'സാന്ത്വന'ത്തിന് പകരം ഒന്നല്ല, രണ്ട് പരമ്പരകള്‍; ലോഞ്ച് ഇവെന്‍റ് ഇന്ന് ഏഷ്യാനെറ്റില്‍
രണ്ട് പരമ്പരകളും നാളെ മുതല്‍
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര സാന്ത്വനത്തിന്‍റെ ഫൈനല്‍ എപ്പിസോഡ് ഇന്നലെ ആയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ക്ലൈമാക്സ് എപ്പിസോഡോടെയാണ് സാന്ത്വനം ഇന്നലെ അവസാനിച്ചത്. എന്നാല്‍ സീരിയല്‍ പ്രേമികള്‍ക്ക് ഏഷ്യാനെറ്റിന്‍റെ സന്തോഷവാര്‍ത്തയുണ്ട്. സാന്ത്വനം അവസാനിക്കുമ്പോള്‍ പുതിയ രണ്ട് പരമ്പരകളാണ് ഏഷ്യാനെറ്റില്‍ ആരംഭിക്കുന്നത്. ചെമ്പനീര്‍ പൂവ്, ഏതോ ജന്മ കല്‍പനയില്‍ എന്നീ പേരുകളിലാണ് പുതിയ പരമ്പരകള്‍ തുടങ്ങുന്നത്. ഇതിന്‍റെ ലോഞ്ച് ഇവെന്‍റ് ഏഷ്യാനെറ്റില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് സംപ്രേഷണം ചെയ്യും.
അടുത്തിടെ കോഴിക്കോട് നടന്ന ലോഞ്ച് ഇവെന്‍റില്‍ ചലച്ചിത്ര, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.
ചലച്ചിത്ര, ടെലിവിഷൻ മേഖലകളില്‍ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ടെലിവിഷൻ, സിനിമാ കലാകാരന്മാർ അവതരിപ്പിച്ച വർണാഭമായ പരിപാടികളും ഉണ്ടായിരുന്നു.
ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള രേവതി എന്ന പെൺകുട്ടി തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതിനിടയിൽ ജീവിതത്തില‍്‍ നേരിടുന്ന വെല്ലുവിളികളാണ് ചെമ്പനീർ പൂവ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. വിധിയുടെ വഴിത്തിരിവിൽ, സ്നേഹവും ആർദ്രതയും ത്യാഗവും സഹിഷ്ണുതയും നിറഞ്ഞ ഒരു പുതിയ അധ്യായവുമായി സച്ചി എന്ന ചെറുപ്പക്കാരൻ രേവതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. യഥാർത്ഥ ജീവിത സംഭവങ്ങളും ആകർഷകമായ കഥാസാരവുമായി എത്തുന്ന പരമ്പരയാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. തിങ്കൾ മുതൽ ഞായർ വരെ വൈകിട്ട് 7 മണിക്കാണ് പരമ്പരയുടെ സംപ്രേഷണം. ജനുവരി 29 മുതൽ ഏഷ്യാനെറ്റിൽ കാണാം.
അതേസമയം പ്രണയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഒരു സമ്പൂർണ്ണ സംയോജനമാണ് ഏതോ ജന്മ കൽപ്പനയിൽ എന്ന പരമ്പരയിലൂടെ കാണാനാവുക. ശ്രുതി എന്ന മധ്യവർഗ പെൺകുട്ടിയുടെയും അഹങ്കാരിയും സമ്പന്നനുമായ ബിസിനസ്‍മാന്‍ അശ്വിന്റെയും കഥയെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നേറുന്നത്. ഈ രണ്ട് വൈരുദ്ധ്യാത്മക വ്യക്തിത്വങ്ങൾ സാമൂഹിക മാനദണ്ഡങ്ങൾക്കപ്പുറമുള്ള ഒരു പ്രണയകഥയിൽ കുടുങ്ങിപ്പോകുമ്പോൾ ഉണ്ടാകുന്ന സംഘർഷനിമിഷങ്ങളിലൂടെ കഥ വികസിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ ഉച്ചകഴിഞ്ഞ് 2 .30 ന് പരമ്പര കാണാം. ഈ പരമ്പരയും ജനുവരി 29 മുതൽ ഏഷ്യാനെറ്റിൽ കാണാം.