഷ്പം മാത്രം ചോദിച്ചവര്‍ക്ക് ഒരു പൂക്കാലം തന്നെ നല്‍കിയ ബാറ്റ്സ്മാന്‍. അയാള്‍ നടന്നുകയറിയത് കോടിക്കണക്കിനു ആരാധകരുടെ ഹ്ര്യദയങ്ങളിലെക്കായിരുന്നു. ക്രിക്കറ്റ് ഇനിയും ഇവിടെയുണ്ടാകും. സച്ചിന്‍ ടെന്‍ഡുല്‍ക്കർ ഇല്ലാതെ ഇനിയും ഇവിടെ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും. പുതിയ താരോദയങ്ങള്‍ ഇനിയുമുണ്ടാകും. എങ്കിലും ഈ ലോകത്തില്‍ ക്രിക്കറ്റ് എന്ന ഗെയിം നിലനില്‍ക്കുന്നിടത്തോളം കാലം സച്ചിന്‍ രമേശ്‌ ടെന്‍ഡുല്‍ക്കർ ഒരിക്കലും ഒളി മങ്ങാത്ത ഒരു വിഗ്രഹമായി നില നില്‍ക്കും. കോലിമാരും ശര്‍മ്മമാരും ഇനിയും ക്രിക്കറ്റ് മൈതാനങ്ങളെ തീ പിടിപ്പിക്കും. ക്രിക്കറ്റില്‍ പുതിയ വിഗ്രഹങ്ങള്‍ വന്നു കൊണ്ടേയിരിക്കും. പുതിയ താരോദയങ്ങളെ കണ്ടു മതിമറക്കുന്ന ഒരു തലമുറ ടെണ്ടുല്‍ക്കര്‍ ആരായിരുന്നു എന്ന് ചോദിക്കാന്‍ ഇടയായാല്‍ അപ്പോഴേക്കും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട ഒരു പഴയ തലമുറയുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ടാവുന്ന ഈ തലമുറയില്‍ പെട്ടവരില്‍ ഒരാളെങ്കിലും ബാക്കിയുണ്ടെങ്കില്‍ അയാള്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന് പറയും "ഞാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കളി കണ്ടിട്ടുണ്ട്. ടെന്‍ഡുല്‍ക്കർ എന്ന ജീനിയസ് കളിച്ചിരുന്നത് ഞങ്ങളുടെ കാലഘട്ടത്തിലായിരുന്നു. അയാള്‍ക്കപ്പുറം വരില്ല മറ്റൊരു താരോദയവും."  

Read more: സച്ചിന്‍ ആ ചിത്രം ആവശ്യപ്പെട്ടു, എന്നാല്‍ എനിക്കത് നല്‍കാനായില്ല; തെല്ല് വേദനയോടെ ചിത്രകാരന്‍ രതീഷ് ടി

Follow Us:
Download App:
  • android
  • ios