Ajaz Patel : 19-ാം വയസുവരെ ഇടംകൈയന്‍ പേസര്‍, മുംബൈയില്‍ ജനിച്ച്, മുംബൈയില്‍ ചരിത്രം കുറിച്ച അജാസ് പട്ടേല്‍
മുംബൈയില്‍ ജനിച്ച അജാസ് പട്ടേല്‍ എട്ടാം വയസുവരെ ജീവിച്ചതും മുംബൈയില്‍ തന്നെയായിരുന്നു. എട്ടാം വയസിലാണ് അജാസിന്‍റെ മാതാപിതാക്കള്‍ രണ്ട് സഹോദരിമാര്‍ക്കൊപ്പം അജാസിനെയും കൂട്ടി ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡിലെത്തിയത്. റഫ്രിജേറ്റര്‍ മെക്കാനിക്കായിരുന്ന അജാസിന്‍റെ പിതാവ്
മുംബൈ: മുംബൈയില്‍ ജനിച്ച് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിനായി നെറ്റ്സില്‍ പന്തെറിഞ്ഞ് ഒടുവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ ജന്‍മനാട്ടില്‍ തന്നെ ന്യൂസിലന്‍ഡിനായി ടെസ്റ്റ് ക്രിക്കറ്റിലെ അപൂര്‍വനേട്ടം സ്വന്തമാക്കി അജാസ് പട്ടേല്‍(Ajaz Patel). ന്യൂസിലന്‍ഡ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേട്ടത്തെക്കാള്‍ തിളക്കമുണ്ടാകും അജാസിന്‍റെ പെര്‍ഫെക്ട് 10ന്. കാരണം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടാന്‍ ഏതൊരു ടീമിനും രണ്ട് വര്‍ഷം കൂടുമ്പോള്‍ അവസരമുണ്ട്. എന്നാല്‍ പെര്‍ഫെക്ട് 10 എന്നത് ടെസ്റ്റ് ക്രിക്കറ്റിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നേട്ടമാണ്. 144 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ മൂന്ന് തവണ മാത്രമെ ഈ നേട്ടം പിറന്നിട്ടുള്ളൂ എന്നത് തന്നെ അജാസിന്‍റെ നേട്ടത്തിന്‍റെ തിളക്കം കൂട്ടുന്നു.
ജന്‍മനാട്ടിലെ സ്വപ്നനേട്ടം
മുംബൈയില്‍ ജനിച്ച അജാസ് പട്ടേല്‍ എട്ടാം വയസുവരെ ജീവിച്ചതും മുംബൈയില്‍ തന്നെയായിരുന്നു. എട്ടാം വയസിലാണ് അജാസിന്‍റെ മാതാപിതാക്കള്‍ രണ്ട് സഹോദരിമാര്‍ക്കൊപ്പം അജാസിനെയും കൂട്ടി ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡിലെത്തിയത്. റഫ്രിജേറ്റര്‍ മെക്കാനിക്കായിരുന്ന അജാസിന്‍റെ പിതാവ് യൂനുസ് ഓക്‌ലന്‍ഡിലെത്തിയശേഷം റഫ്രിജേറ്റര്‍ ശരിയാക്കുന്ന ചെറിയൊരു കട തുടങ്ങി. പുതിയ രാജ്യവും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാന്‍ അജാസ് കൂടുതല്‍ സമയമെടുത്തു. സ്കൂളില്‍ നിന്ന് നേരെ വീട്ടിലേക്കും വീട്ടില്‍ നിന്ന് നേരെ സ്കൂളിലേക്കും മാത്രം പോകുന്ന കുട്ടിയായിരുന്നു താനെന്ന് അജാസ് പറഞ്ഞിട്ടുണ്ട്. പുതിയ രാജ്യത്ത് തനിക്ക് അധികം സുഹൃത്തുക്കളൊന്നുമില്ലായിരുന്നുവെന്നും. മുംബൈയിലായിരുന്നപ്പോള്‍ കസിന്‍സിനും സ്കൂളിലെ കൂട്ടുകാര്‍ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുമായിരുന്നു.
