'26മത്തെ ആഴ്ച പ്രസവം, ഇരട്ടക്കുട്ടികൾ, പക്ഷേ ഞാൻ കേട്ടത് ഒരുമകന്റെ മരണവർത്ത'; ഡിംപിൾ
തനിക്ക് ഇരട്ട കുട്ടികള്‍ ആണ് ജനിച്ചതെന്നും എന്നാല്‍ ഒരാളെ നഷ്ടമായെന്നും പറയുകയാണ് ഡിംപിള്‍.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി ഡിംപിൾ റോസ്. ബാലതാരമായി കരിയർ ആരംഭിച്ച താരം വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. മിനിസ്‌ക്രീനിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് താരം. ഇപ്പോഴിതാ തനിക്ക് ഇരട്ട കുട്ടികള്‍ ആണ് ജനിച്ചതെന്നും എന്നാല്‍ ഒരാളെ നഷ്ടമായെന്നും പറയുകയാണ് ഡിംപിള്‍. ജോഷ് ടോക്കിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
ഡിംപിൾ റോസിന്‍റെ വാക്കുകള്‍ ഇങ്ങനെ
ഇരുപത്തി നാലാമത്തെ വയസിൽ ആയിരുന്നു എന്റെ വിവാഹം. സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് ഞാൻ ഗർഭിണി ആകുന്നത്. അപ്പോഴേക്കും എന്താ ഗർഭിണി ആകാത്തതെന്ന ചോദ്യങ്ങൾ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും ഉയർന്നിരുന്നു. എനിക്ക് കുറച്ച് ഹോർമോണൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പൊതുവിൽ എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകുന്ന പ്രശ്നം. അങ്ങനെ മൂന്ന് മൂന്നര വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഞാൻ ഗർഭിണി ആകുന്നത്. ഒരുപാട് ചികിത്സകൾ ഉണ്ടായിരുന്നു. പതിനാലാമത്തെ ആഴ്ചയിലാണ് ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ ആണെന്ന് അറിയുന്നത്. അത് ഭയങ്കര ഹാപ്പിനെസ് ആയിരുന്നു. പൊതുവിൽ നെഗറ്റീവ് ചിന്തകൾ കൂടുതൽ ഉള്ള ആളാണ് ഞാൻ. എന്ത് ചെറിയ കാര്യം ആയാലും ഗൂഗിൾ ചെയ്ത് നോക്കും. അതിന്റെ പോസിറ്റീവ് വശം നോക്കി. പകരം നെഗറ്റീവെ നോക്കൂ. ഇരുപത്തി നാല് ആഴ്ച ആയപ്പോൾ എനിക്ക് വേദന വരാൻ തുടങ്ങി. സ്കാൻ ചെയ്ത് നോക്കിയപ്പോൾ വേറെ പ്രശ്നങ്ങളൊന്നും ഇല്ല. പിറ്റേദിവസം വീണ്ടും വേദന വന്നു. അങ്ങനെ ആശുപത്രിയിൽ പോയി ഇഞ്ചക്ഷൻ എടുത്തു. അപ്പോഴേക്കും കുഞ്ഞ് പുറത്തേക്ക് വന്നിരുന്നു. ഒടുവിൽ പുഷ് ചെയ്ത് അകത്തേക്കാക്കാം എന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ ആ സാക് പൊട്ടുകയാണെങ്കിൽ ഡെലിവറി ചെയ്യേണ്ടി വരും. എന്തോ ദൈവാദീനത്തിൽ പുഷ് ചെയ്ത് സേഫ് ആയിട്ട് എല്ലാം ചെയ്യാനായി. ഒടുവിൽ ഡെലിവറി ആകുന്നത് വരെ കിടപ്പിലായി. അങ്ങനെ ഒരു രണ്ട് ആഴ്ച. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ആഴ്ചകളായിരുന്നു അത്. 26മത്തെ ആഴ്ച വേദന തുടങ്ങി. നേരെ ലേബർ റൂമിലേക്ക്. ഒടുവിൽ പ്രസവിച്ചു. രണ്ട് ആൺകുഞ്ഞുങ്ങളായിരുന്നു. ഇതൊന്നും ഞാൻ അറിയുന്നില്ല. ഒരു കുഞ്ഞ് കുറച്ച് കരഞ്ഞു. മറ്റേയാൾ കരഞ്ഞില്ല. കുട്ടികളെ പറ്റി പലതും ഞാൻ ചോദിക്കുന്നുണ്ടെങ്കിലും ആരും കൃത്യമായി മറുപടി തന്നില്ല. റൂമിലേക്ക് മാറി കുറച്ച് കഴിഞ്ഞപ്പോൾ അമ്മ വന്നു. അപ്പോഴാണ് അമ്മ പറയുന്നത് ഒരു ബേബിയുടെ ശവമടക്ക് കഴിഞ്ഞാണ് വരുന്നതെന്ന്. അടുത്ത ആൾ വെന്റിലേറ്ററിലും. മരിച്ച അവസ്ഥ ആയിരുന്നു അത്. രണ്ടു കുഞ്ഞുങ്ങളെ വളർത്തുന്നത് സ്വപ്നം കണ്ടു കഴിയുകയായിരുന്ന ഞാൻ കേട്ടത് ഒരു മകന്റെ മരണവർത്തയാണ്. ഞാൻ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ആളെ ഞാൻ കാണുന്നത് 56-മത്തെ ദിവസമാണ്. അവയവങ്ങൾ ഒന്നും പൂർണ്ണവളർച്ച എത്തിയിരുന്നില്ല. അവനെ കണ്ടപ്പോൾ ഞാൻ കരയുകയാണ് ചെയ്തത്. വികൃത രൂപമായിരുന്നു അവന്. ദൈവം എന്തിനാണ് എന്നോട് ഈ ക്രൂരത ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചു പോയി.126 ദിവസങ്ങൾക്ക് ശേഷമാണ് എൻഐസിയു വാസം കഴിഞ്ഞ് മകനുമായി വീട്ടിൽ എത്തുന്നത്.
അപകടം, കടുത്ത സാമ്പത്തിക പ്രശ്നം, കുടുംബത്തോടെ മരിക്കാൻ തീരുമാനിച്ച നിമിഷം..: മൃദുല പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..