'ആ നിറം നല്ലതായിരുന്നു, മറ്റൊന്നും ചിന്തിച്ചില്ല'; 'പഠാൻ' ബിക്കിനി വിവാദത്തിൽ സംവിധായകൻ
ആ നിറം നല്ലതായിരുന്നു എന്നും കൂടുതലൊന്നും ചിന്തിച്ചില്ലെന്നും സിദ്ധാർഥ് ആനന്ദ് പറയുന്നു.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രം. അതുതന്നെയാണ് പഠാൻ ഇന്ത്യയൊട്ടാകെ ഉള്ള സിനിമാസ്വദകരുടെ ശ്രദ്ധപിടിച്ചു പറ്റാൻ കാരണമായത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഷാരൂഖ് നിറഞ്ഞാടിയ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ, ഭാഷാഭേദമെന്യെ ഏവരും അത് ഏറ്റെടുത്തു. ഹിന്ദി ബോക്സ് ഓഫീസിൽ പുതു ചരിത്രം കുറിച്ചു. എന്നാൽ പഠാന്റെ ഒരുഗാനരംഗത്ത് ദീപിക ധരിച്ച ബിക്കിനി നിറം വലിയ വിവാദങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ധാർഥ് ആനന്ദ്.
ആ നിറം നല്ലതായിരുന്നു എന്നും കൂടുതലൊന്നും ചിന്തിച്ചില്ലെന്നും സിദ്ധാർഥ് ആനന്ദ് പറയുന്നു. 'ആ നിറം രസമായി തോന്നി. നല്ല വെയിലുള്ള സമയമായിരുന്നു അത്. പച്ച നിറത്തിലുള്ള പുല്ലിനും നീല നിറത്തിലുള്ള വെള്ളത്തിനുമൊപ്പം ഓറഞ്ച് നിറം വളരെ മനോഹരമായിരുന്നു', എന്ന് സിദ്ധാർഥ് ആനന്ദ് വ്യക്തമാക്കി. ന്യൂസ് 18 റൈസിംഗ് ഇന്ത്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു സംവിധായകൻ.
പഠാന് ലഭിച്ച വരവേൽപ്പ് തന്നെയാണ് ബഹിഷ്കരണ ക്യാമ്പയിനുകൾ തെറ്റായിരുന്നു എന്നതിന്റെ തെളിവെന്നും സിദ്ധാർത്ഥ് പറഞ്ഞു. ഒരു നടനെയോ ഒരു സിനിമയെയോ ബഹിഷ്കരിക്കുന്നവർ ആ ചിത്രത്തെ ആശ്രയിച്ച് ജീവിക്കുന്ന നിരവധിപ്പേരെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സംവിധായകൻ പറഞ്ഞു. ഇവയൊന്നും ചിന്തിക്കാതെ ബഹിഷ്കരണാഹ്വാനങ്ങൾ ആരംഭിക്കുക എന്നത് എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 25ന് ആണ് പഠാൻ റിലീസ് ചെയ്തത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
'കൈ പാരലൈസ്ഡ് ആയി, സിനിമയൊക്കെ അവസാനിച്ചെന്ന് തോന്നി'; അനുശ്രീ