'ലാലിന്റെ ഷര്‍ട്ട്, ജെല്ലിന് പകരം മുട്ടയുടെ വെള്ള';റാംജിറാവിന്റെ മേക്കോവര്‍ സ്വയം തീരുമാനിച്ചതിനെക്കുറിച്ച് വിജയരാഘവന്‍

'മിലിട്ടറി യൂണിഫോമിന് സമാനമായ ഷര്‍ട്ടും പാന്റുമായിരുന്നു കഥാപാത്രത്തിനായി കരുതിയിരുന്നത്. രൂപത്തോട് ചേരുന്നൊരു വസ്ത്രം നോക്കിയപ്പോഴാണ് അന്ന് സംവിധായകന്‍ ലാല്‍ ധരിച്ച ഷര്‍ട്ട് കണ്ണിലുടക്കിയത്.'

vijayaraghavan about make over of his character in ramji rao speaking

റാംജിറാവ് സ്പീക്കിംഗിലെ താന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രം അണിഞ്ഞ ഷര്‍ട്ട് സംവിധായകരില്‍ ഒരാളായ ലാലിന്റേതായിരുന്നെന്ന് വിജയരാഘവന്‍. ജെല്ലൊന്നുമില്ലാത്ത കാലമായതിനാല്‍ മുട്ടയുടെ വെള്ള തേച്ചാണ് മുടി പിറകിലേക്ക് ചീകി വച്ചതെന്നും അദ്ദേഹം പറയുന്നു. ഇതുള്‍പ്പെടെ താന്‍ അഭിനയിച്ചവയില്‍ എക്കാലത്തെയും പ്രിയ കഥാപാത്രത്തിന്റെ മേക്കോവറിനെ സംബന്ധിച്ച രസകരമായ വസ്തുതകള്‍ മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ പറയുന്നത്. 30 വര്‍ഷത്തിന് ശേഷം റാംജിറാവ് എന്ന കഥാപാത്രം സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന മാസ്‌ക് എന്ന ചിത്രത്തിലൂടെ.

vijayaraghavan about make over of his character in ramji rao speaking

"ജെല്ലൊന്നുമില്ലാത്ത കാലമായതിനാല്‍ മുട്ടയുടെ വെള്ള മുടിയില്‍ തേച്ചാണ് മുടി പിറകോട്ട് ചീകിവച്ചത്. മുഖത്തിന് വലുപ്പം കൂട്ടാനായി മുന്‍വശത്തെ മുടി ഷേവ് ചെയ്ത് നെറ്റി വലുതാക്കി. മീശയും കൃതാവും താഴോട്ടിറക്കാന്‍ മേക്കപ്പ്മാനോട് ആവശ്യപ്പെട്ടു. മിലിട്ടറി യൂണിഫോമിന് സമാനമായ ഷര്‍ട്ടും പാന്റുമായിരുന്നു കഥാപാത്രത്തിനായി കരുതിയിരുന്നത്. രൂപത്തോട് ചേരുന്നൊരു വസ്ത്രം നോക്കിയപ്പോഴാണ് അന്ന് സംവിധായകന്‍ ലാല്‍ ധരിച്ച ഷര്‍ട്ട് കണ്ണിലുടക്കിയത്. ലാലില്‍നിന്ന് അത് ഊരി വാങ്ങി. വലിയ ഇറക്കമുള്ള രണ്ട് പോക്കറ്റുകളെല്ലാമുള്ള ഷര്‍ട്ട് ആയിരുന്നു അത്. റാംജിറാവ് ധരിച്ച കാറലുകളുള്ള ജീന്‍സ് ക്യാമറാമാന്‍ വേണുവിന്റേതാണ്. സ്റ്റുഡിയോയ്ക്ക് തൊട്ടടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ചെയിന്‍ വാങ്ങി അരയില്‍ കെട്ടി", വിജയരാഘവന്‍ പറയുന്നു.

കഥാപാത്രത്തിന്റേ വിചിത്രമായ പേരിനെക്കുറിച്ച് സിദ്ദിഖിനോടും ലാലിനോടും ചോദിച്ചിരുന്നെന്നും റാംജിറാവ് വലിയ പുള്ളിയാണെന്ന് മാത്രം പറഞ്ഞ് അവര്‍ ആ ചോദ്യം ചിരിച്ചുതള്ളിയെന്നും വിജയരാഘവന്‍ പറയുന്നു. റാംജിറാവിനെ പുനരവതരിപ്പിക്കുന്ന 'മാസ്‌കി'ല്‍ ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, സലിം കുമാര്‍ എന്നിവരും അഭിനയിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios