Mridula Vijay : 'ഫേക്ക് ന്യൂസുകളോട് പൊട്ടിത്തെറിച്ച് മൃദ്വ'; പുതിയ വീഡിയോ പങ്കുവച്ച് താരങ്ങൾ
"വീഡിയോകള്‍ക്ക് എന്തിനാണ് ഇത്തരത്തിലൊക്കെ തമ്പ് നെയില്‍ നല്‍കുന്നത്? ആള്‍ക്കാരെ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയിലുകളാണ് ഇവയിൽ മിക്കതും."
മലയാളികൾക്കായി ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് (Mridula Vijay). അടുത്തിടെയായിരുന്നു സീരിയല്‍ താരമായ യുവ കൃഷ്ണയുമായുള്ള (Yuva Krishna) താരത്തിന്റെ വിവാഹം. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ (Thumbappoo serial) എന്ന പരമ്പരയിലായിരുന്നു അഭിനയിച്ചുകൊണ്ടിരുന്നത്. തുമ്പപ്പൂവിലെ വീണയേയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ഇനി തുമ്പപ്പൂവില്‍ തുടരുന്നില്ല എന്ന് മൃദുല അടുത്തിടെ അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച മനോഹരമായ ചിത്രത്തോടൊപ്പമാണ് സീരിയലില്‍ നിന്നും പിന്മാറുന്ന വിശേഷം മൃദുല അറിയിച്ചത്.
താനും യുവയും ഒരു കൊച്ചു സൂപ്പര്‍ഹീറോയെ കാത്തിരിക്കാന്‍ തുടങ്ങുകയാണെന്നും, റെസ്റ്റ് എടുക്കാനാണ് ഡോക്ടറുടെ നിര്‍ദ്ദേശമെന്നും, അതുകൊണ്ടുതന്നെ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും മൃദുല കുറിക്കുകയായിരുന്നു. മൃദുല പങ്കുവച്ച അതേ ചിത്രം പങ്കുവച്ചുകൊണ്ട് തന്റെ സന്തോഷം യുവയും കുറിച്ചിരുന്നു. കൂടാതെ അമ്മ വാരിക്കൊടുക്കുന്ന ചോറുപോലും കഴിക്കാനാകാതെ വിഷമിക്കുന്ന മൃദുലയുടെ വീഡിയോയും രസകരമായ മ്യൂസിക്കോടെ യുവ പങ്കുവച്ചു.
വിവാഹനിശ്ചയത്തിനു പിന്നാലെ ഇരുവരുംചേര്‍ന്ന് ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. മൃദ്വ എന്ന പേരിൽ തുടങ്ങിയ ചാനലിന് വലിയ പ്രതികരണമാണ് പ്രേക്ഷകർ ഇതുവരെ നൽകിയതും. സ്വകാര്യ വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന ഇരുവരും പരസ്പരം ട്രോളുന്ന വീഡിയോയും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രസകരമായ വീഡിയോ ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. തനിക്ക് മാത്രമായി യുവയെ കിട്ടിയ ദിവസമാണെന്നും ആദ്യമായി ലുലു മാൾ കാണാൻ പോവുകയാണെന്നും പറഞ്ഞ് തുടങ്ങുന്ന വീഡിയോയിൽ മറ്റൊരു ഗൌരവമുള്ള വിഷയവും ഇരുവരും പറയുന്നുണ്ട്. 'ഫേക്ക് ന്യൂസുകൾക്കെതിരെ പൊട്ടിത്തെറിച്ച് മൃദ്വ' എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഞങ്ങളുടെ വീഡിയോ വെച്ച് ഒത്തിരിയാളുകള്‍ യൂട്യൂബിൽ വീഡിയോ ചെയ്യുന്നുണ്ട്. നമ്മളുടെ വിശേഷങ്ങള്‍ പറഞ്ഞ് വീഡിയോ ചെയ്യുന്നതില്‍ യാതൊരു വിരോധവുമില്ല. സന്തോഷമാണ്. എന്നാല്‍ വീഡിയോകള്‍ക്ക് എന്തിനാണ് ഇത്തരത്തിലൊക്കെ തമ്പ് നെയില്‍ നല്‍കുന്നത്. ആള്‍ക്കാരെ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയിലുകളാണ് ഇവയിൽ മിക്കതും. നമ്മളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള തമ്പ് നെയിലുകളാണ് ചിലർ നല്‍കുന്നത്. ലിങ്ക് ഓപ്പണാക്കാതെ തമ്പ് നെയില്‍ മാത്രം കണ്ട് നമ്മളോട് അതേക്കുറിച്ച് ചോദിക്കുന്നവരുമുണ്ട്. വീഡിയോസ് ചെയ്‌തോളൂ, വിശേഷങ്ങള്‍ പങ്കുവെച്ചോളൂ. എന്നാല്‍ വ്യൂസ് കിട്ടാനായി ഇമ്മാതിരി തമ്പ് നെയില്‍ ചെയ്യുന്നതിനെ മലയാളത്തില്‍ പിതൃശൂന്യത എന്ന് പറയും.
ക്രിയേറ്റീവായിട്ടുള്ള തമ്പ് നെയിലുകള്‍ ഇടൂ. ഒരാളുടെ ജീവിതം കുളം തോണ്ടുന്ന തരത്തിലല്ല തമ്പ് നെയില്‍ ഇടേണ്ടത്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ തമ്പ് നെയില്‍ ഇടുമ്പോഴാണ് ഒരു യൂട്യൂബര്‍ വിജയിക്കുന്നത്. ഇരട്ടക്കുട്ടികളാണെന്ന് പറയുന്നവരുണ്ട്, അവരോട് നിങ്ങളിപ്പോ സ്കാനിങ്ങും തുടങ്ങിയോ എന്നാണ് ചോദിക്കാനുള്ളത്. ഞാന്‍പോലും അറിയാത്ത കാര്യം, എന്റെ ഭാര്യയ്ക്ക് ഇരട്ടക്കുട്ടികളാണോ എന്നത്, പിന്നെ നിങ്ങളെങ്ങനെ അറിഞ്ഞു, പുതിയ സ്‌കാനിംഗ് മെഷീന്‍ വല്ലതും ഇറക്കിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്കും ഷെയര്‍ ചെയ്യണം. ഇവളെ എണ്ണ തേച്ച് കുളിപ്പിച്ചു എന്നായിരുന്നു മറ്റൊന്ന്. ഒരു ദിവസം വീട്ടിൽ നിൽക്കാത്തതിന് പരാതി പറയുമ്പോഴാണ് എന്നെ കുറിച്ച് ഇത് പറയുന്നത്. ഞങ്ങള്‍ വായിച്ച് വിഷമിച്ച ഒരുപാട് തമ്പ് നെയിലുകളുണ്ട്. ഞാനും ഏട്ടനും ഡിവോഴ്‌സായി എന്നു വരെ പറഞ്ഞ തമ്പ്നെയ്ലുകളുണ്ടായിരുന്നു. എപ്പോഴാണ് അങ്ങനെ സംഭവിച്ചതെന്നും ഇത്തരക്കാരോട് ഒന്നും പറയാനില്ലെന്നും ഇരുവരും പറയുന്നു.