പാട്ടസൈക്കിളിൽ നഗ്നപാദനായി പണക്കാരുടെ പിള്ളേരോട് മത്സരിച്ചു സൈക്കിൾ ചവിട്ടിയ പയ്യനെത്തേടി സമ്മാനപ്പെരുമഴ

ബ്രേക്കുപോലും പിടിച്ചാൽ കിട്ടാത്ത തന്റെ പഴഞ്ചൻ സൈക്കിൾ ചവിട്ടുമ്പോഴും, അവന്റെ ഉള്ളിലെ ഉശിരിന് ഒട്ടും കുറവുണ്ടായിരുന്നില്ല. 

cambodian boy races barefoot with a broken bicycle makes netizens shower sponsorship
Author
Cambodia, First Published Nov 16, 2020, 5:20 PM IST

ഇന്റർനെറ്റ് വല്ലാത്തൊരു ലോകമാണ്. ഇവിടെ എന്തൊക്കെ പ്രശ്നങ്ങളുണ്ട്, കുഴപ്പങ്ങളുണ്ട് എന്നൊക്കെ ആക്ഷേപം പറഞ്ഞാലും, ഈ വിർച്വൽ ലോകത്തിന് സങ്കൽപ്പിക്കാൻ പോലുമാകാത്ത അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള സിദ്ധികൂടിയുണ്ട്. അത്തരത്തിൽ ഒന്ന് നടന്നിരിക്കുന്നത് കഴിഞ്ഞ ദിവസം, കംബോഡിയ എന്ന രാജ്യത്താണ്. കഴിഞ്ഞ ദിവസം കംബോഡിയയിൽ സോഷ്യൽ മീഡിയ സ്വന്തമാക്കി പങ്കുവെച്ച ഒരു വൈറൽ ചിത്രമുണ്ട്. അത് തന്റെ  പാട്ടസൈക്കിളിൽ, നഗ്നപാദനായി, എന്നാൽ പോരാട്ടവീര്യം ഒട്ടും ചോർന്നുപോകാതെ തന്നെ, പണക്കാരുടെ പിള്ളേരോട് മത്സരിച്ചു സൈക്കിൾ ചവിട്ടിയ  ഒരു പയ്യന്റേതാണ്. അവന്റെ പേര്‌, പിച്ച് തിയാറ എന്നാണ്. 

എംടിബി നടത്തിയ 2020  സൈക്ലിങ് പ്രോഗാം എന്ന സൈക്കിൾ റേസിൽ പിച്ച് മത്സരിച്ച് സൈക്കിൾ ചവിട്ടുന്ന ചിത്രമാണ് സൈബർ ലോകം ഏറ്റെടുത്തത്. മറ്റുള്ള കുട്ടികളൊക്കെ സൈക്ലിങ് ഗിയർ അണിഞ്ഞ്, തലയിൽ ഹെൽമെറ്റും വെച്ച്, സൈക്ലിങ് ഷൂസും ധരിച്ച്, ലക്ഷങ്ങൾ വിലയുള്ള സൈക്കിളിൽ റേസ് ചെയ്തപ്പോൾ, അവരിൽ പലരെയും പിന്നിലാക്കിയ പിച്ചിന് കാലിൽ ഒരു നല്ല ഷൂസ് പോലും ഉണ്ടായിരുന്നില്ല. എന്നാൽ, നഗ്നപാദനായി, ബ്രേക്കുപോലും പിടിച്ചാൽ കിട്ടാത്ത തന്റെ പഴഞ്ചൻ സൈക്കിൾ ചവിട്ടുമ്പോഴും, അവന്റെ ഉള്ളിലെ ഉശിരിന് ഒട്ടും കുറവുണ്ടായിരുന്നില്ല. 

അവന് റേസിൽ വാശിയോടെ സൈക്കിൾ ചവിട്ടാൻ സ്വന്തം ജീവിതത്തിലെ തിക്താനുഭവങ്ങൾ മാത്രം മതിയായിരുന്നു പ്രോത്സാഹനത്തിന്. പിച്ചിന്റെ അമ്മ തീരെ സുഖമില്ലാതെ കിടപ്പിലാണ്. കൺസ്ട്രക്ഷൻ സൈറ്റിൽ കൂലിപ്പണിക്ക് പോകുന്ന അച്ഛനാണ് അഞ്ചുമക്കളെ പോറ്റുന്നതും, അമ്മയുടെ മരുന്നിനു വക കണ്ടെത്തുന്നതും. ഏറ്റവും ഇളയവനാണ് പിച്ച്. സ്‌കൂളിൽ പഠിക്കാനുള്ള പുസ്തകങ്ങൾ പോലും വാങ്ങിത്തരാൻ അച്ഛനോട് പറയാൻ പറ്റാത്ത സാമ്പത്തികാവസ്ഥയാണ് കുടുംബത്തിന്, പിന്നെങ്ങനെ അവൻ സൈക്ലിങ് ഗിയറെന്നും, ഷൂസെന്നും, സ്പോർട്സ് സൈക്കിൾ എന്നുമൊക്കെ പറഞ്ഞുകൊണ്ട് അച്ഛന്റെ അടുത്ത് ചെല്ലും ?

cambodian boy races barefoot with a broken bicycle makes netizens shower sponsorship

ഈ വിപരീത പരിസ്ഥിതികളോടും മല്ലിട്ടു നിൽക്കാനുള്ള അവന്റെ താൻപോരിമക്ക് കമ്പോഡിയൻ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ടായി. ഈ ചിത്രം കണ്ടു കണ്ണീരണിഞ്ഞ, മെങ് പെലോക്ക് എന്ന കമ്പോഡിയൻ യൂത്ത് മൂവ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അവന് സമ്മാനിച്ചത് ഒരു ബ്രാൻഡ് ന്യൂ സ്പോർട്സ് സൈക്കിൾ ആയിരുന്നു. താമസിയാതെ തന്നെ ഒരു പ്രൊ സൈക്ലിങ് അത്‍ലറ്റിന് വേണ്ട സകല പ്രൊഫഷണൽ ഗിയറുകളും സ്പോൺസർ ചെയ്യാൻ സോഷ്യൽ മീഡിയയിൽ നിന്ന് ഓഫറുകൾ പിച്ചിനെ തേടിയെത്തി. അവന്റെ സഹോദരങ്ങളുടെ പഠിപ്പിന്റെ ചെലവ് വഹിക്കാനും ഇപ്പോൾ സുമനസ്സുകൾ മത്സരിക്കുന്ന സാഹചര്യമാണുള്ളത്. എന്തായാലും, ഇന്റർനെറ്റ് എന്ന സാങ്കേതിക വിദ്യ, മാധ്യമം മനുഷ്യന്റെ ജീവിതത്തിൽ ചെലുത്തുന്ന പോസിറ്റീവ് ആയ സ്വാധീനത്തിന് ഒരുദാഹരണമാണ് പിച്ച് തിയാറയുടെ അനുഭവം. 

Follow Us:
Download App:
  • android
  • ios