പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തിയോ? പ്രചരിക്കുന്ന വീഡിയോയിലെ വസ്തുതയെന്ത്; വിശദീകരണവുമായി നടി
‘പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു’ എന്ന രീതിയിലുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.
ഒമർ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ 'മാണിക്യമലരായ പൂവെ..' എന്ന ഗാന രംഗമാണ് നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്. ഇതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം താരം അരങ്ങേറ്റം കുറിച്ചു. സിനിമാ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രിയ സജീവമാണ്. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.
‘പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു’ എന്ന രീതിയിലുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. തന്റെ അറിവോടെ എഴുതി ചേർത്ത അടിക്കുറിപ്പല്ല വീഡിയോയില്‍ ഉള്ളതെന്നും സുഹൃത്തുക്കളുമായുള്ള സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്നും പ്രിയ പറയുന്നു. ഏപ്രിലിൽ അപ്ലോഡ് ചെയ്ത പ്രിയയുടെ സുഹൃത്തുക്കളുടെ വ്ലോഗാണ് തെറ്റായ തരത്തിൽ പ്രചരിക്കുന്നത്. വീഡിയോയിൽ നിന്നുളള ചില ക്ലിപ്പുകൾ മാത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം.
"വ്ലോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സമൂഹമാധ്യമങ്ങളിൽ പല രീതിയിൽ പ്രചരിക്കുന്നത് കാണുവാനിടയായി. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവർ ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യമാണ്. വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ. കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്. അതിന്മേലുള്ള അഭിപ്രായങ്ങൾ നിങ്ങൾ നിങ്ങളിൽ തന്നെ ഒതുക്കുക", എന്നാണ് പ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona