21ാം വയസിൽ രണ്ട് കുട്ടികളുടെ അമ്മ; ആഗ്രഹിച്ചത് ഡോക്ടറാകാൻ, എത്തിയത് ബിഗ് സ്ക്രീനിൽ; ശ്രീലീലയുടെ ജീവിതം
ബൈ ടു ലവ് എന്ന കന്നഡ ചിത്രത്തിൽ ചെറിയ പ്രായത്തിൽ അമ്മയാകുന്ന പെൺകുട്ടിയായി നടി അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനം.
ഡാൻസ് കൊണ്ടും സ്ക്രീൻ പ്രെസൻസ് കൊണ്ടും വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കിയ താരമാണ് ശ്രീലീല. ഗുണ്ടൂർകാരം എന്ന മഹേഷ് ബാബു ചിത്രത്തിലൂടെയാകും ഒരുപക്ഷേ മലയാളികൾക്ക് ശ്രീലീല സുപരിചിതയായത്. ചടുലമായ നൃത്തച്ചുവടുകളുമായി സ്ക്രീനിൽ എത്തിയ താരം ഇന്ന് പുഷ്പ 2വിൽ അല്ലു അർജുനൊപ്പം ചുവടുവച്ചിരിക്കുകയാണ്. ചിത്രത്തിലെ കിസ്സിക്ക് ഗാനം ഇതിനകം പ്രേക്ഷക ശ്രദ്ധനേടിയും കഴിഞ്ഞു. ഓൺ സ്ക്രീനിൽ തിളങ്ങുന്ന ശ്രീലീല ജീവിതത്തിലും നായികയാണ്. ഓരോ മനുഷ്യനും പ്രചോദനവുമാണ്.
ഗൈനക്കോളജിസ്റ്റായ സ്വര്‍ണലതയുടെയും ഇന്‍ഡസ്ട്രിയലിസ്റ്റായ സുരപനേനി സുധാകര റാവുവിന്റെയും മകളായി 2001ൽ ആയിരുന്നു ശ്രീലീലയുടെ ജനനം. ഇവർ ജനിക്കുന്നതിന് മുൻപ് തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു. അമ്മയ്ക്കൊപ്പം വളർന്ന ശ്രീലീലയുടെ ആഗ്രഹം ഡോക്ടർ ആകണമെന്നായിരുന്നു. എന്നാൽ ഇതിനിടയിൽ എപ്പോഴോ ആണ് സിനിമാ മോഹം അവളുടെ മനസിൽ ഉടലെടുത്തത്. എന്നാൽ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചു. പക്ഷേ ശ്രീലീലയുടെ സ്വപ്നത്തിന് മുന്നിൽ വീട്ടുകാർക്ക് വഴിമാറിക്കൊടുക്കേണ്ടി വന്നു.
അങ്ങനെ 2017ൽ ചിത്രഗന്ദ എന്ന സിനിമയിലൂടെയാണ് ശ്രീലീല വെള്ളിത്തിരയിൽ എത്തുന്നത്. സിനിമയ്ക്ക് ഒപ്പം തന്നെ പഠനവും മുന്നോട്ട് കൊണ്ടുപോയി. 2019ൽ റിലീസ് ചെയ്ത കന്നഡ ചിത്രം കിസ് ആയിരുന്നു താരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്. വൻ വിജയം നേടിയ ചിത്രം നൂറ് ദിവസം തിയറ്ററുകളിൽ ഓടിയിരുന്നുവെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച താരം തെലുങ്കിലും ചുവടുവച്ചു.
സിനിമകളെ നശിപ്പിക്കാൻ ശ്രമം, റിവ്യൂകള്‍ തടയണം; തമിഴ് നിർമാതാക്കൾ ഹൈക്കോടതിയിൽ
ഇതിനിടെ ആയിരുന്നു ശ്രീലീല ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ദത്തെടുത്തത്. 2022ൽ ആയിരുന്നു ഇത്. ബൈ ടു ലവ് എന്ന കന്നഡ ചിത്രത്തിൽ ചെറിയ പ്രായത്തിൽ അമ്മയാകുന്ന പെൺകുട്ടിയായി നടി അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനം. ദത്തിലൂടെ രണ്ട് കുട്ടികളുടെ അമ്മയാകുമ്പോൾ ശ്രീലീലയുടെ പ്രായം 21 വയസായിരുന്നു. ആണ്‍കുട്ടിയെയും പെൺകുട്ടിയെയുമാണ് ദത്തെടുത്തത്. കൂടാതെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും അവര്‍ നടത്തുന്നുണ്ട്. അതേസമയം, ബോളിവുഡിൽ ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലീല എന്നാണ് റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം