സിനിമകളിലെ സ്ഥിരം 'ഛത്രപതി ശിവാജി'; മകന്‍റെ പേര് "ജഹാംഗീർ": നടനെതിരെ കടുത്ത സൈബര്‍ ആക്രമണം.!
പതിനൊന്ന് വർഷം മുമ്പ് അവരുടെ മകന് ജഹാംഗീർ എന്ന് പേരിട്ടെങ്കിലും ഇപ്പോഴാണ് അത് ചര്‍ച്ചയായത് എന്നും അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും ചിന്മയ് മണ്ഡ്ലേക്കർ ഞയാറാഴ്ച പറഞ്ഞിരുന്നു.
പൂനെ: തിരഞ്ഞെടുപ്പ് ചൂട് കത്തി നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ മറാത്തി സിനിമ നടന്‍റെ 11 വയസ്സുള്ള മകന്‍റെ പേരില്‍ സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ തര്‍ക്കവും സൈബര്‍ ആക്രമണവും. ചിന്മയ് മണ്ഡ്ലേക്കർ എന്ന നടന്‍ മറാത്തി സിനിമയിലെ ശ്രദ്ധേയനായ നടനാണ്. മറാത്ത ചക്രവര്‍ത്തി ആയിരുന്നു ശിവാജിയെ അവതരിപ്പിക്കുന്നതിലൂടെ പ്രശസ്തനാണ് താരം. ആറ് മറാത്ത ചിത്രങ്ങളില്‍ ഇദ്ദേഹം ശിവാജിയുടെ വേഷം ചെയ്തിട്ടുണ്ട്. കശ്മീര്‍ ഫയല്‍സ് പോലുള്ള ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
താരത്തിന്‍റെ പതിനൊന്നു വയസുകാരന്‍ മകന്‍റെ പേര് "ജഹാംഗീർ" ആണെന്ന് പ്രചരിച്ചതോടെയാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. തുടര്‍ന്ന് ചിന്മയ് മണ്ഡ്ലേക്കർ എനിമുതല്‍ ഛത്രപതി ശിവാജി മഹാരാജിന്‍റെ റോളില്‍ അഭിനയിക്കില്ലെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചു. അതേ സമയം മണ്ഡ്ലേക്കർക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണം തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായതോടെ മഹാരാഷ്ട്രയില്‍ ചര്‍ച്ചയാകുകയാണ്.
പതിനൊന്ന് വർഷം മുമ്പ് അവരുടെ മകന് ജഹാംഗീർ എന്ന് പേരിട്ടെങ്കിലും ഇപ്പോഴാണ് അത് ചര്‍ച്ചയായത് എന്നും അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും ചിന്മയ് മണ്ഡ്ലേക്കർ ഞയാറാഴ്ച പറഞ്ഞിരുന്നു.
നാലാമത്തെ മുഗൾ ചക്രവർത്തിയും അക്ബറിന്‍റെ മകനുമാണ് ജഹാംഗീർ. ഛത്രപതി ശിവജി തന്‍റെ ജീവിത കാലത്തിന്‍റെ ഭൂരിഭാഗം സമയത്തും മുഗൾ സാമ്രാജ്യവുമായുള്ള പോരാട്ടത്തിലായിരുന്നു. ആ റോള്‍ ചെയ്യുന്ന നടന്‍റെ മകന് ഒരു മുഗൾ ചക്രവർത്തിയുടെ പേര് നല്‍കിയ കാര്യം ചില വിഭാഗങ്ങളാണ് ചര്‍ച്ചയാക്കിയതും അത് സൈബര്‍ ആക്രമണമായി വളര്‍ന്നതും.
പേർഷ്യൻ ഭാഷയിൽ ജഹാംഗീർ എന്നാൽ ലോകത്തെ കീഴടക്കിയവൻ എന്നാണ് അർത്ഥമാക്കുന്നതെന്ന്. അതിനാലാണ് ആ പേര് എട്ടത് എന്നുമാണ് ചിന്മയ് മണ്ഡ്ലേക്കറിന്‍റെ ഭാര്യ നേഹ ജോഷി ഒരു വീഡിയോയിൽ പറഞ്ഞത്.
