നീണ്ട മുടിയും താടിയും, തീരെ മെലിഞ്ഞ രൂപം, വേറിട്ട ലുക്കിൽ വിക്രം; 'പി എസ്' ടീം ഫോട്ടോ വൈറൽ
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന് വേണ്ടിയാണ് വിക്രമിന്റെ ഈ രൂപമാറ്റം.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ആയിരുന്നു പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്തത് മണിരത്നം ആണ്. കഴിഞ്ഞ സെപ്റ്റംബറിൽ റിലീസിനെത്തിയ പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. വൻതാരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിലും മിന്നും വിജയം സ്വന്തമാക്കി. നിലവിൽ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങള്‍ എത്തിയതിന്റെ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്.
വിക്രം, കാര്‍ത്തി, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. എന്നാല്‍ ഫോട്ടോയിലെ വിക്രമിന്റെ ലുക്കാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. നീണ്ട മുടിയും താടിയും, തീരെ മെലിഞ്ഞ രൂപവും. സ്റ്റൈലന്‍ ലുക്ക്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന് വേണ്ടിയാണ് വിക്രമിന്റെ ഈ രൂപമാറ്റം. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നുണ്ട്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്റെ' കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂർത്തിയാണ്.
അതേസമയം, ഏപ്രിൽ 28ന് ആണ് പൊന്നിയിൻ സെൽവൻ 2 റിലീസിന് എത്തുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. വൻതാരനിര അണിനിരന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. രണ്ടാം ഭാഗവും ഇത്രയും ഭാഷകളിൽ തന്നെ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിലാണ് ചിത്രത്തിന്റെ യഥാർത്ഥ കഥ പറയാനിരിക്കുന്നതെന്നാണ് വിവരം. പിഎസ്-1 കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് പിഎസ്-2 ൻ്റെയും കേരളത്തിലെ വിതരണക്കാർ.