കേരള പൊലീസിന്‍റെ 'കുട്ടൻപിള്ള സ്‍പീക്കിംഗ്' ടീം വീണ്ടും; ഗൗരവമുള്ള വിഷയങ്ങളുമായി 'കെപി ടോക്ക്സ്'
പൊതുജനം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സേവനങ്ങളും ലളിതവും സരസവുമായി അവതരിപ്പിക്കലാണ് പുതിയ വീഡിയോ സിരീസിന്‍റെ ലക്ഷ്യം
പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നതിലൂടെയാണ് കേരള പൊലീസ് സോഷ്യൽ മീഡിയ വിഭാഗം ശ്രദ്ധ നേടിയത്. ട്രോളുകളിലൂടെയും രസകരമായ മറുപടികളിലൂടെയും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മില്യൺ കണക്കിന് ഫോളോവേഴ്സിനെ കൂടെക്കൂട്ടിയ സോഷ്യൽ മീഡിയ ടീമിന്റെ കൊവിഡ് കാലത്തെ ബോധവത്കരണ വീഡിയോകളൊക്കെ ഹിറ്റ് ആയിരുന്നു. കെപി ടോക്ക്സ് എന്ന പേരിലാണ് അവർ പുതിയ വീഡിയോ സിരീസ് പുറത്തിറക്കിയിരിക്കുന്നത്.
പലർക്കും വ്യക്തമായി അറിയാത്ത, എന്നാൽ നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സേവനങ്ങളും ലളിതവും സരസവുമായി അവതരിപ്പിക്കലാണ് പുതിയ വീഡിയോ സിരീസിന്‍റെ ലക്ഷ്യം. ഇതിന്റെ പ്രോമോയും കുട്ടികളുടെ മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പോലീസ് ഹെല്‍പ്പ്‍ലൈന്‍ ചിരിയെക്കുറിച്ചുള്ള ആദ്യ ഭാഗവും ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
സ്ത്രീകളെയും പെൺകുട്ടികളെയും സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുന്നതിലേക്കായി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന സ്വയംപ്രതിരോധ പരിശീലന പരിപാടിയെക്കുറിച്ചാണ് രണ്ടാം ഭാഗം. പൊതുജനങ്ങളുടെ ആവശ്യപ്രകാരം അവർക്ക് സൗകര്യപ്രദമായ ഇടങ്ങളിൽ എത്തി തികച്ചും സൗജന്യമായി പോലീസിന്റെ സ്വയം പ്രതിരോധ പരിശീലക സംഘം ക്ലാസുകൾ എടുക്കുന്നുമുണ്ട്. ഇക്കാര്യത്തെക്കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണാം. ഹെഡ് ക്വാർട്ടർ എ ഡി ജി പി പത്മകുമാർ ഐ പി എസിന്റെ ആശയത്തിന്മേൽ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് സോഷ്യൽ മീഡിയ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥരാണ്. സ്വയം പ്രതിരോധ പരിശീലക ടീമിലെ പോലീസ് ഉദ്യോഗസ്ഥ അനീസ്ബാനാണ് അവതരണം.
ALSO READ : 'പൊറിഞ്ചു മറിയം ജോസ്' തെലുങ്കിലേക്ക്; നായകനാവുക ഈ സൂപ്പര്‍താരം