" ഛത്രപതി ശിവാജി മഹാരാജിന്‍റെ വേഷം ചെയ്തതിനും എന്‍റെ മകന്‍റെ പേര് ജഹാംഗീർ എന്ന് പേരിട്ടതിനും എന്നെ ട്രോളുകയാണ്. മകന്‍റെ പേരിന്‍റെ പേരില്‍ ഞങ്ങളുടെ കുടുംബത്തിന് നിരന്തരമായ വിമർശനങ്ങളും അവഗണനയും നേരിടേണ്ടി വരുകയാണ്. ഇത് ഞങ്ങൾക്ക് കാര്യമായ വിഷമമുണ്ടാക്കുന്നുണ്ട്. മഹാരാഷ്ട്രയിലും പുറത്തും ഛത്രപതി ശിവാജി മഹാരാജിനെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് എനിക്ക്. ഈ വേഷം കാരണം എന്‍റെ കുടുംബം ദുരിതം നേരിടുകയാണെങ്കിൽ, ഇനി ഞാന്‍ ഛത്രപതി ശിവാജി മഹാരാജിന്‍റെ വേഷം ചെയ്യുന്നില്ല ” ചിന്മയ് മണ്ഡ്ലേക്കര്‍ ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
അതേ സമയം മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന വർക്കിംഗ് പ്രസിഡൻറ് ജനറൽ സെക്രട്ടറി ശാലിനി താക്കറെ മണ്ഡ്ലേക്കറിന് പിന്തുണയുമായി രംഗത്തെത്തി, “ഇതിനുമുമ്പ്, ഈ രാജ്യത്തെ പല മഹാന്മാര്‍ക്കും ജഹാംഗീർ എന്ന പേര് ഉണ്ടായിട്ടുണ്ട്. മറാത്തി കലാകാരന്മാരുടെ മനോവീര്യം കെടുത്താനും അവരുടെ വ്യക്തിജീവിതത്തെ വിമർശിച്ചും അഭിപ്രായങ്ങൾ പറഞ്ഞും അവരെ ഉപദ്രവിക്കാനും മാത്രമേ ഒരു കൂട്ടര്‍ ആഗ്രഹിക്കുന്നുള്ളൂ. എംഎൻഎസ് ചിന്മയിക്ക് വേണ്ടി ഉറച്ചു നിൽക്കുന്നു. സോഷ്യൽ മീഡിയയിലെ ഈ ബുദ്ധിശൂന്യമായ ട്രോളർമാരെ കാര്യമാക്കരുതെന്നും നല്ല പ്രവർത്തനം തുടരണമെന്നും ഞാൻ ചിന്മയിയോട് അഭ്യർത്ഥിക്കുന്നു" ശാലിനി താക്കറെ പറഞ്ഞു.
അടുത്തിടെ ശിവസേനയിൽ ചേർന്ന നടൻ കിരൺ മാനെയും മണ്ഡ്ലേക്കറുടെ ഭാര്യയുടെ പോസ്റ്റിനെതിരെ പ്രതികരിച്ചു. “കഴിഞ്ഞ ദിവസം ചിന്മയ് മണ്ഡ്ലേക്കറിനെതിരെ ട്രോളുകള്‍ ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ, ഇത് തെറ്റാണ്, എന്നാൽ ഈക്കാലത്ത് പേരിന്‍റെ പേരില്‍ പലരും നേരിടുന്ന ആക്രമണം നോക്കുമ്പോള്‍ ഈ ട്രോളുകള്‍ ചെറുതാണ്" ശിവസേന നേതാവ് പറഞ്ഞു.
കോൺഗ്രസ് നേതാവ് പ്രതീക് എസ് പാട്ടീൽ പ്രശ്നത്തില്‍ പ്രതികരിച്ചു “ചിന്മയ് മണ്ഡ്ലേക്കർ വളരെ സന്തോഷത്തോടെയാണ് കാശ്മീർ ഫയൽസ് പോലുള്ള പ്രൊപ്പഗണ്ട ചിത്രത്തില്‍ അഭിനയിച്ചത്. മറ്റുള്ളവരുടെ വീട്ടിൽ വിദ്വേഷം പടർത്തി കഴിഞ്ഞ്, അതിന്‍റെ തീക്കനൽ ഇപ്പോള്‍ അയാളുടെ വീട്ടിലേക്ക് തന്നെ കടന്നിരിക്കുന്നു" എന്നാണ് കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചത്.
അവധൂത് ഗുപ്തേ, റുതുജ ദേശ്മുഖ്, മന്ദർ ഭിഡെ, രവി ജാദവ്, സിദ്ധാർത്ഥ് ചന്ദേക്കർ തുടങ്ങിയ മറാഠി സിനിമാ രംഗത്തെ പ്രമുഖർ മണ്ഡ്ലേക്കർ കുടുംബത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഗ്ലാമര്‍ പോസില്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഹണി; 'റേച്ചല്‍' പുതിയ അപ്ഡേറ്റ്