"ആര്യന് വേണ്ടി ഷാരൂഖ് സമീർ വാങ്കഡെയുമായി വാട്ട്സ്ആപ്പ് ചാറ്റ് നടത്തി" : ചാറ്റ് പുറത്തായതായി റിപ്പോര്‍ട്ട്
ഒരു നടന്‍ എന്ന നിലയില്‍ അല്ലാതെ ഒരു പിതാവ് എന്ന നിലയിലാണ് മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻസിബി) സമീർ വാങ്കഡെയുമായി ഷാരൂഖ് ഖാന്‍റെതെന്ന് ആരോപിക്കുന്ന ചാറ്റിലെ സംഭാഷണങ്ങള്‍.
മുംബൈ: ആര്യൻ ഖാൻ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനും മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻസിബി) സമീർ വാങ്കഡെയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത്. സമീർ വാങ്കഡെയുമായി ഷാരൂഖ് നടത്തിയ സംഭാഷണമാണിതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ വിട്ടയക്കാന്‍ വാങ്കഡെയോട് ഷാരൂഖ് അഭ്യർത്ഥിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവന്ന വാട്ട്സ്ആപ്പ് ചാറ്റിലെ വാക്കുകള്‍.
ഒരു നടന്‍ എന്ന നിലയില്‍ അല്ലാതെ ഒരു പിതാവ് എന്ന നിലയിലാണ് മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻസിബി) സമീർ വാങ്കഡെയുമായി ഷാരൂഖ് ഖാന്‍റെതെന്ന് ആരോപിക്കുന്ന ചാറ്റിലെ സംഭാഷണങ്ങള്‍. "ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ് എന്‍റെ മകനെ ഇതില്‍ നിന്നും മുക്തനാക്കണം. എന്‍റെ മകനോ കുടുംബത്തിനോ ഇതില്‍ ഒരു പങ്കും ഇല്ല. ഈ സംഭവത്തിന് ശേഷം ആരോടും സംസാരിക്കാന്‍ പോലും എനിക്ക് സാധിക്കുന്നില്ല" എന്നൊക്കെ ചാറ്റില്‍ കാണുന്നുണ്ട്.
ഷാരൂഖിന്‍റെതെന്ന് പറയുന്ന ചാറ്റിന് ആശ്വസിപ്പിക്കുന്ന രീതിയിലാണ് സമീർ വാങ്കഡെയുടെതെന്ന് പറയുന്ന ചാറ്റ് വരുന്നത്. "പ്രിയപ്പെട്ട ഷാരൂഖ്. അടുത്തുനടന്ന സംഭവങ്ങളില്‍ ഇനിക്കും വേദനയുണ്ട്. ആരെയും ഇതൊന്നും സന്തോഷിപ്പിക്കുന്നില്ലെന്ന് അറിയാം. എന്‍റെ ഭാഗത്തുള്ള ഒരാളും മനപ്പൂര്‍വ്വം ആര്യനെ ഇതിലേക്ക് വലിച്ചിഴച്ചിട്ടില്ല. എന്നെ വിശ്വസിക്കുക. ചില നിയമ കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കില്ല. അതിനാല്‍ ക്ഷമയോടെ കാത്തിരിക്കും. എല്ലാം ശരിയാകും" - വാങ്കഡെയുടെതെന്ന് പറയുന്ന ചാറ്റില്‍ പറയുന്നു.
തുടര്‍ന്നും വലിയ ചാറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ ചാറ്റ് വലിയ വാര്‍ത്തയാണ്. അതേ സമയം ഇടി ടൈംസിന്‍റെ റിപ്പോർട്ട് പ്രകാരം. ഷാരൂഖ് ഖാന്‍റെ അടുത്ത സുഹൃത്ത് ഈ വാട്ട്സ്ആപ്പ് ചാറ്റ് വ്യാജമാണെന്ന് ആരോപിച്ചിട്ടുണ്ട്. ഷാരൂഖ് ഒരിക്കലും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നില്ലെന്നും, ചാറ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ, അപേക്ഷിക്കുന്ന രീതി ഇവയൊന്നും ഒരിക്കലും ഷാരൂഖ് ചെയ്യുന്ന രീതിയില്‍ അല്ലെന്ന് പേര് വെളിപ്പെടുത്താത്ത സുഹൃത്ത് പറയുന്നു. ഈ വാട്ട്സ്ആപ്പ് ചാറ്റിന്‍റെ ആധികാരികത ചോദ്യം ചെയ്യുകയാണ് ഷാരൂഖിന്‍റെ അടുത്ത വൃത്തങ്ങള്‍.
ഷാരൂഖ് ഖാന്റെ മകൻ ആര്യനെ മയക്കുമരുന്ന് കേസിൽ നിന്നും രക്ഷിക്കാന്‍ സമീർ വാങ്കഡെ ഉൾപ്പെടെയുള്ളവർ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സിബിഐ ആരോപിച്ചതിന് പിന്നാലെയാണ് പുതിയ ചാറ്റും പുറത്തുവരുന്നത്. ഡ്രഗ്സ് ഓൺ ക്രൂയിസ് കേസിൽ ആര്യൻ ഖാനെ രക്ഷിത്താന്‍ കൈക്കൂലിയായി 18 കോടി രൂപയ്ക്ക് ഇടപാട് നടന്നതായും സിബിഐ ആരോപിക്കുന്നു. അനധികൃത സ്വത്ത് സമ്പാദനം അടക്കം വാങ്കഡയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സിബിഐ ചുമത്തിയത്.
അതേ സമയം ഷാരൂഖിൽ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് തനിക്കെതിരെ സിബിഐ ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാങ്കഡെ ബോംബെ ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിച്ചിട്ടുണ്ട്.
ആര്യൻ ഖാൻ പ്രതിയായ വ്യാജ ലഹരി കേസ്; സമീർ വാങ്കഡെയ്ക്കെതിരായ സിബിഐ എഫ്ഐആർ പുറത്ത്