'സ്റ്റീഫന്‍റെ തട്ട് താണുതന്നെയിരിക്കും'; 'ഗോഡ്‍ഫാദര്‍' ടീസര്‍ ട്രോളില്‍ മുക്കി 'ലൂസിഫര്‍' ആരാധകര്‍
മലയാളികള്‍ക്കൊപ്പം ലൂസിഫര്‍ കണ്ടിട്ടുള്ള മറുഭാഷാ പ്രേക്ഷകരും ചിത്രം ലൂസിഫറിനോളം എത്തില്ലെന്ന് അഭിപ്രായപ്പെടുന്നുണ്ട്
പ്രഖ്യാപനം മുതല്‍ പാന്‍ ഭാഷാതീതമായ പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമാണ് ചിരഞ്ജീവി നായകനാവുന്ന, ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഗോഡ്‍ഫാദര്‍. മലയാളത്തില്‍ വന്‍ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റീമേക്ക് ആയതിനാല്‍ മലയാളികളായ സിനിമാപ്രേമികളും ശ്രദ്ധിച്ച പ്രോജക്റ്റ് ആണ് ഇത്. ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തിന് തലേന്ന്, ഇന്നലെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. തെലുങ്കിലും ഹിന്ദിയിലുമായാണ് ടീസര്‍ എത്തിയത്. തെലുങ്ക് പ്രേക്ഷകരില്‍ വലിയൊരു വിഭാഗവും ടീസര്‍ മികച്ചതെന്ന് പറയുമ്പോള്‍ മലയാളികളുടെ അഭിപ്രായം അതല്ല. പൃഥ്വിരാജ് സാങ്കേതികത്തികവോടെ ഒരുക്കിയ, ലൂസിഫര്‍ ആയി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കിന്‍റെ ടീസര്‍ അമ്പേ മോശമാണെന്നാണ് മലയാളികളായ സിനിമാപ്രേമികളുടെ പ്രതികരണം. ഗോഡ്‍ഫാദര്‍ ടീസറിന്‍റെ യുട്യൂബ് ലിങ്കിനു താഴെ മോഹന്‍ലാല്‍ ചിത്രത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കമന്‍റുകളാണ് നിറയെ. ഒപ്പം ട്രോള്‍ പേജുകളിലും നിരവധി പോസ്റ്റുകള്‍ ഈ വിഷയത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മലയാളികള്‍ക്കൊപ്പം ലൂസിഫര്‍ കണ്ടിട്ടുള്ള മറുഭാഷാ പ്രേക്ഷകരും ചിത്രം ലൂസിഫറിനോളം എത്തില്ലെന്ന് അഭിപ്രായപ്പെടുന്നുണ്ട്. കംപ്ലീറ്റ് ആക്ടറിന് പകരം നില്‍ക്കാന്‍ മറ്റാര്‍ക്കും ആവില്ലെന്നാണ് ടീസറിനു താഴെ ഏറ്റവുമധികം ലൈക്കുകള്‍ ലഭിച്ച കമന്‍റ്. 9000ല്‍ അധികം ലൈക്കുകളാണ് പ്രസ്തുത കമന്‍റിന്.
മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദിനു പകരം തെലുങ്ക് റീമേക്കില്‍ എത്തുന്നത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ആണ്. സല്‍മാനും ചിരഞ്ജീവിയും ഒരു ജീപ്പില്‍ ഒരു കെട്ടിടത്തിന്‍റെ ഭിത്തി പൊളിച്ച് എത്തുന്ന രംഗമുണ്ട് ടീസറില്‍. ഈ സീനിലെ ഗ്രാഫിക്സും സിനിമാപ്രേമികള്‍ ട്രോള്‍ ആക്കുന്നുണ്ട്.
അതേസമയം തെലുങ്കില്‍ ഈ വര്‍ഷം വലിയ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് ഗോഡ്‍ഫാദര്‍. മഞ്ജു വാര്യര്‍ ലൂസിഫറില്‍ ചെയ്ത കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഇത്. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍.
ALSO READ : 'പുഷ്‍പ'യേക്കാള്‍ വലുത്; 'പുഷ്‍പ 2'ന് ഹൈദരാബാദില്‍ ആരംഭം