'13 പേർ എരന്ത് പോയിട്ടാങ്കെ, ബോഡി കൂടെ കെടയ്ക്കലെ'; മഞ്ഞുമ്മലിന് പിന്നാലെ ഡെവിൾസ് കിച്ചന്‍റെ അപൂർവ്വ വീഡിയോ
കൊടൈക്കനാലിലെ ഗുണ കേവില്‍ നിന്നുള്ള യഥാര്‍ഥ ഫുട്ടേജ്
ഒരു മലയാള ചിത്രം നേടുന്ന അപൂര്‍വ്വ വിജയമാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടിക്കൊണ്ടിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിന് സമാനമാണ് ചിത്രം തമിഴ്നാട്ടില്‍ നേടുന്ന പ്രേക്ഷകാവേശം. കമല്‍ ഹാസന്‍ ചിത്രം ഗുണ ചിത്രീകരിക്കപ്പെട്ടതിന് ശേഷം ഗുണ കേവ് എന്ന് അറിയപ്പെട്ട കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചണിലേക്ക് ഒരു മലയാളി യാത്രാസംഘം എത്തുന്നതും അവര്‍ നേരിടുന്ന അപകട സാഹചര്യവുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം. 2006 ല്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രവുമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഇപ്പോഴിതാ ഒരു അപൂര്‍വ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
കൊടൈക്കനാലിലെ ഗുണ കേവില്‍ നിന്നുള്ള യഥാര്‍ഥ ഫുട്ടേജ് ആണിത്. 13 പേര്‍ പലപ്പോഴായി കാല്‍ വഴുതി വീണ് മരണപ്പെട്ടുവെന്ന് സര്‍ക്കാര്‍ രേഖലകളിലുള്ള, അതിനുപിന്നാലെ യാത്രികര്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ട സ്ഥലമാണ് ഇത്. 2008 ല്‍ അവിടം സന്ദര്‍ശിച്ച ഒരു യാത്രികന്‍ പകര്‍ത്തിയ വീഡിയോയാണ് ഇതെന്നാണ് അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഹാന്‍ഡിലുകള്‍ പറയുന്നത്. ഒപ്പം ഒരു ഗൈഡുമുണ്ട്. ഗുണ സിനിമ ചിത്രീകരിക്കപ്പെട്ട സ്ഥലവും മുന്‍പ് മരണപ്പെട്ടവര്‍ വീണുപോയ കുഴിയുമൊക്കെ ഗൈഡ് വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിരവധി പേര്‍ ഈ വീഡിയോ എക്സില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
1991 ല്‍ സന്താന ഭാരതിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ഗുണ. ഏറെ അപകടമായ സാഹചര്യത്തില്‍ നടത്തിയ ചിത്രീകരണത്തെക്കുറിച്ച് ചിത്രത്തിന്‍റെ ഛായാഗ്രാഹകനായിരുന്ന വേണു പറഞ്ഞിട്ടുണ്ട്. അതേസമയം മഞ്ഞുമ്മല്‍ ബോയ്സ് ടീം ഗുണ കേവിലെ ഭൂരിഭാഗം രംഗങ്ങളും പെരുമ്പാവൂരില്‍ ഒരു സെറ്റ് ഇട്ടാണ് ചിത്രീകരിച്ചത്. ഗുണയിലെ ഗാനവും മഞ്ഞുമ്മല്‍ ബോയ്സില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.
ALSO READ : വീണ്ടും സുഹൃത്തുക്കളുടെ കഥയുമായി ഒരു മലയാള ചിത്രം; 'ഓഫ് റോഡ്' വരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം