'സ്‍കൂള്‍ കുട്ടികള്‍ എന്നെ കണ്ടാല്‍ ആ ഡയലോഗുകള്‍ പറയും'; 'മഞ്ഞുരുകും കാല'ത്തിലെ കുഞ്ഞ് ജാനിക്കുട്ടി പറയുന്നു
ഏറെ ജനപ്രീതി ലഭിച്ച പരമ്പരയായിരുന്നു മഞ്ഞുരുകും കാലം
ഒരു കാലത്ത് ഏറ്റവും കൂടുതൽ റേറ്റിംഗില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയാണ് മഞ്ഞുരുകും കാലം. അതിന് മുന്‍പോ ശേഷമോ അതുപോലൊരു സീരിയൽ മലയാളത്തിൽ പിറന്നിട്ടില്ല. സ്‌ക്രീനില്‍ വിവിധ പ്രായത്തിലുള്ള ഒട്ടേറെ ജാനിമാർ വന്നുപോയെങ്കിലും ഏറ്റവും കൂടുതൽ ജനപ്രീതി ലഭിച്ചത് സീരിയലിൽ രണ്ടാമതായി എത്തിയ ജാനിക്കുട്ടി ബേബി നിരഞ്ജനയ്ക്കായിരുന്നു.
കണ്ണൂർ സ്വദേശിനിയായ നിരഞ്ജനയെ സ്വന്തം വീട്ടിലെ കുഞ്ഞിനെ പോലെ കരുതിയാണ് അന്ന് മലയാളികൾ സ്നേഹിച്ചിരുന്നതും. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ നിരഞ്ജന ഇപ്പോൾ പഠനത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും കലോത്സവ വേദികളിൽ സജീവമാണ് നിരഞ്ജന. വായനയോടും താൽപര്യമുള്ള നിരഞ്ജന മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മഞ്ഞുരുകും കാലം സെറ്റിലെ ഓർമകൾ പങ്കിട്ടു.
"എല്ലാവരും മഞ്ഞുരുകും കാലത്തെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. ചെറുപ്പത്തിലെ എന്റെ അഭിനയം കണ്ട് ഇപ്പോൾ ഫ്രണ്ട്സൊക്കെ കളിയാക്കും. അവർക്കൊക്കെ സീരിയലിലെ ചില ഭാഗങ്ങളിലെ എന്റെ അഭിനയം കാണുമ്പോൾ കോമഡിയായിട്ടാണ് തോന്നുക. അതുകൊണ്ട് നല്ല രീതിയിൽ കളിയാക്കാറുണ്ട്. അതുപോലെ സ്കൂളിലെ കുട്ടികളൊക്കെ ഞാൻ വരുന്നത് കാണുമ്പോൾ സീരിയലിലെ ഡയലോഗുകൾ പറയും. മഞ്ഞുരുകും കാലത്തിന്റെ സെറ്റിൽ ഞാൻ വളരെ കുസൃതിയായിരുന്നു. അന്ന് കഥാപുസ്തകം വായിച്ച് തരാൻ നിർബന്ധിച്ച് സെറ്റിലുള്ളവരെയെല്ലാം ഞാൻ ബുദ്ധിമുട്ടിക്കുമായിരുന്നു. സീനിയർ ആക്ടേഴ്സ് അഭിനയിക്കുമ്പോൾ അവരെ ഞാൻ തോണ്ടി വിളിച്ച് ഡിസ്റ്റർബ് ചെയ്യുമായിരുന്നു. നിരന്തരമായി അഭിനയിച്ച് മടുപ്പ് വന്ന് കഴിയുമ്പോൾ ഞാൻ ഒളിച്ചിരിക്കും."
"അന്ന് വായിക്കാൻ അറിയാത്തതിനാൽ ക്രൂ മെമ്പേഴ്സ് പ്രോംറ്റ് ചെയ്യുന്നത് കേട്ട് പറയുകയാണ് ചെയ്തിരുന്നത്. അല്ലാതെ ഡയലോഗ് പഠിച്ചിരുന്നില്ല. അന്നും ഇന്നും ഞാൻ നല്ലതുപോലെ സംസാരിക്കുന്നയാളാണ്. അപരിചിതർ വന്ന് സംസാരിക്കുമ്പോൾ ഒന്ന് ഉൾവലിഞ്ഞ് നിൽക്കും. എന്റെ കുട്ടിക്കാലത്തെ ഏറ്റവും ഓര്‍മ്മിക്കത്തക്കതാക്കാന്‍ ഒരുപാട് നിമിഷങ്ങള്‍ ഈ സീരിയൽ വഴി ലഭിച്ചിട്ടുണ്ട്", നിരഞ്ജന പറയുന്നു.
ALSO READ : 'ഗോളം' നായകന്‍ വീണ്ടും; 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' വരുന്നു