Review 2021 : കോലി-രോഹിത് പോര്, വംശീയ അധിക്ഷേപം; ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച വിവാദ ബൗണ്‍സറുകള്‍
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തൊട്ടു മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള തീരുമാനം സെലക്ടര്‍മാര്‍ ടീം തെരഞ്ഞെടുപ്പിന് ശേഷം അവസാനമാണ് അറിയിച്ചതെന്നും തന്നോട് ആരും ഇതേക്കുറിച്ച് ആശയവിനിമയം നടത്തിയിട്ടില്ലെന്നും തുറന്നുപറഞ്ഞ കോലി, ഗാംഗുലിയുടെ ഉത്തരം മുട്ടിച്ചു.
ഓസ്ട്രേലിയക്കെതിരായ പരമ്പര നേട്ടത്തോടെ തുടങ്ങിയ 2021 ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭപ്രതീക്ഷ സമ്മാനിച്ചാണ് മുന്നേറിയത്. ഓസട്രേലിയയിലെ ഐതിഹാസിക ജയത്തിനിടയിലും ഇന്ത്യന്‍ ക്രിക്കറ്റ് വിവാദങ്ങളുടെ പിച്ചില്‍ തന്നെയാണ് വര്‍ഷം മുഴുവന്‍ ബാറ്റു വീശിയത് എന്നതാണ് രസകരം.
ഓസ്ട്രേലിയയിലെ അപമാനം
ഒരു യക്ഷിക്കഥക്ക് സമാനമായിരുന്നു ഇന്ത്യ ഓസ്ട്രേലിയയില്‍ നേടിയ ടെസ്റ്റ് പരമ്പര നേട്ടം. തിരിച്ചടികളുടെ പരമ്പരകള്‍ക്കൊടുവിലായിരുന്നു ഇന്ത്യ ഐതിഹാസിക വിജയം നേടിയത്. പരിക്കുമൂലം ഒന്നിന് പുറകെ ഒന്നായി കളിക്കാരെ നഷ്ടമായതിന് പിന്നാലെ സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുമ്രക്കും കാണികളുടെ ഭാഗത്തു നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടിവന്നത് ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചു കുലുക്കി. തന്നെയും കാണികള്‍ വംശീയമായി അധിക്ഷേപിച്ചുവെന്ന് അശ്വിന്‍ വെളിപ്പെടുത്തി. പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ത്യ ടെസ്റ്റ് പരമ്പര പോലും ഉപേക്ഷിച്ച് മടങ്ങണമെന്ന ആവശ്യമുയര്‍ന്നു.
വംശീയ അധിക്ഷേപ വിവാദങ്ങള്‍ക്കിടിയിലും സിഡ്നി ടെസ്റ്റില്‍ വീരോചിത സമനില സ്വന്തമാക്കി പരമ്പരയില്‍ പിന്നിലാവാതെ പിടിച്ചു നിന്ന ഇന്ത്യ ഓസീസ് കോട്ടയായ ഗാബയില്‍ കളിക്കാനിറങ്ങിയിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. 32 വര്‍ഷമായി തോറ്റിട്ടില്ലെന്ന ഗാബയിലെ ഓസീസ് റെക്കോര്‍ഡ് കണ്ട് പേടിച്ചിട്ടാണ് ഇന്ത്യ കളിക്കാനിറങ്ങാത്തത് എന്ന മറുവാദവും ഉയര്‍ന്നു. എന്നാല്‍ വിവാദങ്ങളെയെല്ലാം വകഞ്ഞുമാറ്റി ഇന്ത്യ ഗാബയില്‍ കളിച്ചു, ജയിച്ചു, ഗാബയിലെ ഓസീസിന്‍റെ ചരിത്രം ബൗണ്ടറി കടത്തി പരമ്പരയും നേടി.
ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയ സ്പിന്‍ കെണിയും വിവാദ അമ്പയറിംഗും
ഓസീസ് പരമ്പര നേട്ടത്തിനുശേഷം ഇന്ത്യ നാലു മത്സര ടെസ്റ്റ് പരമ്പരക്ക് ഇംഗ്ലണ്ടിന് ആതിഥ്യമൊരുക്കി. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജോ റൂട്ടിന്‍റെ ഇരട്ട സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് ജയിച്ച് മുന്നിലെത്തിയതോടെ ശേഷിക്കുന്ന ടെസ്റ്റുകളില്‍ സ്പിന്‍ കെണിയൊരുക്കി ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തി 3-1ന് പരമ്പര നേടി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അമ്പയര്‍മാരുടെ പല തീരുമാനങ്ങളും വിവാദമുയര്‍ത്തി. തേര്‍ഡ് അമ്പയറുടെ തീരുമാനം പോലും വിമര്‍ശിക്കപ്പെട്ടു. ഒടുവില്‍ ഇംഗ്ലണ്ട് മോശം അമ്പയറിംഗിനെതിരെ മാച്ച് റഫറി ജവഗല്‍ ശ്രീനാഥിന് പരാതി നല്‍കുക കൂടി ചെയ്തു.
