ധോണിപ്പടയുടെ വിശ്വവിജയത്തിന് എട്ടു വര്‍ഷം
1983ലെ കപിലിന്‍റെ ചെകുത്താന്മാരുടെ വിസ്മയനേട്ടത്തിന് ശേഷം ആദ്യമായി ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലെത്തി ധോണിപ്പട.
മുംബൈ: 2011ലെ ലോകകപ്പ് ജയത്തിന് ഇന്ന് 8 വര്‍ഷം. മുംബൈയിൽ നടന്ന ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. വാംഖഡേയിലെ ഗ്യാലറിയിലേക്ക് ധോണിയുടെ സിക്സര്‍ പറന്നിറങ്ങിയപ്പോള്‍ , അവസാനിച്ചത് ലോകകിരീടത്തിനായി ഇന്ത്യയുടെ രണ്ട് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പായിരുന്നു.
1983ലെ കപിലിന്‍റെ ചെകുത്താന്മാരുടെ വിസ്മയനേട്ടത്തിന് ശേഷം ആദ്യമായി ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലെത്തി ധോണിപ്പട. സച്ചിനായി ലോകകപ്പ് നേടുമെന്ന വാക്ക് പാലിച്ച യുവ്‍രാജ് സിംഗ് ഇന്ത്യന്‍ മുന്നേറ്റത്തിന് കരുത്തായി. ടൂര്‍ണമെന്‍റിലുടനീളം നിറംമങ്ങിയ ധോണി, ഫൈനലിലെ വിജയശിൽപ്പിയായതും അപ്രതീക്ഷിതം.
എട്ടു വര്‍ഷത്തിന് ശേഷം വീണ്ടും വിശ്വപോരാട്ടം എത്തുമ്പോള്‍ വിടവാങ്ങൽ ലോകകപ്പിനൊരുങ്ങുകയാണ് ധോണി. വാങ്കഡേയില്‍ സച്ചിനെ തോളിലേറ്റി വിശ്വവിജയം ആഘോഷിച്ച വിരാട് കോലിയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഉറ്റുനോക്കുന്നു. കപിലും ഗാംഗുലിയും ധോണിയും അഭിമാനനേട്ടങ്ങള്‍ കൊയ്ത ഇംഗ്ലീഷ് മൈതാനങ്ങളില്‍ ഇന്ത്യന്‍ ആരവം വീണ്ടും ഉയരുന്നതിനായി കാത്തിരിക്കാം