'ഗ്രേറ്റ് ഇന്ത്യന്‍ സിനിമ' ബ്രാഹ്മാണ്ഡ ദൃശ്യാനുഭവം: കല്‍ക്കി 2898 എഡി റിവ്യൂ
അസാധ്യമായ ഒരു ചിന്തയെ പിന്‍പറ്റിയാണ് നാഗ് അശ്വിന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഈ വര്‍ഷം ഇന്ത്യന്‍ സിനിമ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. ഈ പ്രതീക്ഷകള്‍ ഒന്നും പാഴായിപ്പോകാതെ പ്രേക്ഷകനെ തീയറ്ററില്‍ നിന്നും ആവേശത്തോടെ മടങ്ങാന്‍ വകയൊരുക്കുകയാണ് സംവിധായകന്‍ നാഗ് ആശ്വിന്‍. ഹോളിവുഡ് ലെവല്‍ ചിത്രം എന്ന സ്ഥിരം പല്ലവിയല്ല. ക്വാളിറ്റിയിലും കണ്ടന്‍റിലും പ്രേക്ഷകന് ആ അനുഭവം നല്‍കുന്നുണ്ട് കല്‍ക്കി 2898 എഡി. അതിനാല്‍ തന്നെ സ്ഥിരം പല്ലവി മാറ്റിപ്പിടിച്ച് 'ഗ്രേറ്റ് ഇന്ത്യന്‍ സിനിമ' എന്ന വിശേഷണം തന്നെ നല്‍കാം ഈ ചിത്രത്തിന്.
അസാധ്യമായ ഒരു ചിന്തയെ പിന്‍പറ്റിയാണ് നാഗ് അശ്വിന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പലപ്പോഴും ഇന്ത്യന്‍ മിത്തോളജിയെ ഇന്ത്യന്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിന്‍റെ അരുകും മൂലയും എടുക്കും അല്ലെങ്കില്‍ ഒരു പുരാണ കഥയായി എടുക്കും. എന്നാല്‍ മഹാഭാരതത്തെ ട്രൂ ഇന്‍സ്പേയര്‍ ചെയ്ത് ഒരു ബ്രഹ്മണ്ഡ പടം ഒരുക്കിയിരിക്കുകയാണ് വൈജയന്തി മൂവീസിന്‍റെ ബാനറില്‍ നാഗ് അശ്വിന്‍.
ബാഹുബലി നായകനായ പ്രഭാസിന്‍റെ ചിത്രം എന്ന നിലയിലാണ് കല്‍ക്കി 2898 എഡി അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ പ്രൊജക്ട് കെ എന്ന തുടക്കത്തിലെ പേരില്‍ നിന്നും കല്‍ക്കി 2898 എഡി ആയപ്പോള്‍ ചിത്രത്തിന്‍റെ കാസ്റ്റിംഗും വളര്‍ന്നു. അമിതാഭ് ബച്ചന്‍, ദീപിക പാദുകോണ്‍, കമല്‍ഹാസന്‍ എന്നിവരെല്ലാം താരനിരയിലേക്ക് എത്തി. അതിനൊപ്പം ക്യാമിയോ റോളിലും ഏതാനും താരങ്ങള്‍ എത്തുന്നുണ്ട്. അതില്‍ പ്രധാനം ദുല്‍ഖര്‍ സല്‍മാനാണ്.
പേരിലെപ്പോലെ 2898 എഡിയിലാണ് കഥ നടക്കുന്നത്. ലോകത്ത് അവശേഷിക്കുന്ന ഏക നഗരമാണ് കാശി അവിടുത്തെ ബൗണ്ടി ഹണ്ടറാണ് ഭൈരവ. കാശിയില്‍ ദൈവത്തിന് നിരോധനമാണ്. ആകാശത്തുള്ള ലോകമാണ് കോംപ്ലക്സ് അത് ഭരിക്കുന്നത് സുപ്രീം ലീഡര്‍ യാഷ്കിനാണ്. യാഷ്കിന്‍ പെണ്‍കുട്ടികളെ കൃത്രിമ ഗര്‍ഭം ധരിപ്പിച്ച് പ്രൊജക്ട് കെ എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. അതേ സമയം ശംബാല എന്ന പേരില്‍ വിമതരുടെ നഗരം വേറെയുണ്ട്. ഈ റിബലുകള്‍ കോംപ്ലക്സിനെതിരെ യുദ്ധം ചെയ്യുന്നവരാണ്. ഒപ്പം അവരില്‍ ചിലര്‍ ഒരു അവതാര പിറവി സ്വപ്നം കാണുന്നു. അതേ സമയം തന്നെ ചിരഞ്ജീവിയായ അശ്വത്ഥാമാവും ഒരു ഭാഗത്ത് തന്‍റെ മോക്ഷകാലത്തിനായി കാത്ത് നില്‍ക്കുന്നുണ്ട്.
പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരവാണ് ചിത്രം. ഹോളിവുഡ് സ്റ്റെലില്‍ ഉള്ള ബൗണ്ടി ഹണ്ടര്‍ ഭൈരവയായി കളിയും തമാശയും ആക്ഷനുമായി പ്രേക്ഷകരുടെ പതിവ് 'ഡാര്‍ളിംഗ്' ഘടകങ്ങള്‍ എല്ലാം എടുത്തു വീശുന്നുണ്ട് പ്രഭാസ്. ഒപ്പം തന്നെ ക്ലൈമാക്സിനോട് അനുബന്ധിച്ചാണ് ശരിക്കും ചിത്രത്തിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നത് എന്ന് പറയാം. അതിനാല്‍ തന്നെ ചിത്രത്തിലെ രസകരമായ മൂഹൂര്‍ത്തങ്ങള്‍ എല്ലാം കൊണ്ടുപോകുന്നത് പ്രഭാസാണ്. വലിയൊരു തിരിച്ചുവരവ് തന്നെയാണ് പ്രഭാസിന് ചിത്രം.
പുരാണ കഥാപാത്രമായ അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആദ്യത്തെ മഹാഭാരത സീന്‍ മുതല്‍ ക്ലൈമാക്സിന് അടുത്തുവരെ അമിതാഭാണ് ചിത്രത്തിലെ നായകന്‍ എന്ന് പറഞ്ഞാലും കുറഞ്ഞുപോകില്ല. ചിത്രത്തില്‍ പ്രഭാസിന്‍റെ പെയര്‍ റോളില്‍ അല്ല ദീപിക വരുന്നത്. ശക്തയായ കഥാപാത്രമായിട്ടാണ്. അതിനാല്‍ തന്നെ ഈ റോളും ശ്രദ്ധേയമാണ്. രണ്ട് സീനിലെ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും സുപ്രീം ലീഡര്‍ യാഷ്കിന്‍ എന്ന വില്ലന്‍ റോളില്‍ കമല്‍ഹാസന്‍ നടത്തിയത് അന്യായ സ്ക്രീന്‍ പ്രസന്‍സാണ്.
മലയാളത്തില്‍ നിന്നും അന്നാബെന്‍ ശ്രദ്ധേയമായ റോളാണ് അവതരിപ്പിച്ചത്. പശുപതി, ശോഭന എന്നിവരുടെ റോളും ശ്രദ്ധേയമാണ്. സാങ്കേതികമായി നോക്കിയാല്‍ ഇന്ത്യന്‍ സിനിമ കണ്ട മികച്ച വിഎഫ്എക്സ് വര്‍ക്കുകള്‍ ചിത്രത്തിലുണ്ടെന്ന് പറയാം. കാശിയായലും, കോംപ്ലക്സ് ആയാലം, ശംബാല ആയാലും പുതിയ ലോകം തന്നെ സൃഷ്ടിക്കാന്‍ അണിയറക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിന്‍റെ കഥാതന്തുവില്‍ ലോകം രക്ഷിക്കാന്‍ വരുന്ന അവതാര പിറവിയും, അത് തടയാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളും എന്ന തീം മുന്‍പേ ഉള്ളതാണ്. എന്നാല്‍ അതിനെ ഒരു അപ്പോക്ലാലിപ്റ്റോ ബാക്ഗ്രൗണ്ടില്‍ അവതരിപ്പിച്ച് അതില്‍ ഇന്ത്യന്‍ മിത്തോളജിയെ സമന്യയിപ്പിച്ച രീതി ഗംഭീരം എന്ന് തന്നെ പറയേണ്ടിവരും.
ഇന്ത്യന്‍ സിനിമയില്‍ പുതിയ അദ്യായം ഒരുക്കുകയാണ് നാഗ് അശ്വിന്‍ അത് കലപരമായും സാങ്കേതികമായും മികച്ച് നില്‍ക്കുന്നു. കല്‍ക്കി സിനിമാറ്റിക് യൂണിവേഴ്സിലേക്ക് പ്രേക്ഷകനെ സ്വാഗതം ചെയ്താണ് കല്‍ക്കി 2898 എഡി അവസാനിക്കുന്നത്. അതിനാല്‍ തന്നെ കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല.
ഒടുവില്‍ 'കിംഗ് ഈസ് ബാക്ക്', തിയറ്ററില്‍ ത്രസിപ്പിച്ച് ദുല്‍ഖര്‍, കല്‍ക്കിയില്‍ മിന്നിത്തിളങ്ങുന്നു
ഞെട്ടിച്ച് കമല്‍ഹാസൻ, എങ്ങനെയുണ്ട് കല്‍ക്കി?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്