ഐപിഎല്ലിന്‍റെ നിറം കെടുത്തിയ കൊവിഡ് ബാധ
ഇംഗ്ലണ്ട് പരമ്പരക്കുശേഷം ബിസിസിഐ ഐപിഎല്ലുമായി മുന്നോട്ടുപോയി. അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. തുടക്കത്തില്‍ നല്ലരീതിയില്‍ മുന്നോട്ടുപോയെങ്കിലും പകുതിയോളം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും കളിക്കാരില്‍ നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഒടുവില്‍ ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിവന്നു. രണ്ടാം പാദ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയും ചെയ്തു.
അശ്വിനെ വീണ്ടും മാന്യത പഠിപ്പിക്കാനിറങ്ങിയ ക്രിക്കറ്റ് ലോകം
ഐപിഎല്ലിലെ ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തില്‍ റണ്ണിനായി ഓടുന്നതിനിടെ ഫീല്‍ഡര്‍ ത്രോ ചെയ്ത പന്ത് പാഡില്‍ തട്ടി പോയതിനുശേഷം രണ്ടാം റണ്ണിനായി ഓടിയ അശ്വിന്‍ ക്രിക്കറ്റിന്‍റെ മാന്യത തകര്‍ത്തുവെന്ന് കൊല്‍ക്കത്ത താരം ടിം സൗത്തിയും ഏത് ഏറ്റുപിടിച്ച് കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനും രംഗത്തുവന്നത് ക്രിക്കറ്റ് ലോകത്ത് വീണ്ടും മാന്യത ചര്‍ച്ചാ വിഷയമാക്കി. സമൂഹമാധ്യമങ്ങളിലൂടെ പലരും അശ്വിനെ മാന്യത പഠിപ്പിക്കാനിറങ്ങിയതും അശ്വിന്‍ ഇതിന് നല്‍കിയ മറുപടികളും വീണ്ടും വിവാദത്തിരി കൊളുത്തി.
ടി20 ലോകകപ്പിലെ ടോസ് വിവാദം
ടി20 ലോകകപ്പില്‍ പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോറ്റ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരായ മൂന്നാം മത്സരത്തില്‍ വമ്പന്‍ ജയം അനിവാര്യമായിരുന്നു. ടോസ് നിര്‍ണായകമായിരുന്ന യുഎഇയിലെ പിച്ചുകളില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതായിരുന്നു ടോസ് നേടുന്ന ക്യാപ്റ്റന്‍മാര്‍ ചെയ്തിരുന്നത്. പാക്കിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരെ ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായതും ടോസ് നഷ്ടമായത് ആയിരുന്നു.
എന്നാല്‍ ഇന്ത്യക്കെതിരെ ടോസ് നേടിയിട്ടും അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ബാറ്റിംഗ് തെരഞ്ഞെടുത്തത് അരാധകരെ അമ്പരപ്പിച്ചു. അഫ്ഗാനും സെമി സാധ്യത നിലനില്‍ക്കെയായിരുന്നു ഇത്. ടോസ് നേടിയശേഷം അഫ്ഗാന്‍ ക്യാപ്റ്റന്‍ നബി കോലിയോട് ബാറ്റിംഗ് തെരഞ്ഞെടുത്തുവെന്ന് പറയുന്നത് കോലി നബിയോട് ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന രീതിയില്‍ ചിത്രീകരിക്കപ്പെട്ടു. എന്തായാലും ഇന്ത്യ സെമി കാണാതെ പുറത്തായതിനാല്‍ ആ വിവാദം അവിടെ തീര്‍ന്നു.
ക്യാപ്റ്റന്‍റെ തൊപ്പിയൂരിയ കിംഗ് കോലി
ടി20 ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രഖ്യാപനം ഒരു മുഴം മുമ്പെയുള്ള നീട്ടിയേറായിരുന്നു. ടി20 ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്യില്ലായിരുന്നു. സെമി പോലും കാണാതെ പുറത്താതോടെ ക്യാപ്റ്റന്‍റെ തൊപ്പിയൂരാന്‍ കോലിക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. കോലിയുടെ പകരക്കാരനായി പലപേരുകളും ഉയര്‍ന്നെങ്കിലും സ്വാഭാവിക ചോയ്സായി രോഹിത് തന്നെ ടി20 നായകസ്ഥാനത്ത് എത്തുകയും ചെയ്തു.
കോലിയെ ക്ലീന്‍ ബൗള്‍ഡാക്കിയ സെലക്ടര്‍മാര്‍
എന്നാല്‍ കഥയിലെ ട്വിസ്റ്റ് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീം തെരഞ്ഞെടുപ്പിനൊടുവില്‍ ഏകദിന നായക സ്ഥാനത്തു നിന്ന് സെലക്ടര്‍മാര്‍ പുറത്താക്കി. രോഹിത് ശര്‍മയെ ഏകദിന നായകനായി തെരഞ്ഞെടുക്കുന്നുവെന്ന ഒറ്റവരിയില്‍ ബിസിസിഐ ആ തീരുമാനത്തെ ഒതുക്കി. കോലിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ കൂടെ അനുവാദത്തോടെയാണ് തീരുമാനമെടുത്തതെന്നും വ്യക്തിപരമായി അദ്ദേഹത്തോട് സംസാരിച്ചുവെന്നും പറഞ്ഞ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വിഷയം മയപ്പെടുത്തിയെങ്കിലും അടുത്ത ട്വിസ്റ്റ് കോലിയുടെ വാര്‍ത്താസമ്മേളനമായിരുന്നു.
