'സിനിമയ്ക്ക് പോലും ശ്രദ്ധിക്കാതെ എപ്പോഴും ബൈക്ക് യാത്രയില്‍': വിമര്‍ശനത്തിന് അജിത്തിന്‍റെ മറുപടി -വീഡിയോ
തന്റെ പുതിയ റേസിംഗ് ടീമുമായി അജിത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനാണോ എന്ന ചോദ്യം ഉയരുന്നു. യാത്രകളുടെ പ്രാധാന്യം വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയും ശ്രദ്ധ നേടുന്നു.
ചെന്നൈ: തമിഴ് സിനിമ രംഗത്ത് തല എന്ന് അറിയിപ്പെടുന്ന സൂപ്പര്‍താരമാണ് അജിത്ത്. എന്നാല്‍ തനിക്ക് ലഭിക്കുന്ന സ്റ്റാര്‍ പദവിക്ക് അനുസരിച്ച് അജിത്ത് ചിത്രങ്ങള്‍ എടുക്കുന്നില്ലെന്ന് പൊതുവില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് പരിഭവമുണ്ട്. ഒപ്പം പലപ്പോഴും സിനിമയെക്കാള്‍ പ്രധാന്യം അജിത്ത് മറ്റ് പലകാര്യങ്ങള്‍ക്കും പ്രത്യേകിച്ച് കാര്‍ റൈസ്, ബൈക്ക് റൈഡുകള്‍ക്ക് നല്‍കുന്നു എന്ന പരാതിയും ഉണ്ട്.
അതില്‍ കാര്യം ഇല്ലാതില്ല, എന്നതാണ് കോളിവുഡിലെ സംസാരം. 2023 ജനുവരിയിലാണ് അജിത്തിന്‍റെ അവസാന ചിത്രം ഇറങ്ങിയത്. തുനിവ് എന്ന ഹീസ്റ്റ് ത്രില്ലര്‍ എന്നാല്‍ ശരാശരി വിജയമാണ് നേടിയത്. തുടര്‍ന്ന് പ്രഖ്യാപിച്ച വിഡാമുയര്‍ച്ചി എന്ന ചിത്രം അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. അതിനൊപ്പം ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും ഇപ്പോള്‍ ചിത്രീകരണം നടക്കുകയാണ്. വിഡാമുയര്‍ച്ചി ഡിസംബറില്‍ എത്തുമെന്നാണ് വിവരം.
അതേ സമയം അജിത്ത് അടുത്തിടെ തന്റെ റേസിംഗ് ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. അജിത്ത് കുമാര്‍ റേസിംഗ് എന്നാണ് ടീമിന്റെ പേരെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.ഫാബ്യൻ ഡുഫ്ലീക്സാണ് ഒഫിഷ്യല്‍ ഡ്രൈവര്‍. റേസിംഗ് സീറ്റില്‍ താരവും ഉണ്ടാകും. 2024 യൂറോപ്യൻ ജിടിഫോര്‍ ചാമ്പ്യൻഷിപ്പിലാണ് താരം പങ്കെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അജിത്ത് കുമാറിന്റെ മാനേജര്‍ ആണ് ടീമിന്റെ പേര് പ്രഖ്യാപിച്ചതും വിശദാംശങ്ങള്‍ വിവരിച്ചതും.
ഈ വാര്‍ത്ത വന്നതിന് പിന്നാലെ വിജയ്‍ക്ക് പിന്നാലെ അജിത്തും സിനിമ വിടുമോ എന്ന ചര്‍ച്ച സജീവമാണ്. അതേ സമയം തന്നെയാണ് എന്തുകൊണ്ടാണ് രാജ്യങ്ങള്‍ താണ്ടുന്ന വലിയ ബൈക്ക് റൈഡുകള്‍ നടത്തുന്നത് എന്ന് വിശദീകരിക്കുന്ന അജിത്തിന്‍റെ വീഡിയോ വൈറലാകുന്നുണ്ട്. ബൈക്കിംഗ് പ്രേമികൾക്കായി മോട്ടോർ സൈക്കിൾ ടൂറിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ച വീനസ് മോട്ടോർസൈക്കിൾ ടൂർസ് എന്ന കമ്പനി നടത്തുന്നുണ്ട് അജിത്ത്. അതിന്‍റെ പ്രമോഷന്‍ വീഡിയോയിലാണ് അജിത്ത് ഇത് വിശദീകരിക്കുന്നത്.
യാത്രയാണ് വിദ്യാഭ്യാസത്തിന്‍റെ ഏറ്റവും നല്ല രൂപമെന്നും അജിത്ത് വീഡിയോയിൽ പറയുന്നു. "നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളെ വെറുക്കാൻ മതം നിങ്ങളെ പ്രേരിപ്പിക്കുന്നു" എന്ന വാക്യം ഉദ്ധരിക്കുന്ന അജിത്ത്, ആളുകൾ പലപ്പോഴും മറ്റുള്ളവരെ മതത്തിന്‍റെയും ജാതിയുടെയോ അടിസ്ഥാനത്തിൽ അവരെ അറിയാതെ മുന്‍ധാരണകള്‍ വിധിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഇതെല്ലാം മാറാന്‍ ആളുകളെ കണ്ടും അറിഞ്ഞും സംസ്കാരത്തെ അറിഞ്ഞും യാത്രകള്‍ ചെയ്യണമെന്ന് വീഡിയോയില്‍ അജിത്ത് പറയുന്നു.
പലപ്പോഴും സിനിമകള്‍ക്ക് അപ്പുറം അജിത്ത് ഇത്തരം യാത്രങ്ങള്‍ ഇഷ്ടപ്പെടുന്നതിന്‍റെ കാരണവും ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.
'ആര്‍ യൂ ഓക്കെ ബേബി': കത്രീനയുടെ വൈറല്‍ ചിത്രത്തിന് ആശങ്കയോടെ ആരാധകര്‍; ഒടുവില്‍ സത്യം കണ്ടെത്തി !
280 കോടി രൂപയുടെ ആസ്തിയുള്ള അഭിഷേക് ബച്ചൻ എസ്ബിഐ മാസം നല്‍കും 1800000 രൂപ; കാരണം ഇതാണ് !