'ദീപ'യുടെ വേഷം അഴിച്ചുവച്ച് പ്രേമി വിശ്വനാഥ്; വീഡിയോ
മൂന്ന് മണി എന്ന സീരിയലിലെ മയിലമ്മ എന്ന കഥാപാത്രത്തിലൂടെയായിരുന്നു പ്രേമിയുടെ രണ്ടാം വരവ്
മലയാള സീരിയലില്‍ പെട്ടന്ന് ഉദിച്ച് വന്ന നായികയായിരുന്നു പ്രേമി വിശ്വനാഥ്. കാര്‍മുകിലിന്റെ അഴകുമായി എത്തി നായികാ സങ്കല്‍പങ്ങളെ തന്നെ തിരുത്തി എഴുതിയ പ്രേമി ആ കാലഘട്ടത്തില്‍ മലയാള ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രധാന വിഷയമായിരുന്നു. അന്ന് തന്നെ പരിഹസിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് ശക്തമായി പ്രേമി പ്രതികരിച്ചിട്ടുണ്ട്.
ഇന്നും മുന്‍നിര നായികമാരുടെ നിരയില്‍ തന്നെയുണ്ട് പ്രേമി. പക്ഷെ അത് മലയാളത്തിലല്ല എന്ന് മാത്രം. മറിച്ച് തെലുങ്കിലാണ്. കറുത്ത മുത്ത് എന്ന സീരിയലില്‍ നിന്നും ഒഴിവാക്കപ്പെട്ട നടി പിന്നീട് തെലുങ്കിൽ താരമായി മാറുകയിരുന്നു. കാർത്തിക ദീപം സീരിയലിലെ ദീപയായി ആറ് വർഷത്തോളം ആരാധകരുടെ മനസ്സിൽ ജീവിക്കുകയായിരുന്നു താരം.
ഇപ്പോഴിതാ ദീപയുടെ വേഷം പ്രേമി അഴിച്ചുവയ്ക്കുന്നു. സീരിയല്‍ അവസാനിച്ചു. അവസാനത്തെ എപ്പിസോഡും ചിത്രീകരിച്ച് കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ എത്തിയ നടി തന്നെയാണ് ഇനി താന്‍ വേഷം അഴിച്ചുവെക്കുകയാണ് എന്ന് പറഞ്ഞത്. ദീപയായി അഭിനയിക്കുമ്പോഴുള്ള തന്റെ ഗെറ്റപ്പ് തന്നെ അഴിച്ചുവയ്ക്കുകയാണ് പ്രേമി. വളയും താലിയും പൊട്ടും അഴിച്ചുമാറ്റിയ താരം, ഇനി ഈ വേഷം ഇല്ല എന്ന് പ്രേക്ഷകരെ അറിയിച്ചു. ഇതുവരെ സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് എല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് പ്രേമി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്.
മൂന്ന് മണി എന്ന സീരിയലിലെ മയിലമ്മ എന്ന കഥാപാത്രത്തിലൂടെയായിരുന്നു പ്രേമിയുടെ രണ്ടാം വരവ്. തുടര്‍ന്ന് കായം കുളം കൊച്ചുണ്ണിയുടെ മകന്‍ എന്ന സീരിയലിലെ താമര എന്ന കഥാപാത്രം ചെയ്തു. സീരിയല്‍ ലോകത്തെ ആക്ഷന്‍ ലേഡിയായി മാറുകയായിരുന്നു പ്രേമി. അതിനിടെ കത്തിരിക്ക വെണ്ടക്ക എന്ന തമിഴ് സിനിമയിലും പ്രേമി നായികയായി എത്തി.