ആദ്യം ഇടംകൈയന്‍ പേസര്‍, പിന്നെ, വട്ടം കറക്കുന്ന സ്പിന്നര്‍
ആ സമയത്താണ് ബന്ധു അജാസിനെ ഒരു ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ക്കുന്നത്. ഇടം കൈയനായിരുന്നതിനാലും സാമാന്യം ഉയരമുണ്ടായിരുന്നതിനാലും ഇടം കൈയന്‍ പേസറായിട്ടായിരുന്നു തുടക്കം. പേടിപ്പെടുത്തുന്ന പേസറൊന്നുമല്ല, ലൈനും ലെംഗ്തിലും മാത്രം പന്തെറിയുന്ന പേസറായിരുന്നു അക്കാലത്ത് താനെന്ന് അജാസ് പറഞ്ഞിരുന്നു. കോളജ് തലത്തിലൊക്കെ എത്തിയപ്പോള്‍ അവോണ്ടേല്‍ കോളജിലെ ഭേദപ്പെട്ട പേസറായിരുന്നു അജാസ്. അവിടെ അജാസിനൊപ്പം കൂടെ കളിച്ചവരായിരുന്നു ന്യൂസിലന്‍ഡ് ഓപ്പണറായ മാര്‍ട്ടിന്‍ ഗപ്ടിലും ജീത് റാവലുമെല്ലാം.
എന്നാല്‍ അണ്ടര്‍ 19 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ടത് അജാസിന് വലിയ തിരിച്ചറിവായിരുന്നു. അന്ന് ഓക്‌ലന്‍ഡ് ടീമിന്‍റെ അണ്ടര്‍ 19 പരിശീലകനായിരുന്ന മുന്‍ കിവീസ് താരം ദീപക് പട്ടേലിനോട് സംസാരിച്ചതാണ് അജാസിന്‍റെ കരിയറില്‍ വഴിത്തിരവായത്. ഞാനെന്‍റെ കരിയര്‍ മാറ്റണോ, ബാറ്റിംഗില്‍ ശ്രദ്ധിക്കണോ, അതോ സ്പിന്നറാവണോ, നെറ്റ്സില്‍ പലപ്പോഴും സ്പിന്‍ എറിയാറുണ്ടെന്ന് ദീപക് പട്ടേലിനോട് അജാസ് പറഞ്ഞു. ആ സംഭാഷണത്തിനൊടുവില്‍ അജാസിനെ നെറ്റ്സിലേക്ക് കൊണ്ടുപോയ ദീപക് സ്പിന്‍ ബോളുകളെറിയാന്‍ ആവശ്യപ്പെട്ടു. അതാണ് വഴിത്തിരവായത്. എന്തായാലും പേസ് ബൗളിംഗ് കൊണ്ട് അജാസ് രക്ഷപ്പെടില്ലെന്ന് മനസിലാക്കിയ ദീപക് പട്ടേല്‍ അജാസിനെ സ്പിന്നിലേക്ക് വഴിതിരിച്ചുവിട്ടു.
