'മമ്മൂക്ക താമസിക്കുന്ന പങ്കജ് ഹോട്ടലില്‍ താമസിക്കണമെന്നായിരുന്നു അന്നത്തെ ആഗ്രഹം'; ഓര്‍മ്മ പങ്കുവച്ച് വിക്രം
ധ്രുവത്തിലെ ഭദ്രന്‍ എന്ന കഥാപാത്രത്തിനായി ജോഷി തന്നെ ക്ഷണിച്ചത് മുതലുള്ള കഥകള്‍ വിക്രം വേദിയില്‍ ഓര്‍ത്തെടുത്തു
തിരുവനന്തപുരം നഗരവുമായി ബന്ധപ്പെട്ട് തനിക്കുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ വിക്രം. താനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍റെ കേരള ലോഞ്ച് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയമായിരുന്നു വേദി. ധ്രുവത്തിലെ ഭദ്രന്‍ എന്ന കഥാപാത്രത്തിനായി ജോഷി തന്നെ ക്ഷണിച്ചത് മുതലുള്ള കഥകള്‍ വിക്രം വേദിയില്‍ പറഞ്ഞു.
വിക്രത്തിന്‍റെ വാക്കുകള്‍
"തിരുവനന്തപുരം എന്നു പറഞ്ഞാൽ എനിക്ക് കുറേ ഓർമ്മകൾ ഉണ്ട്. 90 കളുടെ തുടക്കം. ഞാന്‍ മീര എന്നൊരു പടം ചെയ്‍തിരുന്നു. ഒരു മാഗസിനില്‍ വന്ന എന്‍റെ പടം കണ്ട് സംവിധായകന്‍ ജോഷി ഷണ്‍മുഖം എന്ന മാനേജരെ വിളിച്ച് ധ്രുവത്തിലെ ഭദ്രന്‍ എന്ന കഥാപാത്രത്തിന്‍റെ കാര്യം പറഞ്ഞു. മാഗസിനില്‍ ഉള്ളയാളെ തനിക്ക് അറിയില്ലെന്നും എങ്കിലും കഥാപാത്രത്തിന്‍റെ ലുക്ക് തോന്നുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവര്‍ വിളിച്ചു. ഞാന്‍ വന്നു. ഇവിടെ ചെറിയൊരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. ആ സ്ഥലം ഇപ്പോള്‍ ഞാന്‍ പോയിക്കണ്ടു. വളരെ ചെറിയ ലോഡ്ജ്. എന്‍റെ കുടുംബത്തോട് പറഞ്ഞു, ഇവിടെയാണ് ഞാന്‍ താമസിച്ചിരുന്നതെന്ന്. ആ സമയത്തും ദിവസവും നടക്കാന്‍ പോകുമായിരുന്നു. പോകുമ്പോള്‍ ആര്‍ക്കും എന്നെ അറിയില്ല. ഒരു ദിവസം വണ്ടി തള്ളിക്കൊണ്ടുപോയ ഒരാള്‍ എന്‍റെ പേര് വിളിച്ചു. ഞാന്‍ കരുതി എന്നോട് വന്ന് സംസാരിക്കുമെന്ന്. പക്ഷേ അതുണ്ടായില്ല. അറിയാം എന്നു പറഞ്ഞ് അയാള്‍ പോയി.
അന്ന് എം ജി റോഡിലൂടെ നടക്കുമ്പോള്‍ പങ്കജ് ഹോട്ടലില്‍ മമ്മൂക്ക ഉണ്ടാവും. ഞാന്‍ ചെറിയ ലോഡ്ജിലും. അപ്പോള്‍ ഞാന്‍ വിചാരിക്കും, ഒരു ദിവസം ആ പങ്കജ് ഹോട്ടലില്‍ ഞാന്‍ താമസിക്കും. പങ്കജ് ഹോട്ടലില്‍ ഞാന്‍ താമസിച്ചിട്ടില്ല. പക്ഷേ അതിനേക്കാള്‍ കുറച്ച് മികച്ച ഹോട്ടലില്‍ ഞാന്‍ ഇപ്പോള്‍ താമസിച്ചു. അന്ന് ഒരാളാണ് എന്നെ തിരിച്ചറിഞ്ഞതെങ്കില്‍ ഇപ്പോള്‍ ഇവിടെയിരിക്കുന്ന നിങ്ങള്‍ എല്ലാവരും എന്‍റെ പേര് വിളിക്കുന്നു. ഇത്ര കൊല്ലം കഴിഞ്ഞിട്ടും ഞാന്‍ മലയാളം പടം ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഇപ്പോഴും എന്‍റെ സിനിമകള്‍ നിങ്ങള്‍ സ്വീകരിക്കുന്നു. ഒരുപാട് സന്തോഷം. മണി രത്നത്തിന്‍റെ സ്വപ്ന ചിത്രത്തിലെ ഒരു കഥാപാത്രമായി ഞാനും ഉണ്ട് എന്നതിനേക്കാള്‍ വലിയ ഒരു സന്തോഷം ഇല്ല", വിക്രം പറഞ്ഞു.
മണി രത്നം തന്‍റെ സ്വപ്ന ചിത്രമായി വിശേഷിച്ചിട്ടുള്ള പൊന്നിയിന്‍ സെല്‍വനില്‍ ആദിത്യ കരികാലനായാണ് വിക്രം എത്തുന്നത്. രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് സെപ്റ്റംബര്‍ 30 ന് എത്തുക. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവരം എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.