കളിയിൽ നിർണായകമായേക്കാവുന്ന മഴ നിയമം
ബ്രയാൻ മക്മില്ലൻ ആയിരുന്നു ക്രീസിൽ. അദ്ദേഹം ആ ബോളിനെ അടിക്കാൻ പോലും മിനക്കെട്ടില്ല. എത്ര ആഞ്ഞടിച്ചാലും ഒരു പന്തിൽ 21 റൺസൊന്നും കിട്ടില്ലല്ലോ..!
ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഇന്ന് മഴ കവരുമോ..? മഴപെയ്താൽ 'ഡക്ക്‌വര്‍ത്ത് - ലൂയിസ് - സ്റ്റേൺ നിയമ'മെന്ന ക്രിക്കറ്റ് കണക്കുകളിലെ 'വില്ലന്‍' അവതരിക്കുമോ. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ നിയമമിങ്ങനെ. 1997-ൽ ബ്രിട്ടീഷ് സ്റ്റാറ്റിറ്റിഷ്യന്മാരായ ഫ്രാങ്ക് ഡക്ക്‌വര്‍ത്തും ടോണി ലൂയിസും ചേർന്നാണ് ഡക്ക്‌വര്‍ത്ത് - ലൂയിസ് നിയമം എന്ന പേരിൽ ക്രിക്കറ്റ് കളിയുടെ വാശിയേറിയ പോരാട്ടങ്ങളിൽ രസംകൊല്ലിയായി മഴ അവതരിക്കുമ്പോൾ മാറുന്ന മത്സരസമവാക്യങ്ങളെ ക്രമപ്പെടുത്താൻ വേണ്ടി മഴനിയമങ്ങൾ കൊണ്ടുവന്നത്. ഈ നിയമങ്ങളെ 1999-ൽ ഐസിസി അംഗീകരിച്ചു. 2014-ൽ ഡക്ക്‌വര്‍ത്തും ലൂയിസും റിട്ടയറായപ്പോൾ പ്രൊഫസർ സ്റ്റീവൻ സ്റ്റേൺ ചുമതലയേറ്റെടുക്കുകയും ചില്ലറ മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. അതോടെ നിയമത്തിന്റെ പേരിൽ പ്രൊഫ.സ്റ്റേണിന്റെ പേരും കൂട്ടിച്ചേർക്കപ്പെട്ടു.
'പ്രൊഫ. ഫ്രാങ്ക് ഡക്ക്‌വര്‍ത്തും പ്രൊഫ. ടോണി ലൂയിസും പിന്നെ പ്രൊഫ. സ്റ്റീവൻ സ്റ്റേണും '
എന്താണ് ഈ 'ഡക്ക്‌വര്‍ത്ത് - ലൂയിസ് - സ്റ്റേൺ നിയമം' ?
മഴകാരണം ഒരു മത്സരത്തിൽ ഓവറുകൾ നഷ്ടപ്പെടുമ്പോൾ, ഈ നിയമം, ഏറെക്കുറെ ന്യായമായ രീതിയിൽ കളിയെ ലഭ്യമായ സമയത്തിലേക്ക് പുനഃക്രമീകരിക്കാൻ സഹായിക്കുന്നു. സാധാരണയായി സംഭവിക്കുന്നത് ഇപ്രകാരമാണ്. ആദ്യം ബാറ്റുചെയ്യുന്ന ടീം അമ്പത് ഓവറും ബാറ്റുചെയ്ത് ഒരു സ്‌കോർ കെട്ടിപ്പടുക്കുന്നു. മറുപടി ബാറ്റിങ്ങിന് എതിർ ടീം ഇറങ്ങുമ്പോൾ മഴ വില്ലനായി അവതരിക്കുന്നു. കുറേ നേരം മഴ കാരണം നഷ്ടമാവുന്നു. പിന്നീട് മഴ മാറി, മാനം തെളിഞ്ഞ്, പിച്ചുണങ്ങി, രണ്ടാമതും കളിക്കാം എന്ന ഒരു സാഹചര്യം വരുന്നു. പക്ഷേ, ബാക്കിയുള്ള മുഴുവൻ ഓവറുകളും എറിയാൻ സമയമില്ല. ബാക്കിയുള്ള സമയം കൊണ്ട് എത്ര ഓവർ എറിയാം..? ആ ഓവറിൽ എത്ര റൺസ് ലക്ഷ്യമായി ഉറപ്പിക്കണം..? നിയമം കണ്ടുപിടിക്കാൻ സഹായിക്കുന്നത് ഇതുരണ്ടുമാണ്.
ഈ നിയമത്തിന്റെ ഗതി നിർണയിക്കുന്നത് മൂന്നു കാര്യങ്ങളാണ്. എത്ര റൺസാണ് ഇനിയും എടുക്കാനുള്ളത്..? എത്ര ഓവർ ബാക്കിയുണ്ട്..? ഇതുവരെ എത്ര വിക്കറ്റ് നഷ്ടമായിട്ടുണ്ട് ?
എന്തുകൊണ്ട് 'ഡക്ക്‌വര്‍ത്ത് - ലൂയിസ്' നിയമം ?
ആദ്യമായി ഐസിസി ഇങ്ങനെ ഒരു നിയമത്തെപ്പറ്റി ചിന്തിക്കാൻ കാരണം 1992-ൽ നടന്ന ഒരു വേൾഡ് കപ്പ് സെമിഫൈനൽ മത്സരമാണ്. അന്ന് 'പ്രൊഡക്ടീവ് ഓവർ മെത്തേഡ്' എന്നറിയപ്പെട്ടിരുന്ന ഒരു രീതിയിലാണ് മഴ വില്ലനാവുന്ന കളികളിൽ ലക്ഷ്യം പുനർനിർണ്ണയിച്ചിരുന്നത്.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 252 എന്ന ലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്കുമുന്നിൽ വെച്ചത്. ചെറിയ തോതിൽ മഴ ചാറിത്തുടങ്ങിയപ്പോഴൊന്നും കാളി നിർത്തിയില്ല. ഔട്ട് ഫീൽഡിൽ നിന്നിരുന്ന അലൻ ലാംബ് അടക്കമുള്ളവർ ക്യാപ്റ്റൻ ഗ്രഹാം ഗൂച്ചിനോട് പരാതിപ്പെട്ടു. അദ്ദേഹം അമ്പയർമാർ ചെന്നുകണ്ട് കളി തുടരാൻ പ്രയാസമുണ്ട് എന്നറിയിച്ചു. അപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത് 13 പന്തിൽ 22 റൺസ്. മഴയുടെ ആക്രമണം നിന്ന് കളിക്കാനായി വീണ്ടും രണ്ടു ടീമുകളും അമ്പയർമാരും കളിക്കളത്തിലേക്കിറങ്ങി. അപ്പോഴേക്കും അവശേഷിക്കുന്ന സമയം കുറവായിരുന്നു. അമ്പയർമാർ ലക്‌ഷ്യം പുനർ നിർണയിച്ച് സ്റ്റേഡിയത്തിലെ വലിയ ഇലക്ട്രോണിക് സ്‌കോർ ബോർഡിൽ പ്രദർശിപ്പിച്ചു. വിജയം മുന്നിൽ കണ്ടു നിന്നിരുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ ഞെട്ടി. ജയിക്കാൻ അവർ നേടേണ്ടിയിരുന്നത് 1 പന്തിൽ നിന്നും 21 റൺസ്. ലക്ഷ്യത്തിൽ നിന്നും ആകെ കുറയ്ക്കപ്പെട്ടത് ഒരേയൊരു റൺസ് മാത്രം.
ബ്രയാൻ മക്മില്ലൻ ആയിരുന്നു ക്രീസിൽ. അദ്ദേഹം ആ ബോളിനെ അടിക്കാൻ പോലും മിനക്കെട്ടില്ല. എത്ര ആഞ്ഞടിച്ചാലും ഒരു പന്തിൽ 21 റൺസൊന്നും കിട്ടില്ലല്ലോ..! ആ മത്സരം ഇംഗ്ലണ്ട് തികച്ചും അന്യായമായ രീതിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും പിടിച്ചെടുത്തു. ഫൈനലിൽ ചെന്ന ഇംഗ്ലണ്ടിനെ പാകിസ്ഥാൻ തോൽപ്പിച്ചത് ചരിത്രം.
