അപ്പോ എങ്ങനാ, ഉറപ്പിക്കാവോ; മാർക്കോ രണ്ടോ പുതിയ പടമോ ? വിക്രമിനൊപ്പം മാർക്കോ നിർമാതാവ്
മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോ.
ഒരു സിനിമ നിർമിക്കുക, അത് മികച്ച അഭിപ്രായവും കളക്ഷനും നേടുക എന്നത് ഏതൊരു നിർമാതാവിന്റെയും വലിയ ആഗ്രഹമാണ്. സമീപകാല മലയാള സിനിമയിൽ ആ ആഗ്രഹം വലിയ രീതിയിൽ നേടിയ ആളാണ് ഷെരീഫ് മുഹമ്മദ്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഒരുങ്ങിയ മാർക്കോയുടെ നിർമാതാവാണ് ഇദ്ദേഹം. മൂന്നാം വരത്തിലും ഗംഭീര പ്രകടനം കാഴ്ചവച്ച് മാർക്കോ മുന്നേറുന്നതിനിടെ, ഷെരീഫ് പങ്കുവച്ചൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയുടെ കണ്ണിൽ ഉടക്കിയിരിക്കുന്നത്.
തമിഴകത്തിന്റെ പ്രിയ താരം വിക്രത്തിനൊപ്പമുള്ള ഫോട്ടോയാണ് ഷെരീഫ് മുഹമ്മദ് പങ്കിട്ടത്. ചിയാൻ വിക്രമിനൊപ്പമുള്ള നിമിഷങ്ങൾ എന്ന് കുറിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. മാർക്കോ രണ്ടാം ഭാഗത്തിൽ വിക്രം ഉണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കമന്റുകൾ. മാർക്കോ 2വിൽ വിക്രം ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദൻ വിക്രം കോമ്പോയ്ക്കായി കാത്തിരിക്കുന്നുവെന്നുമാണ് കമന്റുകൾ.
വിക്രമമുമായി പുതിയ സിനിമ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഷെരീഫ് എന്ന് പറയുന്നവരും ഉണ്ട്. അതേസമയം, അടുത്ത സിനിമയിൽ ഷെരീഫ് നായകനായി വരണമെന്ന് പറയുന്നവരും ഉണ്ട്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മാർക്കോ. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെ. ഇതിനകം 100 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം കൊറിയയിൽ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിലിൽ ആയിരിക്കും മാർക്കോയുടെ കൊറിയൻ റിലീസ്. ബഹുബലിയ്ക്ക് ശേഷം കൊറിയയിലേക്ക് പോകുന്ന തെന്നിന്ത്യൻ ചിത്രം കൂടിയാണ് മാർക്കോ.
മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോയിൽ ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..