സെറ്റുടുത്ത്, മുല്ലപ്പൂ ചൂടി, ചന്ദനക്കുറിയണിഞ്ഞ് പി വി സിന്ധു; മലയാളിക്കുട്ടിയെന്ന് ആരാധകര്‍
രാവിലെ പദ്‌മനാഭസ്വാമിക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലും സിന്ധു ദർശനം നടത്തി
തിരുവനന്തപുരം: കേരളത്തിലെത്തിയ ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ പി വി സിന്ധു തനത് കേരളീയ വേഷത്തില്‍ പ്രശംസനേടുന്നു. സിന്ധുവിന് ഉജ്ജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കുന്നത്. രാവിലെ പദ്‌മനാഭ സ്വാമിക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലും സിന്ധു ദർശനം നടത്തി.
ലോക കിരീടം നേടിയ പി വി സിന്ധുവിനെ കേരളം ഇന്ന് ആദരിക്കും. മൂന്ന് മണിക്ക് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് ലക്ഷം രൂപയും ഉപഹാരവും സിന്ധുവിന് കൈമാറും. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ സിന്ധുവിനെ വിമാനത്താവളത്തില്‍ കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളും ആരാധകരും ചേര്‍ന്ന് സ്വീകരിച്ചു. സിന്ധുവിനെ കാണാന്‍ വിമാനത്താവള പരിസരത്തും ആരാധകര്‍ തടിച്ചുകൂടിയിരുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജാപ്പനീസ് സൂപ്പര്‍ താരം നൊസോമി ഒകുഹാരയെ തോല്‍പിച്ചാണ് സിന്ധു ലോക കിരീടം നേടിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് 21-7, 21- 7 എന്ന സ്‌കോറിനാണ് സിന്ധുവിന്‍റെ ജയം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടമാണിത്.