അന്ന് ദക്ഷിണാഫ്രിക്കയുടെ സങ്കടം കണ്ടു മനസ്സുമടുത്ത കമന്റേറ്റർമാരിൽ ഒരാൾ ഇപ്രകാരം പറഞ്ഞു, " ആരെങ്കിലും.. എന്നെങ്കിലും ഒക്കെ ഇതിന് ഒരല്പം കൂടി ന്യായമായ ഒരു പരിഹാരവുമായി വരുമായിരിക്കും.." അതൊരു ഗണിതശാസ്ത്ര പ്രശ്നമായിരുന്നു. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ ഒരു സ്റ്റാറ്റിസ്റ്റിക്കൽ പ്രശ്നം. അതിന് വേണ്ടിയിരുന്നത്, കുറേക്കൂടി ശാസ്ത്രീയമായ ഒരു സ്റ്റാറ്റിസ്റ്റിക്കൽ പരിഹാരമായിരുന്നു.
അന്ന് ഐസിസിക്കു വേണ്ടി പ്രൊഫ. ഫ്രാങ്ക് ഡക്ക്‌വര്‍ത്തും പ്രൊഫ. ടോണി ലൂയിസും നടത്തിയ അന്വേഷണങ്ങളുടെ ഫലമായിട്ടാണ് ഇന്നുകാണുന്ന 'ഡക്ക്‌വര്‍ത്ത് - ലൂയിസ്' മഴനിയമത്തിന്റെ പ്രാഥമിക രൂപം ഉണ്ടായി വരുന്നത്. തങ്ങളുടെ നിയമപ്രകാരമായിരുന്നെങ്കിൽ അവശേഷിച്ചിരുന്ന അവസാന പന്തിൽ ദക്ഷിണാഫ്രിക്കക്ക് 5 റൺസ് എന്ന വിജയ ലക്ഷ്യമേ വരുമായിരുന്നുള്ളൂ എന്ന് പ്രൊഫസർമാർ പറഞ്ഞപ്പോൾ ഐസിസിക്ക് ആ നിയമം ബോധിച്ചു.
അവർ ആ നിയമത്തിൽ തുടർന്നും ഗവേഷണങ്ങൾ നടത്തി. വിവിധങ്ങളായ സാദ്ധ്യതകളിൽ ആ നിയമം പുനർനിർണ്ണയിച്ചേക്കാവുന്ന ലക്ഷ്യങ്ങളെ അവർ പഠനവിധേയമാക്കി. ഒടുവിൽ പരീക്ഷണ ഘട്ടങ്ങൾക്കൊടുവിൽ 1997 ജനുവരി ഒന്നാം തീയതി സിംബാബ്‌വേ-ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ രണ്ടാം മത്സരത്തിൽ ആ നിയമം ആദ്യമായി അന്താരാഷ്ട്ര ഏകദിനങ്ങളിൽ അവതരിച്ചു. ആ മത്സരം സിംബാബ്‌വേ 7 റൺസിന് വിജയിച്ചു. 1999-ൽ ഐസിസി ഏകദിനങ്ങൾക്കുവേണ്ടി ആ നിയമത്തെ ഔപചാരികമായി അംഗീകരിച്ചു.
