രേഖാചിത്രം ട്രെയിലറില്‍ 'കാതോട് കാതോരം': ത്രില്ലറിന് പിന്നില്‍ എന്ത്, ആകാംക്ഷയോടെ പ്രേക്ഷകര്‍ !
മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങിയ രേഖാചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
കൊച്ചി: പ്രീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രെയ്‍ലര്‍ തിങ്കളാഴ്ചയാണ് എത്തിയത്. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് ട്രെയിലര്‍ പ്രേക്ഷകർക്ക് മുന്നിലെത്തി.
എന്നാല്‍ ട്രെയിലറില്‍ കാണിക്കുന്ന ഒരു രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രം എന്ന് ഉറപ്പാണ്. ഇതില്‍ രണ്ട് കാലഘട്ടം കാണിക്കുന്നുണ്ട്. ഇതില്‍ ഒന്നില്‍ 1985 ല്‍ പുറത്തിറങ്ങിയ ചിത്രം കാതോടു കാതോരത്തിന്‍റെ ഒരു ഗാന ചിത്രീകരണ രംഗം പുനരാവിഷ്കരിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തുന്നത്.
ഒരു സിനിമ സെറ്റില്‍ നടക്കുന്ന കൊലപാതകമാണ് ചിത്രം എന്ന രീതിയില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ആ സൂചനയോട് അടുക്കുന്ന ദൃശ്യങ്ങളാണെങ്കിലും ഏത് രീതിയിലാണ് മമ്മൂട്ടി നായകനായി എത്തിയ 1985ലെ കാതോട് കാതോരം ഈ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
ട്രെയിലറിനെ രംഗങ്ങള്‍ വച്ച് കാതോട് കാതോരം ചിത്രീകരിക്കുന്ന രംഗം പോലെ കാണിക്കുന്ന ട്രെയിലറിലെ ഭാഗങ്ങളില്‍ ആ സിനിമയുടെ സംവിധായകന്‍ ഭരതന്‍, സഹ സംവിധായകന്‍ കമല്‍, തിരക്കഥകൃത്ത് ജോണ്‍ പോള്‍ എന്നിവരുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ഇതിന്‍റെ വിവിധ പോസ്റ്ററുകളും വൈറലാകുന്നുണ്ട്.
ആസിഫ് അലിയെ നായകനാകുന്ന 'രേഖാചിത്രം' 2025 ജനുവരി 9 ന് തിയേറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. 2018, മാളികപ്പുറം പോലെയുള്ള ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഈ ബാനറുകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ട്രെയ്‍ലര്‍ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നു.
ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. അനശ്വര രാജനാണ് നായിക. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത്. കൗതുകവും ജിജ്ഞാസയും സമ്മാനിക്കുന്ന നിമിഷങ്ങളാൽ സമ്പന്നമായ ട്രെയ്‍ലര്‍ രേഖാചിത്രം ഒരു അന്വേഷണത്തിനെ ചുറ്റിപറ്റിയുള്ള കഥാതന്തുവാണെന്ന സൂചന നൽകുന്നു. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കിഷ്കിന്ധാ കാണ്ഡത്തിന്‍റെ വന്‍ വിജയത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ആസിഫ് അലി ചിത്രമാണ് രേഖാചിത്രം.
പുതുവര്‍ഷത്തിലും ത്രില്ലടിപ്പിക്കാന്‍ ആസിഫ് അലി; 'രേഖാചിത്രം' ജനുവരിയില്‍, ട്രെയ്‍ലര്‍ എത്തി
വീണ്ടും ഹിറ്റ് അടിക്കാന്‍ ആസിഫ്, ഒപ്പം അനശ്വര; 'രേഖാചിത്രം' റിലീസ് തീയതി പ്രഖ്യാപിച്ചു