'ഗോസിപ്പ് ഗേൾ' താരം മിഷേൽ ട്രാച്ചെൻബെർഗിനെ മരിച്ച നിലയിൽ കണ്ടെത്തി. 39 വയസ്സായിരുന്നു. 

വാഷിംഗ്ടൺ: 'ഗോസിപ്പ് ഗേൾ' സീരിസിലൂടെ പ്രശസ്തയായ നടി മിഷേൽ ട്രാച്ചെൻബെർഗ് അന്തരിച്ചു. 39 വയലസായിരുന്നു. മിഷേലിനെ മാൻഹട്ടനിലെ ഇവരുടെ അപ്പാർട്ട്‌മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് പറയുന്നത്. 

വെറൈറ്റി റിപ്പോര്‍ട്ട് അനുസരിച്ച് മിഷേൽ അടുത്തിടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. എന്നാല്‍ പൊലീസ് മരണത്തിന്‍റെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ല. മരണത്തിന് ക്രിമിനല്‍ സ്വഭാവം ഉണ്ടോ എന്ന കാര്യം പൊലീസ് തള്ളികളഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

“മിഷേൽ ട്രാച്ചെൻബെർഗ് അന്തരിച്ചുവെന്ന് സ്ഥിരീകരിക്കുന്നത് വളരെ സങ്കടത്തോടെയാണ്,” അവളുടെ ഏജന്‍റ് ഗാരി മന്തൂഷ് പ്രസ്താവനയിൽ പറഞ്ഞു. "കുടുംബം അവരുടെ നഷ്ടത്തിന് സ്വകാര്യത അഭ്യർത്ഥിക്കുന്നു. കൂടുതൽ വിശദാംശങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല." എന്നും ഇവരുടെ കുറിപ്പില്‍ അറിയിക്കുന്നു.

1985 ഒക്ടോബർ 11 ന് ന്യൂയോർക്കിൽ ജനിച്ച ട്രാച്ചെൻബെർഗ് വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്തേക്ക് എത്തി. പരസ്യങ്ങളിൽ വെറും 3 വയസുള്ളപ്പോള്‍ തന്നെ ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിഷേലിന്‍റെ ആദ്യത്തെ ടിവി പ്രോജക്റ്റ് 'ദി അഡ്വഞ്ചേഴ്‌സ് ഓഫ് പീറ്റ് ആൻഡ് പീറ്റ്' ആയിരുന്നു. 1990 കളിലാണ് ഇത് സംപ്രേഷണം ചെയ്തത്. 

'ബഫി ദി വാമ്പയർ സ്ലേയർ' എന്ന ടീനേജ് ഡ്രാമയില്‍ ഡോൺ സമ്മേഴ്‌സ് എന്ന വേഷമാണ് മിഷേലിന്‍റെ കരിയറിലെ വഴിത്തിരിവായി മാറിയത്. ട്രാച്ചെൻബർഗ് ഈ സീരിസിന്‍റെ അഞ്ചാം സീസണിലാണ് എത്തിയതെങ്കിലും 2003-ൽ അവസാനിച്ച അവസാനത്തെയും സീസണ്‍ വരെ അതിലുണ്ടായിരുന്നു. 

2007 മുതൽ 2012 വരെ സംപ്രേഷണം ചെയ്ത 'ഗോസിപ്പ് ഗേൾ' ആയിരുന്നു മിഷേലിന്‍റെ മറ്റൊരു വന്‍ ഹിറ്റ് പരമ്പര. ടീനേജ് ഡ്രാമയില്‍ ജോർജിന സ്പാർക്ക്സ് എന്ന വേഷമായിരുന്നു ഇവള്‍ക്ക്. 2022-ൽ എച്ച്ബിഒ മാക്‌സില്‍ 'ഗോസിപ്പ് ഗേൾ' റീബൂട്ടിൽ ക്യാമിയോ വേഷത്തിലും മിഷേല്‍ എത്തിയിരുന്നു. 

സൂപ്പർമാൻ നിയമകുരുക്കില്‍? പണി കൊടുത്തത് സൂപ്പര്‍മാന്‍റെ സഹ സൃഷ്ടാവ് !

ശ്രുതി ഹാസന്‍റെ അന്താരാഷ്ട്ര ചിത്രം 'ഐ' ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നു