'ഈ കൊവിഡ് കാലത്ത് കിട്ടിയ വലിയ സന്തോഷം'; ഒമര്‍ ലുലു പറയുന്നു
"സമീർ ഭായി വിളിച്ചിട്ട് എന്താ വിശേഷം എന്നൊക്കെ ചോദിച്ച് പെട്ടെന്ന് ഞാന്‍ ലാലേട്ടന് ഫോൺ കൊടുക്കാം എന്ന് പറഞ്ഞു.."
ലോക്ക് ഡൗണ്‍ കാലത്ത് തന്നെ തേടിയെത്തിയ ഒരു അപ്രതീക്ഷിത ഫോണ്‍കോളിന്‍റെ ആഹ്ളാദം പങ്കുവച്ച് സംവിധായകന്‍ ഒമര്‍ ലുലു. അടുത്തിടെ പുറത്തിറങ്ങിയ ഒമറിന്‍റെ പുതിയ മ്യൂസിക്കല്‍ ആല്‍ബം കണ്ട അഭിപ്രായം പങ്കുവെക്കാന്‍ വിളിച്ചത് സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ ആയിരുന്നു. ഈ ലോക്ക് ഡൗണ്‍ കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷമായിരുന്നു അതെന്ന് ഒമര്‍ പറയുന്നു.
"സമീർ ഭായി വിളിച്ചിട്ട് എന്താ വിശേഷം എന്നൊക്കെ ചോദിച്ച് പെട്ടെന്ന് ഞാന്‍ ലാലേട്ടന് ഫോൺ കൊടുക്കാം എന്ന് പറഞ്ഞു. ഞാന്‍ ആകെ സ്റ്റക്ക് ആയിപ്പോയി. അപ്പോഴേക്കും ലാലേട്ടന്‍റെ ശബ്ദം ഒമർ ഞാന്‍ മഹിയിൽ മഹാ എന്ന ഒമറിന്‍റെ പുതിയ ആൽബം കണ്ടിരുന്നു. പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപാട്ടാണ് മഹിയിൽ മഹയും മാണിക്യ മലരും ഒക്കെ. പുതിയ ട്യൂണിൽ കേട്ടപ്പോഴും നല്ല ഇഷ്ടമായി എന്നും ആൽബത്തിൽ വർക്ക് ചെയത എല്ലാവരോടും അഭിനന്ദനം പറയാനും പറഞ്ഞു. പുതിയ സിനിമാ വിശേഷങ്ങളും ഒക്കെ ചോദിച്ച് അംശസകൾ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഈ കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം", ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പി ടി അബ്‍ദുള്‍ റഹ്മാന്‍റെ വരികള്‍ക്ക് പീര്‍ മുഹമ്മദ് സംഗിതം പകര്‍ന്ന പ്രശസ്‍ത ഗാനമാണ് മഹിയില്‍ മഹാ. ഒമര്‍ ലുലുവിന്‍റെ ആല്‍ബത്തിനുവേണ്ടി സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജുബൈര്‍ മുഹമ്മദ് ആണ്. പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസന്‍. ഹിന്ദിയിലെ അധിക വരികള്‍ എഴുതിയിരിക്കുന്നത് അഭിഷേക് ടാലന്‍റഡ്. അജ്‍മല്‍ ഖാനും ജുമാന ഖാനുമാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം മുസ്‍തഫ അബൂബക്കര്‍. മെയ് 13ന് പുറത്തിറങ്ങിയ വീഡിയോ ഗാനത്തിന് യുട്യൂബില്‍ ഇതിനകം 35 ലക്ഷത്തിലേറെ കാഴ്ചകളാണ് ലഭിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona