'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' പടം പൊട്ടിയിട്ടും, വിവാദം തീരുന്നില്ല; സംവിധായകനെതിരെ കേസുമായി നിര്‍മ്മാതാക്കള്‍
ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിന് സബ്‌സിഡി തുക തട്ടിയെടുത്തെന്നാരോപിച്ച് സംവിധായകൻ അലി അബ്ബാസ് സഫറിനെതിരെ പൂജാ എന്റർടെയ്ൻമെന്റ് പോലീസിൽ പരാതി നൽകി.
മുംബൈ: ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിന് അബുദാബി അധികൃതരിൽ നിന്ന് ലഭിച്ച സബ്‌സിഡി തുക തട്ടിയെടുത്തെന്നാരോപിച്ച് സിനിമാ സംവിധായകന്‍ അലി അബ്ബാസ് സഫറിനെതിരെ പൂജാ എന്‍റര്‍ടെയ്മെന്‍റിന്‍റെ വഷു ഭഗ്നാനിയും ജാക്കി ഭഗ്നാനിയും പൊലീസില്‍ പരാതി നല്‍കി. സഫറിനെതിരായ പരാതി സെപ്റ്റംബർ 3 നാണ് സമർപ്പിച്ചത് എന്നാണ് വിവരം. കേസില്‍ സംവിധായകനെ ഉടൻ തന്നെ മുംബൈയിലെ ബാന്ദ്ര പോലീസ് വിളിച്ചുവരുത്തിയേക്കും.
അലി അബ്ബാസ് സഫർ 9.50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും ബലപ്രയോഗം, ക്രിമിനൽ വിശ്വാസലംഘനം, കൊള്ളയടിക്കൽ, ബ്ലാക്ക്‌മെയിലിംഗ്, ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതിയിൽ ആരോപിച്ചു. അബുദാബിയിലെ ഒരു ഷെൽ കമ്പനി വഴിയാണ് സഫർ ഈ പണം തട്ടിയെടുത്തത് എന്നാണ് പരാതിയിൽ പറയുന്നത്.
ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായിരുന്നു അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു. 350 കോടി ബജറ്റിലെത്തിയ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രത്തിന് ലഭ്യമായ കണക്കുകള്‍ പ്രകാരം 60 കോടിക്ക് താഴെ മാത്രമാണ് നേടാനായത്.
ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പൂജ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് തങ്ങള്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നാരോപിച്ച് ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകര്‍ നേരത്തെ പരാതിയുമായി എത്തിയിരുന്നു.സമാന പരാതിയുമായി ചിത്രത്തിന്‍റെ സംവിധായകനും സംവിധായകരുടെ സംഘടനയെ സമീപിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയതിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ സംവിധായകനെതിരെ കേസ് നല്‍കിയ വിവരം പുറത്ത് എത്തുന്നത്.
നിര്‍മ്മാതാവ് വഷു ഭഗ്‍നാനി തനിക്ക് 7.30 കോടി രൂപ നല്‍കാനുണ്ടെന്ന് സംവിധായകന്‍ അലി അബ്ബാസ് സഫര്‍ സംവിധായകരുടെ സംഘടനയിലാണ് പരാതിപ്പെട്ടത്. ജൂലൈയില്‍ നല്‍കിയ പരാതി സംബന്ധിച്ച് ഇപ്പോഴാണ് വാര്‍ത്തകള്‍ എത്തുന്നത്. ജൂലൈ 31 ന് വിഷയത്തില്‍ ഇടപെടണമെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസ് എന്ന സംഘടനയോട് സംവിധായകരുടെ സംഘടന അഭ്യര്‍ഥിച്ചിരുന്നു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫെഡറേഷന്‍ നിര്‍മ്മാതാവിന് കത്തും നല്‍കി. എന്നാല്‍ അലി അബ്ബാസ് സഫറിന്‍റെ ആരോപണം പൂജ എന്‍റര്‍ടെയ്ന്‍മെന്‍റ് നിഷേധിക്കുകയായിരുന്നു.
പിന്നാലെയാണ് സബ്‌സിഡി തുക തട്ടിയെടുത്തെന്നാരോപിച്ച് സിനിമാ സംവിധായകന്‍ അലി അബ്ബാസ് സഫറിനെതിരെ പൂജാ എന്‍റര്‍ടെയ്മെന്‍റ് കേസ് നല്‍കിയത്.