ഇത്തവണത്തെ പൊങ്കാലയും ഇലക്ഷനും തമ്മിലെന്ത്?: സുരേഷ് ഗോപിയുടെ ഉത്തരം ഇങ്ങനെ.!
പൊങ്കാലയും തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്ന് സുരേഷ് ഗോപി പൊങ്കാലയിട്ട ശേഷം പറഞ്ഞു.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നിറവിലാണ് തലസ്ഥാന നഗരിയായ തിരുവനന്തപുരം. ആയിരക്കണക്കിന് പേരാണ് പൊങ്കാല അർപ്പിക്കാനായി വന്ന് ചേർന്നത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും ഭാര്യയും തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടില്‍ തന്നെയാണ് പൊങ്കാലയിട്ടത്. ഭാര്യ രാധിക പൊങ്കാലയിട്ടപ്പോള്‍ സാന്നിധ്യമായി ഉടനീളം സുരേഷ് ഗോപി ഉണ്ടായിരുന്നു.
പൊങ്കാലയും തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്ന് സുരേഷ് ഗോപി പൊങ്കാലയിട്ട ശേഷം പറഞ്ഞു. ഇത് ആചാരമാണ്. വീട്ടില്‍ ഭാര്യയും അമ്മയും പൊങ്കാലയിടുമ്പോള്‍ ഒപ്പം വന്നിരിക്കാന്‍ സമയവും സന്ദര്‍ഭവും കിട്ടുന്നത് ഒരു വരമാണ്. എല്ലാ വര്‍ഷവും കലണ്ടറില്‍ മാര്‍ക്ക് ചെയ്ത് തന്നെ ഇവിടെ ഉണ്ടാകാറുണ്ട്. ഇനിയും അങ്ങനെയാകണം എന്ന പ്രാര്‍ത്ഥനയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.
കുറച്ചുകാലമായി വീട്ടിന് മുന്നില്‍ തന്നെയാണ് പൊങ്കാല ഇടാറുള്ളത്. ഇത്തവണ വലിയ പ്രത്യേകതയൊന്നും ഇല്ല. മകളുടെ വിവാഹത്തിന് ശേഷം നടക്കുന്ന ആദ്യത്തെ പൊങ്കാലയാണ്. അവള്‍ അവളുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ പൊങ്കാല ഇടുന്നുണ്ട് - സുരേഷ് ഗോപിയുടെ ഭാര്യ രാധിക പറഞ്ഞു.
അതേ സമയം എല്ലാ വർഷത്തെയും പോലെ ഇത്തവണയും ചിപ്പി പൊങ്കാലയിടാന്‍ എത്തിയിരുന്നു. "ഓരോ തവണയും ആദ്യമായി പൊങ്കാല ഇടുമ്പോലെയാണ് എനിക്ക് തോന്നുന്നത്. എത്ര വര്‍ഷമായി ഞാന്‍ പൊങ്കാല ഇടാന്‍ തുടങ്ങിയതെന്ന് ചോദിച്ചാല്‍ അറിയില്ല. ഒത്തിരി വര്‍ഷമായി. ഞാന്‍ ഒരുപാട് തവണ പൊങ്കാലയ്ക്ക് വരുന്നുണ്ടെങ്കിലും ആകെ കണ്‍ഫ്യൂഷനാണ്. എല്ലാം എടുത്തോ ശരിയായോ പാകത്തിനാണോ എന്നൊക്കെ", എന്നാണ് ചിപ്പി പറഞ്ഞത്. മഴക്കാറ് ഉള്ളത് കൊണ്ട് ചൂടിന് ചെറിയ ശമനം ഉണ്ടെന്നും താരം പറയുന്നു.
അതേ സമയം അതേസമയം, പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെ രാവിലെ 10.30 ഓടെയാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായാത്. ഉച്ചയ്ക്ക് 2. 30ന് നിവേദ്യം നടന്നു. പൊങ്കാല ദിനം വിശ്വാസികളുടെ തിരക്കിലാണ് തിരുവനന്തപുരം നഗരമുടനീളം. രാവിലെ ചെറിയതോതിൽ ചാറ്റൽമഴയുണ്ടായെങ്കിലും മഴ തടസമായില്ല.
നഗരത്തിനുളളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരുന്നത്. മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഭക്തരുടെ തിരക്കിലാണ് നഗരം. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തുന്നുണ്ട്.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. നഗര പരിധിയിലുള്ള 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും. ചുറ്റുപാടുള്ള 6 സര്‍ക്കാര്‍ ആശുപത്രികള്‍, 10 സ്വകാര്യ ആശുപത്രികള്‍ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളായി പ്രവര്‍ത്തിക്കും.
'എത്ര തവണ വന്നെന്ന് എനിക്ക് തന്നെ അറിയില്ല'; പതിവ് മുടക്കാതെ പൊങ്കാലയിടാൻ ചിപ്പി എത്തി