'ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ': ഭയാനക സംഭവത്തില്‍ രശ്മിക.!
ഇപ്പോഴിതാ സംഭവത്തില്‍ രശ്മിക തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തീര്‍ത്തും ഭയപ്പെടുത്തുന്നത് എന്നാണ് രശ്മിക ഇതിനെക്കുറിച്ച് എക്സില്‍ എഴുതിയ പ്രതികരണത്തില്‍ പറയുന്നത്.
മുംബൈ: കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടി രശ്മിക മന്ദാനയുടെതെന്ന പേരില്‍ ഒരു വൈറല്‍ വീഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു. ഒരു ലിഫ്റ്റിലേക്ക് രശ്മികയുടെ മുഖം ഉള്ള പെണ്‍കുട്ടി കയറി വരുന്നതാണ് വീഡിയോയില്‍. രശ്മിക എന്ന പേരില്‍ ഇത് വന്‍ വൈറലായി. എന്നാല്‍ ഈ വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കിയതായിരുന്നു. അതായത് രശ്മികയുടെ മുഖം കൃത്രിമമായി എഐ ഉപയോഗിച്ച് ചെയ്തെടുത്തതായിരുന്നു ഈ വീഡിയോ.
ഈ വീഡിയോയുടെ ഭാഗങ്ങള്‍ അടക്കം പങ്കുവച്ച് നിയമനടപടി വേണം എന്ന ആവശ്യവുമായി എക്സ് പ്ലാറ്റ് ഫോമില്‍ രംഗത്ത് വന്നിരിക്കുകയാണ് നടൻ അമിതാഭ് ബച്ചൻ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. ശക്തമായ നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പ്രസ്താവിച്ചിരുന്നു. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിൽ കയറുന്ന ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ പെണ്‍കുട്ടിയുടെ വീഡിയോ രശ്മികയുടെതിന് സാമ്യമുള്ള തരത്തിൽ മുഖം മോർഫ് ചെയ്ത് എഡിറ്റ് ചെയ്തിട്ടുണ്ടാക്കിയതാണെന്ന് ഫാക്ട് ചെക്കേര്‍സ് കണ്ടെത്തിയിരുന്നു.
ഇപ്പോഴിതാ സംഭവത്തില്‍ രശ്മിക തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തീര്‍ത്തും ഭയപ്പെടുത്തുന്നത് എന്നാണ് രശ്മിക ഇതിനെക്കുറിച്ച് എക്സില്‍ എഴുതിയ പ്രതികരണത്തില്‍ പറയുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണ്ണം രൂപം ഇങ്ങനെ
അതിയായ വേദനയെടെയാണ് ഈ കാര്യം ഞാന്‍ നിങ്ങളോട് പറയുന്നത്, ഓൺലൈനിൽ പ്രചരിക്കുന്ന എന്‍റെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ചുള്ള എന്‍റെ പ്രതികരണമാണിത്.
സത്യസന്ധമായി പറഞ്ഞാല്‍ ഈ അവസ്ഥ ഭയാനകമാണ്. എനിക്ക് മാത്രമല്ല, സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇത്തരം അപകടങ്ങൾക്ക് ഇരയാകുന്ന നമ്മളോരോരുത്തർക്കും ഇത് ഭീതിജനകമാണ്.
ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എന്റെ സംരക്ഷണവും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ എന്‍റെ നന്ദി അറിയിക്കുന്നു. എന്നാൽ ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല.
ഇത്തരം ആക്രമണങ്ങളില്‍ നമ്മളിൽ കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ്, ഒരു സമൂഹമെന്ന നിലയിലും അടിയന്തിരമായും ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടേണ്ടതുണ്ട്.
അതേ സമയം സംഭവത്തില്‍ കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്സിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി എടുക്കും എന്നാണ് കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് ചെയ്ത എക്സ് പോസ്റ്റില്‍ പറയുന്നത്.