മേനോന്‍ കളിക്കളത്തില്‍ ഒറ്റപ്പെടുന്നു: 'വാനമ്പാടി' സീരിയല്‍ റിവ്യൂ
രംഗത്ത് താന്‍ ഇല്ലായെന്ന് വരുത്തിത്തീര്‍ത്തശേഷം മോഹനെ ഇല്ലാതാക്കുകയായിരുന്നു മേനോന്‍റെ ലക്ഷ്യം. അതിനായി മേനോന്‍ ഒരുക്കിയ അപകടത്തില്‍ ചന്ദ്രനും മോഹനും പെടുകയായിരുന്നു.
ജനപ്രിയ പരമ്പരയായ വാനമ്പാടി ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഗായകനായ മോഹന്‍കുമാറിന്‍റെ കുടുംബ ജീവിതത്തിലൂടെയും അയാള്‍ നേരിടുന്ന വെല്ലുവിളികളിലൂടെയുമാണ് പരമ്പര പുരോഗമിക്കുന്നത്. തന്‍റെ പഴയകാല കാമുകിയില്‍ തനിക്കുണ്ടായ മകളാണ് അനുമോളെന്ന സത്യം തിരിച്ചറിഞ്ഞതിനു ശേഷമുള്ള മോഹനെയാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ആ സത്യം മോഹന്‍ ഇതുവരെയും പരസ്യമായി പറഞ്ഞിട്ടില്ല. അതിനിടെയാണ് മോഹനെ പത്മിനിയുടെ അച്ഛന്‍ മേനോന്‍ വാഹനാപകടത്തില്‍ പെടുത്തുന്നത്.
രംഗത്ത് താന്‍ ഇല്ലായെന്ന് വരുത്തിത്തീര്‍ത്തശേഷം മോഹനെ ഇല്ലാതാക്കുകയായിരുന്നു മേനോന്‍റെ ലക്ഷ്യം. അതിനായി മേനോന്‍ ഒരുക്കിയ അപകടത്തില്‍ ചന്ദ്രനും മോഹനും പെടുകയായിരുന്നു. എന്നാല്‍ മേനോനാണ് തങ്ങളെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ചന്ദ്രനും മോഹനും മനസ്സിലാക്കിക്കഴിഞ്ഞു. ഇതെല്ലാം മനസ്സിലാക്കിയ കുട്ടികളായ അനുവും തംബുരുവുമാണ് ഇപ്പോള്‍ പരമ്പരയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ചതിയനായ മേനോനെ ഒറ്റപ്പെടുത്താനുള്ള കുട്ടികളുടെ ശ്രമം വിജയത്തിലെത്തുകയും ചെയ്തിട്ടുണ്ട്.
മേനോന്‍ കേസില്‍ ഒറ്റപ്പെടും എന്ന് ഉറപ്പായതോടെ വലംകൈയ്യായ ജയനും അയാളെ കയ്യൊഴിയുകയാണ്. വെറുതെ കയ്യൊഴിയുക മാത്രമല്ല, മറിച്ച് മേനോന്‍റെ കടങ്ങള്‍ വീട്ടാനായി പത്മിനിയും അമ്മ രുഗ്മിണിയും നല്‍കിയ സ്വര്‍ണ്ണവും കൈക്കലാക്കിയിരിക്കുകയാണ് ജയന്‍. മേനോന്‍റെ വീടും സ്ഥലവും ബാങ്കുകാര്‍ ജപ്തി ചെയ്യാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രമേയുള്ളൂവെന്ന സൂചനയാണ് പരമ്പര തരുന്നത്.
എല്ലാം നഷ്ടമായ മേനോന്‍ മദ്യപിച്ച് മോഹന്‍ കിടക്കുന്ന ആശുപത്രിയിലെത്തുമ്പോള്‍, അകത്തേക്ക് കടത്തിവിടാതെ തടയുകയാണ് സെക്യൂരിറ്റി ജീവനക്കാര്‍. മദ്യത്തിന്‍റെ ലഹരിയില്‍ അവരോട് കയര്‍ക്കുന്ന മേനോന്‍റെ ദൃശ്യത്തിലാണ് പുതിയ എപ്പിസോഡിന് വിരാമമാകുന്നത്. മേനോനെ രക്ഷിക്കാനായി മോഹന്‍ മുന്നിട്ടിറങ്ങും എന്നുതന്നെ വിശ്വസിക്കാം. കഥ അവസാനത്തോടടുക്കുമ്പോള്‍ പരമ്പര ഏതു ദിശയില്‍ മുന്നോട്ടു നീങ്ങുമെന്നറിയാനായി വരും എപ്പിസോഡുകള്‍ കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.