ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനൊപ്പം; സുപ്രിയ പകര്‍ത്തിയ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്
കേരളത്തിലെ ഒരു ചെറിയ ഷെഡ്യൂള്‍ ആണ് ആടുജീവിതത്തിന് ഇനി ബാക്കിയുള്ളത്
സ്വന്തം സിനിമാ ജീവിതത്തില്‍ പൃഥ്വിരാജ് (Prithviraj Sukumaran) ഇത്രത്തോളം അധ്വാനിച്ച മറ്റൊരു ചിത്രം ആടുജീവിതത്തോളം മറ്റൊന്നുണ്ടാവില്ല. സംവിധായകന്‍ ബ്ലെസിയെ സംബന്ധിച്ചും അത് അങ്ങനെതന്നെ. കൊവിഡ് പ്രതിസന്ധി കാരണം നീണ്ടുപോയ വിദേശ ചിത്രീകരണം പൂര്‍ത്തിയാക്കാനായതിന്‍റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. ഒപ്പം പുതിയ ചിത്രം കടുവയുടെ റിലീസ് സംബന്ധിച്ച ഒരുക്കങ്ങളിലും. ഇപ്പോഴിതാ വ്യക്തിപരമായ മറ്റൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. മറ്റൊന്നുമല്ല, വലിയ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നേരില്‍ കണ്ടതിന്‍റെ സന്തോഷമാണ് അത്.
പരസ്‍പരം തോളില്‍ കൈയിട്ട് നില്‍ക്കുന്ന തങ്ങള്‍ ഇരുവരുടെയും ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ തിരികെയെത്തി എന്നാണ് ചിത്രത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. സുപ്രിയയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
'ആടുജീവിത'ത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. അള്‍ജീരിയയില്‍ മാത്രം നാല്‍പത് ദിവസത്തോളം ചിത്രീകരണമുണ്ടാകുമെന്ന് അന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തായായിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്‍ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് മടങ്ങിയത്.
ALSO READ : 'കത്തി രാകാനുണ്ടോ' എന്ന് ചോദിച്ച് ഭീമന്‍ രഘു; തമ്മനത്തുകാര്‍ക്ക് സര്‍പ്രൈസുമായി താരം
'നജീബ്' എന്ന കഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങള്‍ നേരത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മുടിയും താടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള ഫോട്ടോകള്‍ പൃഥ്വിരാജിന്റേതായി പുറത്തുവന്നിരുന്നു. എന്നാല്‍ ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് പ്രേക്ഷകര്‍ കണ്ടതെന്ന് പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു. സിനിമ കാണുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസിലാകുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ ബെന്യാമിന്‍റെ ആടുജീവിതമാണ് അതേ പേരില്‍ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. കെ യു മോഹനന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. വലിയ ഇടവേളയ്ക്കു ശേഷം എ ആര്‍ റഹ്മാന്‍ ഒരു മലയാള ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.