'നൻപൻ ഡാ..'; സൊറ പറഞ്ഞ്, കളിച്ച് ചിരിച്ച് മമ്മൂട്ടിയും നാഗാർജുനയും- വീഡിയോ
തെലുങ്ക് ചിത്രം ഏജന്റിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ ഒട്ടനവധി കഥാപാത്രങ്ങളെയാണ് മമ്മൂട്ടി സമ്മാനിച്ചു കഴിഞ്ഞത്. സമീപകാലത്ത് വ്യത്യസ്തമായ പ്രകടനങ്ങൾ കാഴ്ചവച്ച് ഓരോ തവണയും മലയാളികളെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്നു ഈ അതുല്യ പ്രതിഭ. മമ്മൂട്ടിയുടേതായി പുറത്തുവരുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കാറുള്ളത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തെലുങ്ക് ചിത്രം ഏജന്റിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ. നാഗാർജുനയ്ക്ക് ഒപ്പം കളിച്ച് ചിരിച്ച് സംസാരിക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാർ ഒരു ഫ്രെയിമിൽ എന്ന് കുറിച്ച് കൊണ്ടാണ് പലരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നാഗാർജുനയുടെ മകൻ അഖില്‍ അക്കിനേനി ആണ് ഏജന്റിലെ നായകൻ. അഖിലിനെയും വീഡിയോയിൽ കാണാനാകും.
സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഏജന്റ്. യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഏപ്രില്‍ 28 ന് ആണ്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം അഖില്‍, ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സിന് ആണ്.
നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. മിലിറ്ററി ഓഫീസര്‍ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.