'അഞ്ഞൂറാനായി' ക്രിസ് ഗെയില്‍; ലോക റെക്കോര്‍ഡ്
14 സിക്സും 11 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 14 സിക്സര്‍ അടിച്ച പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്സറുകള്‍ തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ഗെയില്‍ സ്വന്തം പേരിലാക്കി.
സെന്റ് ജോര്‍ജ്: ക്രിക്കറ്റിലെ യൂണിവേഴ്സല്‍ ബോസ് താന്‍ തന്നെയെന്ന് ക്രിസ് ഗെയില്‍ 39-ാം വയസിലും തെളിയിച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ വിന്‍ഡീസിനെ വിജയവര കടത്താനായില്ലെങ്കിലും 97 പന്തില്‍ 162 റണ്‍സടിച്ച ഗെയില്‍ ലോകകപ്പിനെത്തുന്ന ടീമുകള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
14 സിക്സും 11 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 14 സിക്സര്‍ അടിച്ച പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്സറുകള്‍ തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ഗെയില്‍ സ്വന്തം പേരിലാക്കി. 506 സിക്സറുകളാണ് ഇപ്പോള്‍ ഗെയിലിന്റെ പേരിലുള്ളത്. ടെസ്റ്റില്‍ 98ഉം ഏകദിനത്തില്‍ 305ഉം ടി20യില്‍ 103ഉം സിക്സറുകളാണ് ഗെയിലിന്റെ പേരിലുള്ളത്.
ഏകദിന ക്രിക്കറ്റില്‍ 351 സിക്സറുകള്‍ അടിച്ചിട്ടുള്ള പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് ഒന്നാം സ്ഥാനത്ത്. സിക്സര്‍ നേട്ടത്തിനൊപ്പം വെടിക്കെട്ട് ഇന്നിംഗ്സിനൊടുവില്‍ മറ്റൊരു വ്യക്തിഗത നേട്ടം കൂടി ഗെയില്‍ സ്വന്തം പേരിലാക്കി. ബ്രയാന്‍ ലാറക്കുശേഷം(10405 റണ്‍സ്) ഏകദിനങ്ങളില്‍ 10000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ വിന്‍ഡീസ് ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ്. 10074 റണ്‍സാണ് ഇപ്പോള്‍ ഗെയിലിന്റെ പേരിലുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന പതിനാലാമത്തെ ബാറ്റ്സ്മാനാണ് ഗെയില്‍.