'നാട്ടു നാട്ടു'വിന്‍റെ ഓസ്‍കര്‍ നേട്ടം ആഘോഷിച്ച് ടെസ്‍ല കാര്‍ ഉടമകള്‍; ന്യൂജേഴ്സിയില്‍ ലൈറ്റ് ഷോ: വീഡിയോ
ആര്‍ആര്‍ആറിന്‍റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു നാട്ടു നാട്ടു ഗാനവും അതിലെ നൃത്തച്ചുവടുകളും
ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു സിനിമയും പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്രയും ആഘോഷിക്കപ്പെട്ടിട്ടില്ല, എസ് എസ് രാജമൗലിയുടെ തെലുങ്ക് ചിത്രം ആര്‍ആര്‍ആര്‍ പോലെ. ആ കിരീടത്തില്‍ ചാര്‍ത്തപ്പെട്ട പൊന്‍തൂവല്‍ ആയിരുന്നു ചിത്രത്തിന്‍റെ ഓസ്കര്‍ നേട്ടം. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലായിരുന്നു ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കര്‍ നേടിയത്. പ്രേക്ഷകര്‍ക്കിടയില്‍ ഗാനം ഇത്രയും ശ്രദ്ധ നേടാന്‍ കാരണം ഗാനരംഗത്തില്‍ അഭിനയിച്ച രാം ചരണിന്‍റെയും ജൂനിയര്‍ എന്‍ടിആറിന്‍റെയും അതിചടുലമായ ചുടവടുകളായിരുന്നു. സ്വദേശിയെന്നോ വിദേശിയെന്നോ ഭേദമില്ലാതെ നിരവധി പേര്‍ തങ്ങളുടേതായ സ്റ്റെപ്പുകളുമായി എത്തിയിരുന്നു. ഏറ്റവുമൊടുവില്‍ വിരാട് കോലി വരെ. ഇപ്പോഴിതാ ആര്‍ആര്‍ആറിന്‍റെ ഓസ്കര്‍ നേട്ടത്തില്‍ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ന്യൂജേഴ്സിയിലെ ഒരുകൂട്ടം ടെസ്‍ല കാര്‍ ഉടമകള്‍.
ആര്‍ആര്‍ആര്‍ എന്ന് എഴുതിയിരിക്കുന്ന മാതൃകയില്‍ രാത്രിയില്‍ കാറുകള്‍ നിര്‍ത്തിയിട്ടുകൊണ്ടാണ് നാട്ടു നാട്ടു ഗാനത്തിനൊപ്പം ഉടമകള്‍ ഒരു ലൈറ്റ് ഷോ ആവിഷ്കരിച്ചിരിക്കുന്നത്. ടെസ്‍ല ലൈറ്റ് ഷോസ് എന്ന ട്വിറ്റര്‍ പേജിലൂടെ പങ്കുവെക്കപ്പെട്ട 1.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ആര്‍ആര്‍ആര്‍ സിനിമയുടെ ഒഫിഷ്യല്‍ ട്വിറ്റര്‍ ഗാന്‍ഡില്‍ പങ്കുവച്ചിരുന്നു. ഇതിന് ടെസ്‍ലയുടെയും ട്വിറ്ററിന്‍റെയും സിഇഒ ആയ ഇലോണ്‍ മസ്ക് ലൈക്ക് ചെയ്തിട്ടുണ്ട്.
ആര്‍ആര്‍ആറിന്‍റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു നാട്ടു നാട്ടു ഗാനവും അതിലെ നൃത്തച്ചുവടുകളും. ചന്ദ്രബോസിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം എം കീരവാണി ആയിരുന്നു. രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.
ALSO READ : ഇതാണോ 'വാലിബനി'ലെ അടുത്ത ലുക്ക്? കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പറയുന്നത്