'കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സസ്‌നേഹം' : റിവ്യു
ചുറ്റുപാടുകളോട് ചേർന്നിരിക്കുന്ന കഥയാണ് ഏഷ്യാനെറ്റിലെ സസ്നേഹം പരമ്പര പറഞ്ഞുവയ്ക്കുന്നത്.
മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞ് വയ്ക്കുകയും എന്നാല്‍ അതേ മക്കളാല്‍ ജീവിതം ദുസ്സഹമാവുകയും ചെയ്യുന്ന പല കഥകളും നമ്മള്‍ നിരന്തരം കേള്‍ക്കുന്നതാണ്. നമ്മുടെ ചുറ്റുവട്ടത്തുനിന്നും നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന അത്തരമൊരു കഥകയാണ് സസ്നേഹം. മക്കളാൽ ഒറ്റപ്പെട്ടുപോയ പല മാതാപിതാക്കളുടേയും പ്രതീകങ്ങളാണ് പരമ്പരയിലെ ഇന്ദിരയും ബാലചന്ദ്രനും. സ്ഥിരമായി കുടുംബ പരമ്പരകളില്‍ കാണുന്ന പല ആവര്‍ത്തനങ്ങളും സസ്‌നേഹത്തിലും കാണാമെങ്കിലും, പല വീടുകളുടേയും ഉള്ളറകളെ പരസ്യമാക്കുന്നു എന്നതാണ് സസ്‌നേഹത്തിന്റെ വിജയത്തിനു കാരണമാകുന്നത്.
അവിടെയാണ് പരമ്പര പതിവ് രീതികളില്‍നിന്നും വഴിമാറി സഞ്ചരിക്കുന്നത്. സ്‌ക്കൂള്‍കാലം മുതലേ പരിചിതരായ ബാലചന്ദ്രനും ഇന്ദിരയും വീട് നിറയെയുള്ള കുടുംബങ്ങള്‍ക്കിടയിലും ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്നവരാണ്. സ്‌ക്കൂള്‍ക്കാലത്ത് പരസ്പരമുള്ള സ്‌നേഹം, പറഞ്ഞറിയിക്കാനാകാതെ ഇരുവരും ജീവിതത്തിന്റെ ഇരുവശത്തേക്കായി പിരിഞ്ഞുപോകുന്നുണ്ട്.
പ്രായമാകുമ്പോള്‍ തന്നെ നോക്കാന്‍ മക്കളുണ്ടാകും എന്ന വിശ്വാസത്തിന്റെ പുറത്ത്, എല്ലാം അവളുടെ പേരില്‍ എഴുതിവച്ച് വഞ്ചിതയായ അമ്മയാണ് ഇന്ദിര. അമ്മയുടെ പക്കല്‍നിന്നും കിട്ടേണ്ടതെല്ലാം തട്ടിയെടുത്ത്, അമ്മയെ ഉപേക്ഷിച്ച് മകള്‍ വിദേശത്തേക്ക് പോവുകയാണുണ്ടായത്. എന്നാല്‍ കോടതിവിധി പ്രകാരം ഇന്ദിരയെ മനസ്സില്ലാമനസ്സോടെ മകന്‍ ഏറ്റെടുക്കേണ്ടി വരുന്നു.
മകള്‍ക്ക് എല്ലാം എഴുതി കൊടുത്തതിന് കേള്‍ക്കേണ്ടി വരുന്ന പഴിയും, ഭാര്യയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന മകനും പ്രായമായ ഇന്ദിരയെ ഒറ്റപ്പെടുത്തുന്നു. അതുപോലെതന്നെ ജീവിതകാലം മുഴുവനായി സ്വരുക്കൂട്ടിവച്ച സമ്പാദ്യംകൊണ്ടാണ് ബാലചന്ദ്രന്‍ മകള്‍ മീരയെ വക്കീലായ രഘുവിനൊപ്പം വിവാഹം കഴിപ്പിച്ചയക്കുന്നത്. എന്നാല്‍ സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ രഘു നിരന്തരമായി ബാലചന്ദ്രനെ അവഹേളിക്കുന്നുണ്ട്. കുത്തുവാക്കുകളും അസ്വാതന്ത്ര്യവും അലട്ടുമ്പോഴും മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ബാലചന്ദ്രന്‍ ആ വീട്ടില്‍ തുടരുകയാണ്.
ബാലചന്ദ്രന്റെ വിഷമങ്ങള്‍ക്കിടയില്‍, സുഹൃത്തായ അച്ചായനാണ് ഇന്ദിരയുടെ ഫോണ്‍ നമ്പര്‍ ബാലചന്ദ്രന് കൈമാറുന്നത്. ഫോണിലൂടെ ഇരുവരും വീണ്ടും സൗഹൃദം പുതുക്കുന്നു. വിഷമങ്ങളുടെ പങ്കുവയ്ക്കൽ ഇരുവരും ആരംഭിക്കുമ്പോഴാണ്, ആ സന്തോഷത്തിലേക്ക് മക്കള്‍ അതിക്രമിച്ച് കയറുന്നത്. ഒറ്റപ്പെട്ടവരുടെ പ്രതീക്ഷയെ തല്ലിക്കെടുത്താന്‍ മക്കൾ കച്ചകെട്ടി ഇറങ്ങുമ്പോള്‍, എങ്ങനെയാണ് ബാലചന്ദ്രനും ഇന്ദിരയും പ്രതിസന്ധികളെ തരണം ചെയ്യാനാവുക എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
മിനിസ്‌ക്രീനിലൂടെ മലയാളിക്ക് സുപരിചിതരായ രേഖ രതീഷ്, കെ.പി.എ.സി സജി, അനൂപ് ശിവസേനന്‍, അഞ്ജന, മിഥുന്‍ മേനോന്‍, ശ്രുതി എന്നിവരെല്ലാംതന്നെ സസ്‌നേഹത്തില്‍ എത്തുന്നുണ്ട്. പരമ്പര ആരംഭിച്ച് പെട്ടന്നുതന്നെ ഹിറ്റ് ചാര്‍ട്ടിലേക്ക് ഇടംപിടിച്ചുകഴിഞ്ഞിട്ടുണ്ട്. ടി.ആര്‍.പി റേറ്റിലും പരമ്പര മുന്നിലാണ്. കാലങ്ങളായി മിനിസ്‌ക്രീനില്‍ അഭിനേതാവായുള്ള ഡോക്ടര്‍ ഷാജു നിര്‍മ്മാണം നിര്‍വഹിക്കുന്ന പരമ്പര സംവിധാനം ചെയ്യുന്നത് ഷൈജു സുകേഷും രചന രാജേഷ് ജയരാമനുമാണ്.
പരമ്പരയുടെ പുതിയ പ്രൊമോ കാണാം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.. #BreakTheChain #ANCares #IndiaFightsCorona