എന്താണ് നിയമം
നഷ്ടപ്പെട്ട വിക്കറ്റുകളുടെയും അവശേഷിക്കുന്ന ഓവറുകളുടെയും ഒരു ടേബിൾ ആണ് ഈ നിയമത്തിന്റെ അടിസ്ഥാന രേഖ. ഒന്നാം ഇന്നിങ്സിൽ സ്‌കോർ ചെയ്യപ്പെട്ട റൺസിന്റെ ഇത്ര ശതമാനം എന്ന രീതിയിൽ ഈ ടേബിളിൽ നിന്നും മഴയുടെ ഇടപെടലിന് ശേഷമുള്ള ലക്‌ഷ്യം കണ്ടെത്താം. ഈ ശതമാനക്കണക്ക് കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായ ഒരു സ്റ്റാറ്റിസ്റ്റിക്സ് സമീപനത്തിലൂടെയാണ് എന്നുമാത്രം. ഇന്നിങ്‌സുകൾക്കിടയിലെ ഇടവേളയിൽ ഈ ടേബിൾ തയ്യാറാക്കപ്പെടും. ഈ നിയമത്തെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആ പ്രക്രിയയിൽ കളിയെ സ്വാധീനിക്കുന്ന പല ഘടകങ്ങളെയും പരിഗണിക്കുന്നുണ്ട്.
'മഴനിയമ'ത്തിനെതിരായുയർന്ന വിമർശനങ്ങൾ
നഷ്ടപ്പെടുന്ന ഓവറുകളെക്കാൾ വളരെയധികം ഊന്നൽ നഷ്ടപ്പെടുന്ന വിക്കറ്റുകൾക്ക് നല്കപ്പെടുന്നുണ്ട് എന്ന ഒരു വിമർശനമാണ് ഏറ്റവും പ്രധാനം. അതായത്, രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം, മഴ വരാൻ പോവുന്നു എന്ന സംശയമുണ്ടങ്കിൽ, വിക്കറ്റു നഷ്ടപ്പെടുത്താതെ കളിക്കാൻ ശ്രമിച്ചാൽ മഴ നിയമം പ്രയോഗിക്കുന്ന വേളയിൽ അവർക്ക് നേട്ടമുണ്ടാക്കാൻ. 2015-ൽ ഈ ഒരു ലൂപ്പ് ഹോൾ പരിഗണിച്ചുകൊണ്ടുള്ള മാറ്റങ്ങൾ നിയമത്തിൽ വരുത്തപ്പെട്ടു. ഫീൽഡിങ്ങ് നിയന്ത്രണങ്ങളുടെ സ്വാധീനത്തെ പരിഗണിക്കുന്നില്ല എന്നൊരു ആരോപണവും നിലവിലുണ്ട്. അതിസങ്കീർണ്ണമായ കണക്കുകൂട്ടലുകൾ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നൊരു പരാതിയും കളിക്കാർക്കിടയിലും കോച്ചുമാർക്കിടയിലുമുണ്ട്. ഉദാ. 2009-ൽ ഇംഗ്ലണ്ടും വിൻഡീസും തമ്മിൽ നടന്ന ഒരു ഏകദിന മത്സരത്തിന്റെ അവസാനഘട്ടത്തിൽ വെളിച്ചക്കുറവുണ്ട് എന്ന പേരിൽ വിൻഡീസ് കോച്ച് ജോൺ ഡൈസൻ തന്റെ കളിക്കാരോട് കളി അവസാനിപ്പിച്ച് തിരികെ കൂടാരം കേറാൻ പറഞ്ഞിരുന്നു. ആ നിമിഷം കളി നിർത്തിയാൽ വിൻഡീസ് 1 റണ്ണിന് ജയിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, അന്ന് മാച്ച് റഫറിയായിരുന്ന ജവഗൽ ശ്രീനാഥ് വിൻഡീസ് കോച്ചിന്റെ തീരുമാനം അംഗീകരിച്ചുകൊണ്ട് ആ സന്തോഷവാർത്ത അദ്ദേഹത്തെ അറിയിച്ചു. " നിങ്ങളുടെ ടീം ഒരു റണ്ണിന് തോറ്റിരിക്കുന്നു.."
മഴ നിയമത്തിന്റെ 'ദക്ഷിണാഫ്രിക്കാ വിരോധം'
ദക്ഷിണാഫ്രിക്കയുടെ സങ്കടം കണ്ടുണ്ടാക്കിയ നിയമം പിന്നീടും അവരെ കണ്ണീരുകുടിപ്പിച്ചു, 2003 -ലെ ലോകകപ്പിൽ. ഷോൺ പോള്ളോക്ക് ആയിരുന്നു ക്യാപ്റ്റൻ. ശ്രീലങ്കയ്‌ക്കെതിരായ അവരുടെ മത്സരം സമനിലയിൽ അവസാനിച്ചു. അവർ ലോകകപ്പിൽ നിന്നും പുറത്തായി. മാർച്ച് 3-ന് ഡർബനിലായിരുന്നു മത്സരം. കളി തുടങ്ങും മുമ്പേ തന്നെ മഴക്കാറുകെട്ടിയ ആകാശമായിരുന്നു. ഗ്രൂപ്പ് ബിയിലെ അവരുടെ അവസാന മത്സരം. മുന്നോട്ടുപോവണമെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിച്ചേ തീരൂ. കഴിഞ്ഞ ലോകകപ്പിന്റെ സെമിയിൽ ഓസ്‌ട്രേലിയയോട് ഒരു സമനില വഴങ്ങി പുറത്തുപോവേണ്ടിവന്ന ദക്ഷിണാഫ്രിക്ക ഇക്കുറിയും, ' ജയം, അല്ലെങ്കിൽ പുറത്തുപോകൽ' എന്ന അവസ്ഥയിലായിരുന്നു.
ജയിക്കാൻ അവർക്ക് വേണ്ടിയിരുന്നത് 269 റൺസ്. അർധസെഞ്ച്വറി നേടിയ ഗിബ്സ് ഇട്ട അടിത്തറമേൽ, ക്യാപ്റ്റൻ പൊള്ളോക്കും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാർക്ക് ബൗച്ചറും ചേർന്ന് ആറാം വിക്കറ്റിൽ നടത്തിയ രക്ഷാപ്രവർത്തനം അവരെ ആറിന് 212 എന്ന നിലയിലെത്തിച്ചു. നാല്പത്തി രണ്ടാമത്തെ ഓവറിൽ പൊള്ളോക്കിനെ മുത്തയ്യാ മുരളീധരൻ റണ്ണൗട്ടാക്കി. ലാൻസ് ക്ലൂസ്നറും ബൗച്ചറും കൂടി പോരാട്ടം തുടരുന്നു.
ഇനിയാണ് ഡക്ക് വർത്ത് ലൂയിസ് നിയമത്തിന്റെ കളി . ബൗച്ചറോട് പവലിയനിലിരുന്ന് കണക്കുകൂട്ടിയ ടീമംഗങ്ങൾ പറഞ്ഞത് നാല്പത്തഞ്ച് ഓവറിൽ 229 റൺസ് എടുത്താൽ മഴവന്നാലും കളിജയിക്കും എന്നാണ്. നാല്പത്തഞ്ചാമത്തെ ഓവറിന്റെ അഞ്ചാമത്തെ പന്ത്. ബൗച്ചർ ക്രീസിൽ നിന്നും സ്റ്റെപ്പ് ഔട്ട് ചെയ്തിറങ്ങി മുരളീധരന്റെ പന്തിനെ ഗാലറിയിലേക്ക് സിക്സർ പായിച്ചു. സ്‌കോർ 229. ജയിച്ചു എന്ന് മനസ്സിൽ ഉറപ്പിച്ച ബൗച്ചർ തന്റെബാറ്റുയർത്തി കണികളെയും ടീം അംഗങ്ങളെയും അഭിവാദ്യം ചെയ്തു.
അപ്പോഴേക്കും ദക്ഷിണാഫ്രിക്കൻ പവലിയനിൽ വല്ലാത്തൊരു അങ്കലാപ്പ് ദൃശ്യമാവാൻ തുടങ്ങി. അവരുടെ കണക്കുകൂട്ടലിൽ ഒരു റണ്ണിന്റെ കുറവ് വന്നിരിക്കുന്നു. ശരിക്കും 25 ഓവറിൽ 229 റൺസ് അല്ല വേണ്ടിയിരുന്നത് ജയിക്കാൻ, 230 ആണ്. ക്രീസിൽ മുരളീധരന്റെ ആ ഓവറിലെ അവസാനത്തെ പന്ത് നേരിടാൻ സ്റ്റാൻസ് എടുത്ത ബൗച്ചർ ജയിച്ചു എന്നുറപ്പിച്ചാണ് നില്കുന്നത്. കോച്ച് പന്ത്രണ്ടാമനായ നിക്കി ബോയെയെ ഒരു ടവ്വലും കയ്യിൽ പിടിപ്പിച്ച് പിച്ചിലേക്ക് പറഞ്ഞുവിട്ടു, ഈ വിവരം അടിയന്തരമായി ബൗച്ചർ അറിയിക്കാൻ. എന്നാൽ, പവലിയനിൽ നിന്നും ബോയെ ഓടി കളിക്കളത്തിൽ എത്തും മുമ്പ് മുരളീധരൻ അവസാനത്തെ പന്ത് എറിഞ്ഞു. ജയിച്ചു കഴിഞ്ഞു എന്ന് ധരിച്ചിരുന്ന ബൗച്ചർ അത് മുട്ടി. റൺസിനായി ഓടാൻ മിനക്കെട്ടില്ല. ആ ഓവർ അവസാനിച്ചു.
പിന്നെ മഴ പെയ്തു. ഒരുപന്തുപോലും എറിയാൻ കഴിഞ്ഞില്ല. കമന്ററി ബോക്സിൽ ഇരുന്ന ടോണി ഗ്രെഗിന് കര്യം മനസ്സിലായി. ആ നിമിഷം ഡ്രെസ്സിങ്ങ് റൂമിന്റെ ജനാലയിൽ കണ്ട ഷോൺ പൊള്ളോക്കിന്റെ ആശങ്കാകുലമായ മുഖം ക്രിക്കറ്റ് പ്രേമികൾ മറക്കില്ല.
പെയ്തുകൊണ്ടിരുന്നു മഴ രാത്രി പത്തുപത്തരയായിട്ടും നിന്നില്ല. അമ്പയർമാർ സ്റ്റീവ് ബക്ക്‌നറും വെങ്കട്ടരാഘവനും ചേർന്ന് മത്സരം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം സമനിലയിൽ അവസാനിച്ചതായി പ്രഖ്യാപിച്ചു.
ദക്ഷിണാഫ്രിക്ക അതോടെ ആ ലോകകപ്പിൽ നിന്നും പുറത്തായി. ഡക്ക് വർത്ത് ലൂയിസ് നിയമം പിന്നീടൊരിക്കൽ, 2015-ൽ കൂടി ദക്ഷിണാഫ്രിക്കയെ ലോകകപ്പിൽ നിന്നും പുറത്താക്കി.
ഇന്ന് ഇന്ത്യ - ന്യൂസിലൻഡ് സെമി ഫൈനൽ മത്സരത്തിന് മുകളിൽ മഴ ഒരു സാധ്യതയായി തൂങ്ങി നിൽക്കുമ്പോൾ, ഈ മഴ നിയമം എന്തൊക്കെ സ്വാധീനങ്ങളാവും ചെലുത്തുക എന്നത് കളിപ്രേമികൾ ഉറ്റുനോക്കുന്ന ഒന്നാണ്. കാത്തിരുന്നു തന്നെ കാണാം.
മാഞ്ചസ്റ്ററിൽ മഴ പെയ്താൽ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നത് ഇങ്ങനെയാകും. ടോസിനു ശേഷം മഴ രസം കൊല്ലിയായാൽ കളിയുടെ ബാക്കി റിസർവ് ദിവസത്തിൽ നടക്കും. രണ്ടാമതും ടോസിട്ട് മത്സരം പുതിയതായി തുടങ്ങില്ലെന്ന് ചുരുക്കം. ഇനി രണ്ടാം ദിവസവും മഴപെയ്താൽ മഴ നിയമ പ്രകാരം വിജയിയെ നിശ്ചയിക്കും. മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ടീം ഫൈനലിലേക്ക് മുന്നേറും.