'വേദനയോട് വളരെ സെന്‍സിറ്റീവ് ആണ് ഞാന്‍', സർജറിക്കായുള്ള ഒരുക്കത്തെക്കുറിച്ച് ആലിസ് ക്രിസ്റ്റി
കണ്ണിന് നടത്തേണ്ട ശസ്ത്രക്രിയയെക്കുറിച്ച് ആലീസ്
മിനിസ്‌ക്രീനിലെ മിന്നും താരമാണ് ആലീസ് ക്രിസ്റ്റി. പരമ്പരകളിലൂടെ ശ്രദ്ധ നേടിയ ആലീസ് സ്റ്റാര്‍ മാജിക്കിലും ശ്രദ്ധാകേന്ദ്രമാണ്. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് ആലീസ്. താരം പങ്കുവെക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ കണ്ണിന്റെ സര്‍ജറിയെക്കുറിച്ച് ആലീസ് പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്.
"അനസ്ത്യേഷ്യയുടെ ആവശ്യം ഒന്നും ഉണ്ടാവില്ല, വേദനയില്ലാത്ത സര്‍ജ്ജറിയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെങ്കിലും വേദനയുണ്ടാകുമോ എന്ന ടെന്‍ഷനിലാണ് ഞാന്‍. വേദനയോട് വളരെ സെന്‍സിറ്റീവായ ആളാണ്. വേദന ഒട്ടും സഹിക്കാന്‍ പറ്റില്ല". അതേസമയം, അനസ്ത്യേഷ്യ ഇല്ലാതെ എങ്ങനെയാണ് പെയിന്‍ലെസ്സ് സര്‍ജ്ജറി എന്ന് അറിയില്ലെന്നും ആലീസ് പറയുന്നുണ്ട്. സര്‍ജ്ജറി കഴിഞ്ഞാല്‍ കുറച്ച് ദിവസത്തേക്ക് ഫോണും ലാപ്പും ഒന്നും ഉപയോഗിക്കാന്‍ കഴിയില്ലെന്നും ആലീസ് പറയുന്നു. അതോടെ തന്റെ ജോലിയെല്ലാം കുറച്ച് ദിവസത്തേക്ക് മാറ്റി വെക്കേണ്ടി വരും ആലീസിന്.
അതേസമയം തന്റെ സര്‍ജറിയ്ക്ക് കൂട്ടിരിക്കാന്‍ പപ്പയും മമ്മയും വന്നിട്ടുണ്ടെന്നും ആലീസ് അറിയിക്കുന്നു. ഇരുവരും ആദ്യമായാണ് കൊച്ചിയില്‍ തനിക്കൊപ്പം താമസിക്കാന്‍ വരുന്നതെന്നും ആലീസ് പറയുന്നുണ്ട്. "സര്‍ജ്ജറി കഴിഞ്ഞാല്‍ കുറച്ച് ദിവസം പൂര്‍ണമായും വിശ്രമം വേണം. മേക്കപ്പ് ഒന്നും ഇടാന്‍ സാധിയ്ക്കില്ല". അതുകൊണ്ട് ഏറ്റെടുത്ത ഷോകളില്‍ നിന്നെല്ലാം ബ്രേക്ക് എടുത്തുവെന്നും ആലീസ് അറിയിച്ചു. കൂടാതെ നേരത്തെ പൂര്‍ത്തിയാക്കേണ്ട പ്രമോഷന്‍ ജോലികള്‍ എല്ലാം ചെയ്തു തീര്‍ത്തുവെന്നാണ് ആലീസ് പറയുന്നത്.
നേരത്തെ ആലീസ് പങ്കുവച്ച വീഡിയോയും ചര്‍ച്ചയായി മാറിയിരുന്നു. വലിയ പ്രതീക്ഷയോടെ ഡോക്ടറെ കാണാന്‍ പോയി, പക്ഷെ റിസള്‍ട്ട് പോസിറ്റീവ് അല്ലെന്നായിരുന്നു ആ വീഡിയോയ്ക്ക് ആലീസ് നല്‍കിയ തലക്കെട്ട്. സര്‍ജറിയിലൂടെ കണ്ണട വെക്കുന്നത് അവസാനിപ്പിക്കാം എന്നു കരുതിയായിരുന്നു ആലീസ് പോയത്. എന്നാല്‍ അതിനായുള്ള ടെസ്റ്റില്‍ ഒരെണ്ണം നെഗറ്റീവ് ആയി. ഇതോടെ ആ ചികിത്സ കഴിഞ്ഞാല്‍ മാത്രമേ സര്‍ജറി ചെയ്യാന്‍ സാധിക്കൂ എന്ന അവസ്ഥയായെന്നാണ് ആലീസ് പറഞ്ഞത്.