തമിഴിലെ സൂപ്പര്‍ഹിറ്റ് 'റോജ' ഇനി മലയാളത്തിലെ 'കളിവീട്' ; നായികയായി റബേക്ക സന്തോഷ്
തമിഴില്‍ വലിയ ജനപ്രീതി നേടിയ പരമ്പര മലയാളത്തിലും തരംഗമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഏഷ്യാനെറ്റിലെ കസ്തൂരിമാന്‍ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയ്ക്കുശേഷം റബേക്ക സന്തോഷ് (rebecca santhosh) വീണ്ടും മിനി സ്‌ക്രീനിലേക്ക് എത്തുകയാണ്. സൂര്യ ടി.വിയിലെ കളിവീട്(kaliveedu) എന്ന പരമ്പരയിലെ(serial) പ്രധാന കഥാപാത്രത്തെയാണ് റബേക്ക അവതരിപ്പിക്കുന്നത്. സണ്‍ ടി.വിയിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ റോജയുടെ(roja) മലയാളം റീമേക്കായാണ് കളിവീട് എത്തുന്നത്. തമിഴില്‍ പ്രശസ്ത താരങ്ങളായ പ്രിയങ്കയും സിബു സൂര്യയുമാണ് റോജയില്‍ നായികാ-നായകരായി എത്തുന്നത്. തമിഴില്‍ വലിയ ജനപ്രീതി നേടിയ പരമ്പര മലയാളത്തിലും തരംഗമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
നീലക്കുയില്‍, ജീവിതനൗക തുടങ്ങിയ പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതനായ നിഥിന്‍ ജേക്ക് ജോസഫ് ആണ് പരമ്പരയില്‍ നായക കഥാപാത്രമായെത്തുന്നത്. അമ്മയറിയാതെ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുഭാഷ് മേനോന്‍ പരമ്പരയില്‍ എത്തുന്നുണ്ട്. കൂടാതെ മോഹന്‍ അയിരൂര്‍, അജിത്ത് കൊട്ടുക്കാട്, ഗായത്രി മയൂര, ജീവന്‍ ഗോപാല്‍, ഉമാ നായര്‍ തുടങ്ങിയ വലിയൊരു താരനിരയും പരമ്പരയില്‍ എത്തുന്നുണ്ട്.
തമിഴിലെ റോജ പരമ്പരയുടെ പോസ്റ്റർ
ബാല്യകാലം മുതല്‍ക്കെ മലയാള മിനിസ്‌ക്രീനില്‍ സജീവമായിരുന്ന താരമാണ് റബേക്ക സന്തോഷ് എന്ന തൃശുര്‍കാരി. രണ്ടായിരത്തി പതിനൊന്നില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന പരമ്പരയിലൂടെ ബാലതാരമായാണ് റബേക്ക ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒരുപിടി മലയാള ചിത്രത്തിലും, അനേകം മിനിസക്രീന്‍ പരമ്പരകളിലൂടെയും റബേക്ക മലയാളികളുടെ മിനിസ്‌ക്രീനുകളിലും, ബിഗ് സ്‌ക്രീനുകളിലും നിറഞ്ഞുനിന്നു. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്ത 'മിഴി രണ്ടിലും, സ്‌നേഹക്കൂട്' തുടങ്ങിയ പരമ്പരകളിലാണ് റബേക്ക കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ ഏഷ്യാനെറ്റിലെ കസ്തൂരിമാനായിരുന്നു താരത്തിന്റെ കരിയര്‍ബ്രേക്ക് പരമ്പര.