ഹണി റോസിന്റെ വരവ് ആഘോഷമാക്കി അയർലന്റ്; സെൽഫി എടുത്ത് മന്ത്രി, വൈറൽ
പരിപാടിയിൽ പങ്കെടുത്ത അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ഹണിക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു.
മലയാളികളുടെ പ്രിയ താരസുന്ദരിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറേക്കാലമായി ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. താരത്തിന്റെ ഉദ്ഘാടന വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ വിദേശത്ത് ഉദ്ഘാടനത്തിന് എത്തിയിരിക്കുക ആണ് ഹണി.
അയര്‍ലന്‍റിൽ ആണ് ഹണി റോസ് ഉദ്ഘാടനത്തിനായി എത്തിയത്. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഇവിടെ എത്തിയത്. കുടുംബവും ഹണിക്കൊപ്പം ഉണ്ടായിരുന്നു. ആദ്യമായി അയര്‍ലന്‍റിൽ എത്തിയ ഹണിയെ കാണാന്‍ നിരവധി മലയാളികളാണ് പരിപാടിക്ക് എത്തിച്ചേർന്നത്.
പരിപാടിയിൽ പങ്കെടുത്ത അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ഹണിക്കൊപ്പം സെൽഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. 4000ത്തില്‍ അധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തെന്ന് മന്ത്രി പോസ്റ്റിൽ കുറിക്കുന്നു.
അതേസമയം, അയര്‍ലന്റിൽ ഇത്രയും മലയാളികളെ പ്രതീക്ഷിച്ചിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന്, മലയാളികള്‍ ഇല്ലാത്ത സ്ഥലമുണ്ടോ ?. അയർലന്റിലെ കാലാവസ്ഥ ഇഷ്ടപ്പെട്ടെന്നും ഇവിടെ കുറേ കാലം നില്‍ക്കാൻ ആഗ്രഹമുണ്ടെന്നും ഹണി പറഞ്ഞിരുന്നു. എന്തായാലും വെള്ള സാരിയും ഓഫ് ഷോള്‍ഡര്‍ ബ്ലൗസും ധരിച്ചെത്തിയ ഹണിയുടെ ഫോട്ടോകളും വീഡിയോകളും വൈറലാണ്.
വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ടതാണ്. മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ ആണ് ഹണിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള സിനിമ. ലക്കി സിംഗ് ആയി മോൻലാൽ തകർത്താടിയ ചിത്രത്തിലെ ഹണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രവാസി മലയാളികൾക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്; കയ്യടിച്ച് കേരളക്കര
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..