സ്പിന്നറെന്ന നിലയില്‍ തന്‍റെ മികവ് തേച്ചുമിനുക്കാന്‍ എത്ര കഷ്ടപ്പെടാനും അജാസ് തയാറായിരുന്നുവെന്ന് ദീപക് പട്ടേല്‍ ഓര്‍ക്കുന്നു. ദിവസം മുഴുവന്‍ പന്തെറിയാനും അവന്‍ തയാറായിരുന്നു. നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കണമെന്ന് അവന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ക്ലബ് തലത്തില്‍ വലിയ വിക്കറ്റ് വേട്ടക്കാരനായിട്ടും അജാസിന് ഓക്‌ലന്‍ഡിന്‍റെ ആഭ്യന്തര ക്രിക്കറ്റില്‍ പലപ്പോഴും ഇടം ലഭിച്ചില്ല. പിന്നീട് അജാസ് നേപ്പിയറിലെ ഒരു ക്ലബ്ബിലേക്ക് കൂടുമാറി. ഇതോടെ അവിടുത്തെ സെന്‍ട്രല്‍ ഡിസ്ട്രിക്ട് ടീമിലേക്ക് അജാസ് തെരഞ്ഞെടുക്കപ്പെട്ടു. അതുവരെ വീട് വിട്ടു നിന്നിട്ടില്ലാത്ത അജാസിന് അത് അവിടെ താമസിച്ചു കളിക്കുക എന്നത് വലിയ ബുദ്ധിമുട്ടായി. എന്നാല്‍ ക്ലബ്ബില്‍ പുതിയ സുഹൃത്തുക്കളെ കണ്ടെത്തിയ അജാസ് പതുക്കെ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങി.
സാന്‍റ്നറുടെ പരിക്ക് ദേശീയ ടീമിലേക്കുള്ള വഴിയായി
പ്ലങ്കറ്റ് ഷീല്‍ഡ് ചാര്‍ട്ടിലെ അജാസിന്‍റെ പ്രകടനമാണ് 2012ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് വഴി തുറന്നത്. ഇതോടെ ഡാനിയേല്‍ വെറ്റോറി യുഗത്തിനുശേഷം നല്ലൊരു ഇടം കൈയന്‍ സ്പിന്നറെ നോട്ടമിട്ടിരുന്ന ന്യൂസിലന്‍ഡ് സെലക്ടര്‍മാരുടെ ശ്രദ്ധയിലേക്കും അജാസ് എത്തി. പക്ഷെ അപ്പോഴേക്കും മിച്ചല്‍ സാന്‍റ്നര്‍ തന്‍റെ ഓള്‍ റൗണ്ട് മികവ് കൊണ്ട് ന്യൂസിലന്‍ഡ് ടീമിലെ ഇടം കൈയന്‍ സ്പിന്നര്‍ സ്ഥാനം സുരക്ഷിതമാക്കിയിരുന്നു. അതോടെ ദേശീയ ടീമിനായി കളിക്കാനുള്ള അജാസിന്‍റെ കാത്തിരിപ്പ് വീണ്ടും നീണ്ടു. ഈ കാത്തിരിപ്പിനിടയിലും തന്‍റെ പന്തുകള്‍ക്ക് പുതിയ വൈവിധ്യം കൊണ്ടുവരാന്‍ അജാസ് പരിശ്രമിച്ചു.
പല സാഹചര്യങ്ങളിലും പന്തെറിയാന്‍ ശീലിച്ചു. ഇംഗ്ലണ്ട് കൗണ്ടി ടീമായ സറെക്ക് വേണ്ടിയും മുംബൈയിലെത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്‍റെ നെറ്റ് ബൗളറായും പന്തെറിഞ്ഞു. ഒടുവില്‍ അജാസിന്‍റെ കഠിനാധ്വാനത്തിന് ഫലമുണ്ടായി. തന്‍റെ 30ാം വയസില്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള കിവീസ് ടീമിലേക്ക് അജാസിന് വിളിയെത്തി. സാന്‍റ്നറുടെയും ടോഡ് ആസിലിന്‍റെയും പരിക്കാണ് അജാസിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.
അബുദാബിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി അജാസ് വരവറിയിച്ചു. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ 13 വിക്കറ്റുമായി തിളങ്ങിയതോടെ അജാസ് ന്യൂസിലന്‍ഡ് ടീമിലെ ശ്രദ്ധിക്കപ്പെടുന്ന ബൗളറായി. ഒടുവില്‍ തന്‍റെ ജന്‍മനാട്ടില്‍ ഇന്ത്യക്കെതിരെ തന്നെ ടെസ്റ്റില്‍ 10 വിക്കറ്റുമായി അജാസ് കിവീസ് ക്രിക്കറ്റിലെ ചരിത്ര പുരുഷനുമായി.