'എമ്പുരാന്‍ 50 കോടിക്ക് തീരുമായിരിക്കും അല്ലേ'? ചിരി പടര്‍ത്തി പൃഥ്വിയുടെ പോസ്റ്റ്
അതേസമയം എമ്പുരാന് മുന്‍പ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യിലും മോഹന്‍ലാല്‍ ആണ് നായകന്‍
പ്രഖ്യാപനവേള മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്റ്റ് ആണ് 'ലൂസിഫര്‍' സീക്വല്‍ ആയ 'എമ്പുരാന്‍'. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ മറ്റു പല വന്‍ പ്രോജക്റ്റുകളെപ്പോലെയും ചിത്രീകരണം വൈകാന്‍ സാധ്യതയുള്ള ചിത്രവുമാണ് ഇത്. മോഹന്‍ലാലും പൃഥ്വിരാജും തിരക്കഥയൊരുക്കിയ മുരളി ഗോപിയുമൊക്കെ മറ്റ് പല ചിത്രങ്ങളുടെ തിരക്കുകളിലുമാണ്. എന്നാല്‍ പൃഥ്വിരാജിന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ 'എമ്പുരാന്‍' വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് വന്നിരിക്കുകയാണ്. തന്‍റെ ഒരു സെല്‍ഫിക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വി കുറിച്ച രസകരമായ ക്യാപ്ഷന്‍ ആണ് ആരാധകര്‍ അതേ രസത്തോടെ ഏറ്റെടുത്തിരിക്കുന്നത്.
"ആന്‍റണി പെരുമ്പാവൂര്‍: രാജൂ, എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലേ?", ഈ ചോദ്യം കേട്ടപ്പോഴുള്ള പ്രതികരണമാണ് ചിത്രത്തില്‍ തന്‍റെ മുഖത്ത് കാണാനാവുന്നതെന്നും പൃഥ്വി സൂചിപ്പിക്കുന്നു. കല്യാണി പ്രിയദര്‍ശനും സാനിയ ഇയ്യപ്പനും അടക്കമുള്ള താരങ്ങള്‍ പോസ്റ്റിനടിയില്‍ തന്നെ പ്രതികരണവുമായെത്തിയപ്പോള്‍ സിനിമാഗ്രൂപ്പുകളില്‍ പല തരത്തില്‍ പോസ്റ്റ് ചര്‍ച്ചയായിട്ടുണ്ട്.
പൃഥ്വി പറഞ്ഞതിനെ നേരമ്പോക്ക് മാത്രമായെടുത്തുള്ള ട്രോളുകള്‍ക്കൊപ്പം ചില ഗ്രൂപ്പുകളില്‍ കൊവിഡ് കാലത്ത് പണച്ചെലവ് കുറയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളുമുണ്ട്. അതേസമയം എമ്പുരാന് മുന്‍പ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ ആണ് നായകന്‍. 'ബ്രോ ഡാഡി' എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും ആന്‍റണി പെരുമ്പാവൂര്‍ ആണ്. രസകരമായ ഒരു കുടിംബചിത്രമെന്നാണ് പൃഥ്വി ഈ സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ.