'ഒറ്റയ്ക്ക് ഷോപ്പിംഗിന് പോലും പോകാത്ത താന്‍ 49 ദിവസം ജയിലില്‍': അനുഭവം പറഞ്ഞ് ശാലു മേനോന്‍
പരിപാടികള്‍ക്ക് പോകുമ്പോഴും ഒരു ഷോപ്പിങ്ങിന് പോകുമ്പോള്‍ പോലും അമ്മ എന്റെ കൂടെ ഉണ്ടാവും. ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല.
കൊച്ചി: സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരിക്കുന്ന നടിയാണ് ശാലു മേനോന്‍. ചെറിയ പ്രായത്തിലെ അഭിനയിച്ച് തുടങ്ങിയ നടി ഇടയ്ക്ക് ഒരു കേസില്‍ കുടങ്ങിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് ശാലു മേനോന്‍ വിവാദങ്ങളില്‍ പെടുന്നത്. ശേഷം നടിയ്ക്ക് ജയിലില്‍ കിടക്കേണ്ടതായിട്ടും വന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ നെഗറ്റീവ് വേഷമാണ് നടിയിപ്പോൾ അഭിനയിക്കുന്നത്.
നാല്‍പത്തിയൊന്‍പത് ദിവസത്തോളം ജയിലില്‍ കിടക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് നടിയിപ്പോള്‍. സിനിമയില്‍ കാണുന്നതൊക്കെ പോലെയാണ് ആദ്യം ജയിലില്‍ എത്തിയപ്പോള്‍ തോന്നിയതെന്നാണ് ശാലു പറയുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ നടി അനുഭവം പറയുന്നു. "ഞാന്‍ ജയിലില്‍ ഉള്ളപ്പോള്‍ രണ്ട് ദിവസം കൂടുമ്പോള്‍ എന്റെ അമ്മ എന്നെ കാണാനായി വരുമായിരുന്നു. വിവരങ്ങളൊക്കെ അങ്ങനെ അറിഞ്ഞിരുന്നു. ആദ്യം ചെന്ന് ഒരാഴ്ച എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം സിനിമയിലൊക്കെ മാത്രമേ ജയിലൊക്കെ കണ്ടിട്ടുള്ളു. ജീവിതത്തില്‍ അത് അനുഭവിക്കേണ്ടതായി വന്നപ്പോള്‍ പൊരുത്തപ്പെട്ട് പോകാന്‍ ബുദ്ധിമുട്ടായി.
അമ്മയും അമ്മൂമ്മയും ഞാനും അടങ്ങുന്ന കുടുംബമായിരുന്നു എന്‍റെത്. പരിപാടികള്‍ക്ക് പോകുമ്പോഴും ഒരു ഷോപ്പിങ്ങിന് പോകുമ്പോള്‍ പോലും അമ്മ എന്റെ കൂടെ ഉണ്ടാവും. ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല. അങ്ങനെയുള്ളപ്പോഴാണ് നാല്‍പത്തിയൊന്‍പത് ദിവസം ഒറ്റയ്ക്ക് നില്‍ക്കേണ്ടതായി വന്നത്. അതെനിക്ക് ചിന്തിക്കാനെ പറ്റിയിരുന്നില്ല. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ പിടിച്ച് നില്‍ക്കാനൊരു ശക്തിയെനിക്ക് കിട്ടി.
എന്റെ ഡാന്‍സ് സ്‌കൂള്‍ അടിച്ച് പൊട്ടിക്കും, കുട്ടികളെ നഷ്ടപ്പെടുമോ എന്നൊക്കെ എനിക്ക് ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല. അതൊക്കെ അമ്മ വന്നപ്പോള്‍ അറിഞ്ഞിരുന്നു. സ്‌കൂളും കാര്യങ്ങളുമൊക്കെ അമ്മ തന്നെ മാനേജ് ചെയ്ത് കൊണ്ട് പോയി" എന്നാണ് താരം പറയുന്നത്.
'ഇന്ത്യന്‍ താത്ത' വീണ്ടും എത്തി, തീയറ്റര്‍ കുലുക്കി - ഇന്ത്യന്‍ 2 റിവ്യൂ
'ചിത്തിനി' ആഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്നു: ട്രെയിലര്‍ പുറത്തിറങ്ങി