ഗാംഗുലിയുടെ വായടപ്പിച്ച കോലി
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തൊട്ടു മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള തീരുമാനം സെലക്ടര്‍മാര്‍ ടീം തെരഞ്ഞെടുപ്പിന് ശേഷം അവസാനമാണ് അറിയിച്ചതെന്നും തന്നോട് ആരും ഇതേക്കുറിച്ച് ആശയവിനിമയം നടത്തിയിട്ടില്ലെന്നും തുറന്നുപറഞ്ഞ കോലി, ഗാംഗുലിയുടെ ഉത്തരം മുട്ടിച്ചു. പരസ്യ മറുപടി നല്‍കാന്‍ ഗാംഗുലി ഇതുവരെ തയാറായിട്ടില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചേരികള്‍ രൂപ്പപ്പെടുന്നതിന്‍റെ ഉദാഹരണമായി കോലിയുടെ തിരിച്ചടി.
കോലിയെ കൈവിട്ട് രോഹിത്തിനെ പുണര്‍ന്ന് ബിസിസിഐ
വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ പരസ്പരം പോരടിക്കുന്നുവെന്ന വാര്‍ത്തകളും വിവാദങ്ങളും ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ അറിയാവുന്ന പരസ്യമായ രഹസ്യമാണ്. പരസ്യമായി പരസ്പരം ബഹുമാനത്തോടെയും ആദരവോടെയും പെരുമാറുന്ന ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന് വ്യക്തമാക്കുന്ന പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാനുമാവും. എന്നാല്‍ അതില്‍ ബിസിസിഐ കൂടി ഒരു ഭാഗമാവുകയും കോലി അതിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്യുന്നതാണ് ഏകദിന ക്യാപ്റ്റനായി രോഹിത്തിനെ തെരഞ്ഞെടുത്തതിന് പിന്നാലെ ആരാധകര്‍ കണ്ടത്.
ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായി രോഹിത്തിനെ ഉയര്‍ത്തുക കൂടി ചെയ്തതോടെ ബിസിസിഐയുടെ ഉള്ളിലിരുപ്പ് കോലിക്ക് മനസിലാവുകയും ചെയ്തു. ഐസിസി കിരീടങ്ങളില്ലെന്ന കുറവിന് പിന്നാലെ കോലിയിലെ ബാറ്റര്‍ നിറം മങ്ങുക കൂടിചെയ്തതോടെ ബിസിസിഐക്ക് കാര്യങ്ങള്‍ എളുപ്പമായി. രവി ശാസ്ത്രിക്ക് പകരം അടുത്ത സുഹൃത്തായ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലകനായി നിയമിച്ച ഗാംഗുലി കടിഞ്ഞാണ്‍ ഏറ്റെടുക്കുക കൂടി ചെയ്തതോടെ കോലിക്ക് കാര്യങ്ങള്‍ വ്യക്തമായി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്കുമൂലം രോഹിത് ശര്‍മ വിട്ടു നിന്നതോടെ കോലിക്ക് കീഴില്‍ കളിക്കാന്‍ തയാറാവാത്തതുകൊണ്ടാണ് വിട്ടു നില്‍ക്കുന്നതെന്ന വ്യാഖ്യാനമുണ്ടായി.
പിന്നാലെ ടെസ്റ്റ് പരമ്പരക്കു പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയില്‍ കോലി കളിക്കില്ലെന്നും വിശ്രമം ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ബിസിസിഐ തന്നെ കോലി വിശ്രമം ആവശ്യപ്പെട്ട കാര്യം സ്ഥിരീകരിച്ചു. രോഹിത്തിന് കീഴില്‍ കളിക്കാന്‍ തയാറാല്ലാത്തതുകൊണ്ടാണ് കോലി ഏകദിന പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും പ്രചാരണമുണ്ടായി. എന്നാല്‍ ഏകദിന പരമ്പരയില്‍ വിശ്രമം ആവശ്യപ്പെട്ടിട്ടില്ലെന്നും പരമ്പരയില്‍ കളിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതോടെ ബിസിസിഐ വെട്ടിലായി. എങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര കോലിയിലെ ബാറ്റര്‍ക്കും ക്യാപ്റ്റനും ഏറെ പ്രധാനമാണ്. ചരിത്രം തിരുത്തി പരമ്പര നേടിയാല്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് കുറച്ചുകാലം കൂടി കോലിക്ക് തുടരാനാവും. പരമ്പര അടിയറവ് വെക്കുകയും ബാറ്റുകൊണ്ട് നിരാശപ്പെടുത്തുകയും ചെയ്താല്‍ കോലിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും വൈകാതെ തെറിച്ചേക്കും.