'മാരുതി ഓടിച്ച് ആറാം തമ്പുരാനെ കാണാന്‍ പോയ മമ്മൂട്ടി'; സത്യന്‍ അന്തിക്കാട് പറയുന്നു
"സന്ദേശവും തലയണമന്ത്രവുമൊക്കെ ആ മാരുതിയിലെ യാത്രയില്‍ വച്ച് ഞാനും ശ്രീനിവാസനും സംസാരിച്ച സിനിമകളാണ്"
തെരഞ്ഞെടുക്കാന്‍ അധികം മോഡലുകള്‍ ഇല്ലാതിരുന്ന കാലത്ത് ഇന്ത്യന്‍ മധ്യവര്‍ഗ്ഗം സ്റ്റാറ്റസ് ചിഹ്നമായി കണ്ടിരുന്ന വാഹനമാണ് മാരുതി 800. പല മോടികൂട്ടലുകളോടെയും വില്‍പ്പനയുടെ അവസാന കാലം വരെ ഈ കാറിന് ആവശ്യക്കാരുമുണ്ടായിരുന്നു. ഇപ്പോഴിതാ പഴയ മാരുതി 800 നോട് മലയാളികള്‍ക്കുള്ള നൊസ്റ്റാള്‍ജിയയെ സ്പര്‍ശിക്കുന്ന ഒരു ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ആസിഫ് അലിയെ നായകനാക്കി സേതു രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പേര് മഹേഷും മാരുതിയും എന്നാണ്. മാര്‍ച്ച് 10 ന് തിയറ്ററുകളില്‍ എത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി അണിയറക്കാര്‍ പുറത്തുവിട്ട ഒരു വീഡിയോ ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്‍റെ ആദ്യ കാര്‍ ആയിരുന്ന മാരുതി 800 ന് ഒപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഈ വീഡിയോയില്‍. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം തന്‍റെ സുഹൃത്തുക്കളൊക്കെയും ഈ വാഹനത്തില്‍ കയറിയിട്ടുണ്ടെന്ന് പറയുന്നു അദ്ദേഹം.
"ഞാന്‍ ആദ്യമായി വാങ്ങിയ കാര്‍ ഒരു മാരുതി 800 ആയിരുന്നു. കെഎല്‍ 7 എ 183. അത് 33 വര്‍ഷം മുന്‍പാണ്. അക്കാലത്ത് ഞാനും ശ്രീനിവാസനും ഒന്നിച്ച് വര്‍ക്ക് ചെയ്ത പല സിനിമകളുടെയും ചര്‍ച്ചകള്‍ ആ കാറിലെ യാത്രയിലൂടെയാണ് രൂപപ്പെട്ടിട്ടുള്ളത്. സന്ദേശവും തലയണമന്ത്രവുമൊക്കെ ആ മാരുതിയിലെ യാത്രയില്‍ വച്ച് ഞങ്ങള്‍ സംസാരിച്ച സിനിമകളാണ്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം എന്‍റെ എല്ലാ സുഹൃത്തുക്കളും ആ കാറില്‍ കയറിയിട്ടുണ്ട്. ഒരിക്കല്‍ പൊന്തന്‍മാട ഷൂട്ടിംഗ് സമയത്ത് ഞാനും മമ്മൂട്ടിയുംകൂടി വി കെ ശ്രീരാമനോടൊപ്പം പൂമുള്ളി മനയിലെ ആറാം തമ്പുരാനെ പരിചയപ്പെടാന്‍ പോയത് ആ കാറിലാണ്. അത് എടുത്ത് പറയാന്‍ കാരണം അന്ന് ആ മാരുതി ഡ്രൈവ് ചെയ്തത് മമ്മൂട്ടി ആയിരുന്നു. പിന്നീട് ഒരു ഹോണ്ട സിറ്റിയിലേക്ക് മാറിയെങ്കിലും എനിക്ക് ഇപ്പോഴും ഇഷ്ടം എന്‍റെ ആ പഴയ മാരുതി തന്നെയാണ്. എന്‍റെ വീട്ടുമുറ്റത്ത് ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ ഇപ്പോഴും ആ മാരുതി ഉണ്ട്", സത്യന്‍ അന്തിക്കാട് പറയുന്നു.
ALSO READ : 'കാന്താര'യിലെ പഞ്ചുരുളി തെയ്യം ആറ്റുകാല്‍ പൊങ്കാലയ്ക്ക്!