ആശുപത്രി കിടക്കയില്‍ നിന്നും ശിവണ്ണയുടെ സന്ദേശം; ഈ രൂപത്തില്‍ സങ്കടപ്പെട്ട് ആരാധകര്‍, പക്ഷെ ശുഭ വാര്‍ത്ത!
കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ ക്യാൻസർ ചികിത്സയിലാണ്. ഫ്ലോറിഡയിലെ മിയാമിയിൽ അടുത്തിടെ നടന്ന ശസ്ത്രക്രിയയെ തുടർന്ന്, അദ്ദേഹം പുതുവത്സരാശംസകൾ നേർന്ന് ഹൃദയസ്പർശിയായ ഒരു വീഡിയോ പങ്കുവച്ചു.
മിയാമി: കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാർ ക്യാൻസർ ചികിത്സയിലാണ്. ചികില്‍സയ്ക്കിടയില്‍ നിന്നും ഇദ്ദേഹം പങ്കുവച്ച പുതുവസ്തര ആശംസ വീഡിയോ അതിവേഗമാണ് വൈറലായത്. ഫ്ലോറിഡയിലെ മിയാമിയിൽ അടുത്തിടെ നടന്ന ശസ്ത്രക്രിയയെ തുടർന്നുള്ള അദ്ദേഹത്തിന്‍റെ വൈകാരിക യാത്ര ഹൃദയസ്പർശിയായ ഒരു വീഡിയോയിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
വീഡിയോയിൽ ശിവരാജ്കുമാർ താന്‍ അതിവേഗം സുഖം പ്രാപിക്കുന്നതായി ആരാധകരോടും കുടുംബാംഗങ്ങളോടും പറയുന്നുണ്ട്. “നമസ്കാരം, നിങ്ങൾക്ക് പുതുവത്സരാശംസകൾ നേരുന്നു” എന്ന് പറഞ്ഞാണ് ശിവണ്ണ വീഡിയോ തുടങ്ങുന്നത്. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു തന്‍റെ രോഗത്തൊടൊപ്പമുള്ള യാത്ര എന്ന് അദ്ദേഹം പറഞ്ഞു. രോഗനിർണയത്തിന് മുമ്പ് താൻ വളരെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ആരാധകരുടെയും കുടുംബത്തിന്‍റെയും മെഡിക്കല്‍ സംഘത്തിന്‍റെയും അചഞ്ചലമായ പിന്തുണ തനിക്ക് രോഗത്തോട് യുദ്ധം ചെയ്യാനുള്ള കരുത്ത് നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
“ഞാൻ മുമ്പുതന്നെ ഭയപ്പെട്ടിരുന്നു, പക്ഷേ ആരാധകരും ബന്ധുക്കളും സഹപ്രവർത്തകരും ഡോക്ടർമാരും - പ്രത്യേകിച്ച് എന്നെ ചികിത്സിച്ച ഡോ. ശശിധറും നഴ്സുമാരും എനിക്ക് ശക്തി നല്‍കി. ഞാൻ കീമോതെറാപ്പി ചെയ്തു, സത്യത്തില്‍ ഇതെല്ലാം ഞാൻ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് എനിക്കറിയില്ല. പക്ഷേ അവസാനം മിയാമിയിൽ ചികിത്സയ്‌ക്ക് പോകാനൊരുങ്ങിയപ്പോഴും ഭയമായിരുന്നു. എന്നിരുന്നാലും, എന്‍റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും എന്‍റെ അരികിലുണ്ടായിരുന്നു” ശിവരാജ്കുമാർ വീഡിയോയില്‍ പറഞ്ഞു.
ചികിൽസയ്ക്കിടെ ഒപ്പം നിന്ന ഭാര്യ ഗീത ഉൾപ്പെടെയുള്ളവർക്കു നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം തനിക്ക് മിയാമിയില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും പറഞ്ഞു. “ എന്‍റെ ഒരു വൃക്കയും മൂത്ര സഞ്ചിയും ട്രാന്‍സ്പ്ലാന്‍റ് ചെയ്തു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളോടും ഡോക്ടറുടെ ഉപദേശത്തോടും കൂടി, അടുത്ത മാസങ്ങളില്‍ വിശ്രമം വേണം. ഞാൻ ഉടൻ തന്നെ ശക്തനായി തിരിച്ചെത്തും. എല്ലാവരേയും സ്നേഹിക്കുന്നു, പുതുവത്സരാശംസകൾ ” ശിവരാജ് കുമാര്‍ വീഡിയോ അവസാനിപ്പിച്ചു അദ്ദേഹത്തിന്‍റെ ഭാര്യ ഗീതയും ഒപ്പം ഉണ്ടായിരുന്നു.
നേരത്തെ റിപ്പോര്‍ട്ടുകള്‍ എല്ലാം നെഗറ്റീവ് ആണെന്നും ഉടന്‍ തന്നെ ശിവരാജ് കുമാര്‍ ക്യാന്‍സര്‍ വിമുക്തനായി തിരിച്ചെത്തും എന്ന് ഗീത സോഷ്യല്‍ മീഡിയ പോസ്റ്റ് നടത്തിയിരുന്നു. അതേ സമയം ശിവരാജ് കുമാറിന്‍റെ ആരാധകര്‍ അദ്ദേഹത്തിന്‍റെ വീഡിയോയുടെ അടിയില്‍ ആശംസകള്‍ നേരുന്നുണ്ട്. ചിലര്‍ മുടിയെല്ലാം പോയ ശിവരാജ് കുമാറിന്‍റെ രോഗിയായി നില്‍ക്കുന്ന രൂപത്തില്‍ ആശങ്കയും സങ്കടവും പ്രകടിപ്പിക്കുന്നുണ്ട്.
ഡിസംബര്‍ ആദ്യമാണ് മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 62 കാരനായ ശിവരാജ് കുമാര്‍ മൂത്രാശയ ക്യാൻസറിനുള്ള ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടത്. ഡിസംബര്‍ മധ്യത്തോടെ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
സീനിയേഴ്‍സും ഞെട്ടി, രാം ചരണ്‍ വാങ്ങിക്കുന്നത് വൻ പ്രതിഫലം, തുക പുറത്ത്