'ഞാന്‍ പത്താം ക്ലാസ് പാസ്സാകില്ലെന്ന് വീട്ടില്‍ ബെറ്റ് വരെ ഉണ്ടായിരുന്നു'; ഓര്‍മ്മ പങ്കുവച്ച് നടന്‍ സൂരജ് സണ്‍
എസ് എസ് എൽ സി പരീക്ഷയിൽ മാർക്ക് കുറഞ്ഞവരോട് സൂരജിന് പറയാനുള്ളത്
മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന സീരിയല്‍ നേടിക്കൊടുത്ത പ്രശസ്തിയാണ് നടന്റെ മുന്നോട്ടുള്ള കരിയറിന് തന്നെ ഗുണമായത്. നിലവില്‍ സീരിയലില്‍ നിന്ന് മാറി സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് താരം. ഇടയില്‍ ആല്‍ബങ്ങളും ചെയ്ത് വരുന്നു.
ഇപ്പോഴിതാ, എസ് എസ് എൽ സി പരീക്ഷയിൽ മാർക്ക് കുറഞ്ഞവരെയും തോറ്റവരെയും എല്ലാം ആശ്വസിപ്പിക്കുകയാണ് താരം. താനും അവരിൽ ഒരാളാണ്, അതുകൊണ്ട് അവരെ ആശ്വസിപ്പിക്കേണ്ട കടമ തനിക്കുണ്ടെന്നാണ് സൂരജ് പറയുന്നത്. 'പത്താം ക്ലാസ് പാസ്സായില്ലെങ്കില്‍ ലൈസൻസ് കിട്ടില്ലെന്ന് അന്നത്തെ കാലത്ത് പറയും. അതുകൊണ്ട് ലൈസൻസിന് വേണ്ടി അടുത്തിരുന്ന കൂട്ടുകാരന്റെ കാല് പിടിച്ചും കോപ്പിയടിച്ചുമാണ് ഞാൻ പാസായത്. എസ് എസ് എൽ സി ഞാൻ പാസ്സാകില്ലെന്ന് പറഞ്ഞ് വീട്ടിൽ ബെറ്റ് വരെ ഉണ്ടായിരുന്നു. അതൊക്കെ പക്ഷേ എങ്ങനെയോ കഴിഞ്ഞു പോയി' എന്നാണ് ആ കാലത്തെ കുറിച്ച് സൂരജ് ഓർമിക്കുന്നത്.
മാർക്ക് കുറഞ്ഞതിന്റെ പേരിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടൻ പറയുന്നുണ്ട്. 'നമുക്കൊരു ഫൈനൽ സ്റ്റേജ് ഉണ്ട്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ അവിടെ എത്താതിരിക്കില്ല. അവിടെ ചിലപ്പോൾ ഇപ്പോൾ മാർക്ക് കുറഞ്ഞവനോ തോറ്റുപോയാവനോ ആയിരിക്കും ഒന്നാമത് എത്തുന്നത്. പഠിക്കുന്നത് മാത്രം പോരാ ഈ ലോകത്ത്'. അതുകൊണ്ട് മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആരും കുഞ്ഞുങ്ങളെ വഴക്ക് പറയരുതെന്നും താരം കൂട്ടിച്ചേർക്കുന്നു.
നേരത്തെയും മോട്ടിവേഷണൽ വീഡിയോകൾ താരം പങ്കുവെച്ചിട്ടുണ്ട്. പുതിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. എല്ലാവരും എ പ്ലസ് കാരുടെ പിറകെ പോകുമ്പോൾ തോറ്റവരെക്കുറിച്ച് ഓർത്ത സൂരജിന് നിറഞ്ഞ കൈയടിയാണ് ആരാധകർ നൽകുന്നത്.
ALSO READ : മത്സരാര്‍ഥികള്‍ക്കുള്ള സൂചനകള്‍; ബിഗ് ബോസ് ഷോയില്‍ അജു വര്‍ഗീസ്